തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്ന് കടുത്ത വിവേചനം നേരിടുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ എംഎല്‍എമാര്‍. മാവേലിക്കരയിലെ നിരവധി വിഷയങ്ങള്‍ മൂന്നുമാസമായി ഉന്നയിച്ചിട്ടും ഇടപെടല്‍ ഉണ്ടായില്ലെന്ന് എം എസ് അരുണ്‍കുമാര്‍ കുറ്റപ്പെടുത്തി. മന്ത്രിമാരെ വിളിച്ചാല്‍ ഫോണില്‍ പോലും കിട്ടാറില്ലെന്ന് കല്ല്യാശേരി എംഎല്‍എ എം വിജിനും റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഫണ്ട് അലോക്കേഷനില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലങ്ങളെ അവഗണിക്കുന്നുവെന്ന ആരോപണവുമായി വി ജോയി എംഎല്‍എയും രംഗത്ത് എത്തിയിട്ടുണ്ട്. അടിസ്ഥാന വികസനത്തിന് പോലും തുക അനുവദിക്കുന്നില്ലെന്ന് സി കെ ഹരീന്ദ്രന്‍ എംഎല്‍എയും റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
മാവേലിക്കരയുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങള്‍ മൂന്നുമാസമായി ഉന്നയിക്കുന്നു. ഒരാളുടെയും ഭാഗത്തുനിന്ന് ഒരിടപെടലും ഉണ്ടായില്ലെന്ന് എം എസ് അരുണ്‍ കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ആശുപത്രി, എക്സൈസ്, പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പല വിഷയങ്ങളും ചോദിച്ചു, ഒരു മറുപടിയും ഇതുവരെ വന്നില്ല. പ്രതിപക്ഷ എംഎല്‍എമാരോട് ഇതാണ് അവസ്ഥ. പ്രതിപക്ഷത്തോട് പിണറായി വിജയന് സര്‍ക്കാരിന് ഈ സമീപനം ആയിരുന്നില്ല ഉണ്ടായിരുന്നത്. കിഫ്ബി എന്ന പദ്ധതിയിലൂടെ ഒരുപാട് നേട്ടങ്ങള്‍ പാര്‍ട്ടി വ്യത്യാസങ്ങളില്ലാതെ എംഎല്‍എമാര്‍ക്ക് ലഭിച്ചു. ഇക്കാര്യം വ്യക്തമാക്കുന്നതായിരുന്നു ഇന്നത്തെ പൊതുമരാമത്ത് മന്ത്രി അന്ന് നിയമസഭയില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍. അങ്ങനെ ഒരു ശ്രദ്ധ ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നില്ല. ബിജെപിയുടെ കോളുകള്‍ മാത്രമേ മന്ത്രിമാർ സ്വീകരിക്കുകയുള്ളൂവെന്നും എം എസ് അരുണ്‍ കുമാര്‍ കുറ്റപ്പെടുത്തി.
മണ്ഡലത്തിന് വേണ്ടി കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച അഞ്ച് കോടിയോളം രൂപയാണ് ഈ ബജറ്റില്‍ ഒഴിവാക്കിയതെന്ന് എം വിജിന് ചൂണ്ടിക്കാട്ടി. വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാന്‍ മന്ത്രിമാര്‍ തയ്യാറാകാറില്ല. ഭരണപക്ഷത്തിലെ ചില എംഎല്‍എമാരും ഇതേ അഭിപ്രായം തങ്ങളുമായി പങ്കുവെച്ചു. ബിജെപി നേതാക്കള്‍ വിളിച്ചാല്‍ മന്ത്രിമാരെ ഉടന്‍ ഫോണില്‍ കിട്ടുമെന്നും വിജിന് പരിഹസിച്ചു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് ഒരു രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പണം അനുവദിച്ചിട്ടില്ലെന്ന് വി ജോയ് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റേത് പക്ഷപാതിത്വപരമായ നടപടിയാണ്. ഈ സര്‍ക്കാരിന്റെ വികസനം വാചകമടിയില്‍ മാത്രമാണെന്നും വി ജോയ് വിമര്‍ശിച്ചു. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തേത് പോലെയല്ല സംസ്ഥാനത്തെ വികസനം ഇപ്പോള്‍ മുന്നോട്ട് പോകുന്നതെന്ന് സി കെ ഹരീന്ദ്രന്‍ എംഎല്‍എയും പ്രതികരിച്ചു.
Content Highlights: Opposition MLAs have alleged discrimination by the Kerala government, citing delays in addressing constituency issues and inadequate fund allocation.