തിരുവനന്തപുരം: കേരളത്തില്‍ എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസ് വരുമെന്നത് താന്‍ നല്കിയ വാക്കാണെന്നും അതിന് തറക്കല്ലെങ്കിലും ഇടാതെ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ വരില്ലെന്നും കേന്ദ്രമന്ത്രി. എയിംസിന് കേന്ദ്രമന്ത്രി ജെ പി നദ്ധ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത് മുന്‍ഗണനയെ കുറിച്ചാണ്. അതിന് ഹൈക്കോടതി മറുപടിയും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ എയിംസ് സ്ഥാപിക്കാനുള്ള അഞ്ച് സ്ഥലങ്ങളുടെ പ്രൊപ്പോസല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി പ്രതികരിച്ചത്. സ്ഥലം നല്ക്കുന്നത് അനുസരിച്ച് ഉചിതമായ സമയത്ത് കേന്ദ്രം കേരളത്തിന് എയിംസ് നല്‍കുമെന്നും സുരേഷ് ഗോപി ന്യായീകരിച്ചു. എയിംസിനായി കാര്‍ഷിക സര്‍വകലാശാലയുടെ തൃശൂരിലെ ഭൂമി ഉള്‍പ്പെടെ ഉണ്ടെന്നും അക്കാര്യം തിരുവനന്തപുരത്ത് ഒരു യോഗത്തില്‍ വെച്ച് താന്‍ കെ മുരളീധരനോട് പറഞ്ഞതാണ്. എന്നിട്ടും അത്തരം പ്രൊപ്പോസല്‍സ് ഒന്നും കേരളം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം, കേരളത്തില്‍ എയിംസ് അനുവദിക്കുന്നത് മുന്‍ഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരിക്കുകയാണ്. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് ആദ്യ പരിഗണനയെന്നും കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എയിംസ് അനുവദിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്.
Content Highlights: Union Minister Suresh Gopi has reiterated that AIIMS will be established in Kerala, reaffirming the Centre’s plans for the state.