കൊച്ചി: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ ആർ സുഗതന് ആശ്വാസം. കാപ്പാ കേസിലെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി. ആര് സുഗതനെ ജയിലിൽ നിന്ന് വിട്ടയയ്ക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. സുഗതന്റെ ഭാര്യ അശ്വതി ജി.ആർ. സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലായിരുന്നു കോടതി വിധി പറഞ്ഞത്.
'Known rowdy' ആയി മുദ്രകുത്തി തിരുവനന്തപുരം ജില്ലാ കളക്ടർ പുറപ്പെടുവിച്ച തടങ്കൽ ഉത്തരവും അതിന് അംഗീകാരം നൽകിയ സർക്കാർ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. തടവുകാരൻ സർക്കാരിന് നൽകിയ നിവേദനങ്ങൾ സ്വതന്ത്രമായി പരിഗണിക്കാതെ, കാപ്പ അഡ്വൈസറി ബോർഡിന്റെ റിപ്പോർട്ടിനായി സർക്കാർ കാത്തിരുന്നത് ഭരണഘടനയുടെ അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. തടങ്കൽ ഉത്തരവിന് അടിസ്ഥാനമാക്കിയ അവസാന കേസിൽ ഹൈക്കോടതി തടവുകാരന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ഈ ജാമ്യവ്യവസ്ഥകൾ ഭാവിയിലെ കുറ്റകൃത്യങ്ങൾ തടയാൻ പര്യാപ്തമാണോ എന്ന് അധികാരികൾ വിലയിരുത്തിയില്ല. തടവുകാരന് നൽകിയ രേഖകളിൽ പല പേജുകളും വിട്ടുപോയതായും നിരവധി പേജുകൾ വായിക്കാൻ സാധിക്കാത്തവിധം മങ്ങിയതുമായിരുന്നു. ഇത് സ്വന്തം ഭാഗം വിശദീകരിച്ച് നിവേദനം നൽകാനുള്ള തടവുകാരന്റെ നിയമപരമായ അവകാശത്തെ തടസ്സപ്പെടുത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി.
തടവുകാരനെതിരെയുള്ള കേസുകളുടെ യഥാർത്ഥ അവസ്ഥ (കൗണ്ടർ കേസ് നിലവിലുണ്ടായിരുന്നത്, ജാമ്യം റദ്ദാക്കൽ ഹർജി കോടതി മടക്കിയത്, ക്രിമിനൽ നടപടിക്രമങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തത് എന്നിവ) തടങ്കൽ ഉത്തരവിൽ കൃത്യമായി ഉൾക്കൊള്ളിക്കാതെ ലാഘവത്തോടെയാണ് ഉത്തരവിറക്കിയതെന്ന് കോടതി കണ്ടെത്തി. ഹർജി അനുവദിച്ചുകൊണ്ട് തടങ്കൽ ഉത്തരവുകൾ പൂർണ്ണമായും റദ്ദാക്കുകയും മറ്റ് കേസുകളിൽ ആവശ്യമില്ലെങ്കിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സുഗതനെ ഉടനടി വിട്ടയക്കാൻ ജയിൽ സൂപ്രണ്ടിനോട് നിർദ്ദേശിക്കുകയും ചെയ്തു. (ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് മുരളീകൃഷ്ണ എസ് എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
Content H R Sugathan, who was lodged in jail under a KAPA Act case, has been granted bail