തിരുവനന്തപുരം: ലൈംഗിക അതിക്രമത്തിനിരയായ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ പ്രതികാര നടപടിയെന്ന് പരാതി. ഉദ്യോഗസ്ഥയെ ചട്ടവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ഉയരുന്ന വിമര്‍ശനം. ഡെപ്യൂട്ടേഷന് പൂര്‍ത്തിയാക്കാതെ കൊല്ലത്ത് നിന്ന് കൊച്ചി സിറ്റിയിലേക്കാണ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത്. കോണ്‍ഗ്രസ് അനുകൂല പൊലീസ് സംഘടനാ നേതാവില്‍ നിന്നാണ് ഉദ്യോഗസ്ഥ ലൈംഗിക അതിക്രമം നേരിട്ടത്. സംഭവത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായിരുന്ന നവാസിനെതിരെ ചവറ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ എഫ്ഐആര്‍ ഇട്ടിരുന്നു.
സ്ഥലംമാറ്റത്തിനെതിരെ പരാതിക്കാരി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണ്. അതേസമയം കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ സസ്പെഷന് പിന്‍വലിച്ച് മാതൃ ജില്ലയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പരാതിക്കാരിക്കെതിരായ പ്രതികാര നടപടി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് വരെ പ്രതി സസ്പെന്‍ഷനില്‍ തുടരുകയായിരുന്നു. ഭരണമാറ്റത്തിന് ശേഷമാണ് ഇയാള്‍ സര്‍വീസിലേക്ക് തിരിച്ചെത്തുന്നത്. മാതൃ ജില്ലയായ ആലപ്പുഴയില്‍ ട്രാഫിക്കിലേക്കാണ് ഇയാള്‍ക്ക് സ്ഥലംമാറ്റം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ നവംബര്‍ മാസത്തില്‍ ആയിരുന്നു അതിക്രമം ഉണ്ടായത്. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത സിവില്‍ പൊലീസ് ഓഫീസറെ ലൈംഗിക അതിക്രമ ലക്ഷ്യം വെച്ച് കടന്ന് പിടിച്ചതായാണ് കേസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യം അടക്കം ലഭിച്ചിട്ടും ചില മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം നവാസിനെ സംരക്ഷിക്കാന്‍ ശ്രമിച്ചതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. മതിയായ വകുപ്പുകള്‍ ചേര്‍ക്കാതെയുള്ള എഫ്ഐആര്‍ ആയിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. കൂടാതെ തൊഴിലിടത്തില്‍ നേരിട്ട അതിക്രമത്തില്‍ പോഷ് ആക്ട് ഇട്ടില്ലെന്നും പരാതി ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചെന്നും ആരോപണമുണ്ട്.
Content Highlights: A complaint has alleged retaliatory action against a woman police officer following a complaint against senior civil police officer Navas. The officer was reportedly transferred from Kollam to Kochi City before completing her deputation, prompting criticism over the procedure.