ന്യൂഡല്‍ഹി: പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക് അടൂർ പ്രകാശ് പരാതി നൽകിയതിനെ കുറിച്ച് അറിയില്ലെന്ന് കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്. പരാതിയെക്കുറിച്ച് അടൂര്‍ പ്രകാശിനോട് തന്നെ ചോദിക്കണം. യുഡിഎഫിലെ ഭിന്നത പരിഹരിച്ച് മുന്നോട്ടുപോകും. താനും ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ചര്‍ച്ച ചെയ്തത് സംഘടനാപരമായ കാര്യങ്ങള്‍ മാത്രമാണ്. ഡല്‍ഹിയിലെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇന്ന് മടങ്ങാനിരുന്നതാണ്. മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയിലേക്ക് വരുന്നതിനാല്‍ ഇന്ന് നാട്ടിലേക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയില്‍ പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രിയോടൊപ്പം നാളെ കേന്ദ്രവൈദ്യുതി മന്ത്രിയെ കാണുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തില്‍ തുടര്‍ സമരങ്ങളെ കുറിച്ച് ഗൗരവമായ ചര്‍ച്ച നടത്തിയതായും സണ്ണി ജോസഫ് പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് തലത്തില്‍ ഒറ്റയ്ക്ക് സമരം നടത്തും. സിപിഐഎമ്മുമായി സഹകരിച്ച് സമരം നടത്തല്‍ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫിലെ പടലപിണക്കത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കവും അടൂര്‍ പ്രകാശ് ഉയര്‍ത്തിയ വിമര്‍ശനങ്ങളും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്തുവരികയാണ്. കണ്‍വീനര്‍ എന്ന നിലയില്‍ തന്നെ നോക്കുകുത്തിയാക്കുകയാണെന്നാണ് അടൂര്‍ പ്രകാശ് മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് പരാതിപ്പെട്ടിരുന്നു. യുഡിഎഫില്‍ യാതൊരു കൂടിയാലോചനയും ഉണ്ടായില്ലെന്നും യുഡിഎഫ് യോഗം ചേരാന്‍ കഴിഞ്ഞില്ലെന്നും അടൂര്‍ പ്രകാശ് ആരോപിച്ചിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒറ്റത്തവണയേ ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്നിട്ടുള്ളൂ. ആര്‍ക്കെങ്കിലും സ്ഥാനമാനങ്ങള്‍ കൊടുത്തതില്‍ എതിരല്ല. കൂട്ടായ ചര്‍ച്ചയിലൂടെ വേണമായിരുന്നു തീരുമാനമെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.
Content Highlights: Sunny Joseph said he was unaware of the complaint raised by Adoor Prakash with Mallikarjun Kharge and expressed confidence that the differences within the UDF would be resolved