തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് ബിജെപി അല്ലേയെന്ന വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്. തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിനാണ് വിവാദ പരാമർശം നടത്തിയത്. കോൺഗ്രസ് പ്രവർത്തകനുമായുള്ള ജോസ് ഫ്രാങ്ക്ളിൻ്റെ ഫോൺ സംഭാഷണം പുറത്തുവരികയായിരുന്നു.
ബിജെപിയുമായുള്ള സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ അറസ്റ്റിലാണ് ജോസിന്റെ വിമര്‍ശനം. നേരത്തെ ചെന്നിത്തല പങ്കെടുത്ത പരിപാടിയില്‍ നിന്ന് ജോസിനെ ഒഴിവാക്കിയിരുന്നു. നെയ്യാറ്റിന്‍കര എംഎല്‍എയുടെ പരിപാടിയില്‍ നിന്ന് ചെന്നിത്തല ഇടപെട്ടാണ് ജോസിനെ ഒഴിവാക്കിയത്.
'രാഹുലിനെ അറസ്റ്റ് ചെയ്തതില്‍ വലിയ വിമര്‍ശനമാണല്ലോ. ഭരണത്തിലിരുന്നിട്ട് ഇവന്മാര് ഇങ്ങനെ കാണിച്ചതെന്താണ്' എന്നാണ് ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് ഫോണിലൂടെ ചോദിക്കുന്നത്. അതിന് മറുപടിയായി 'എന്ത് ചെയ്യാന്‍ പറ്റും? ആഭ്യന്തരം നമ്മളല്ലല്ലോ. ബിജെപിയല്ലേ ഇപ്പോള്‍. അങ്ങനെയാണ് തോന്നുന്നത്' എന്ന് ജോസ് ഫ്രാങ്ക്ളിന് പറയുന്നു. പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ വിമര്‍ശനമാണെന്നും എംഎല്‍എമാരെയൊക്കെ ചീത്ത വിളിക്കുകയാണെന്നും കോണ്‍ഗ്രസ് പ്രവര്ത്തകന് അതിന് മറുപടി നല്‍കുന്നുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രതിപക്ഷം ഉന്നയിച്ച കോണ്‍ഗ്രസ്- ബിജെപി ഡീല്‍ എന്ന ആരോപണത്തിന് സമാനമായ വിമര്‍ശനമാണ് പുറത്തുവന്നിരിക്കുന്നത്.
Content Highlights: A leaked audio of Congress leader Jose Franklin questioning whether the BJP controls the Home Department has sparked controversy following the arrest of Youth Congress workers