തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ നടപടിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ഇ ഡി രാഷ്ട്രീയലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പിണറായി വിജയന് പറഞ്ഞു. 25 പേജുള്ള റിപ്പോര്‍ട്ട് ആണ് ഇ ഡി ഡിജിപിക്ക് കൈമാറിയത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇ ഡി അയച്ച കത്ത് എങ്ങനെ പുറത്തുവരാന്‍ ഇടയായി. ഇ ഡി തന്നെ അത്തരം കാര്യങ്ങള്‍ പുറത്തുകൊടുക്കുന്ന നില സ്വീകരിക്കുകയായിരുന്നുവെന്നും പിണറായി വിജയന് കടന്നാക്രമിച്ചു.
'എനിക്ക് ഇഡിയുടെ കത്തോ അറിയിപ്പോ ലഭിച്ചിട്ടില്ല. ഇ ഡിയുടേതെന്ന് പറയുന്ന കത്തിലെ ആരോപണങ്ങളുടെ സ്വഭാവത്തില്‍ ഇപ്പോള്‍ മാറ്റം വന്നു. സിഎംആര്‍എല്‍ യാതൊരു സേവനവും ലഭിക്കാതെ എക്സാലോജികിന് പണം നല്കി എന്നതായിരുന്നു ഇപ്പോഴത്തെ സംഭവം വരെ ഇ ഡി ആവര്‍ത്തിച്ച് ഉറപ്പിക്കാന്‍ നോക്കിയത്. അതിന്റെ അടിസ്ഥാനത്തില്‍ സിഎംആര്‍എല്ലിന് സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് എസ്എഫ്ഐഒ ആരോപിച്ചത്. അതിനെ തുടര്‍ന്നാണ് അന്വേഷണവും റെയ്ഡും നടന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായാണ് ഇപ്പോള്‍ ഇ ഡി പറയുന്നത്. സേവനത്തിനുള്ള പ്രതിഫലമല്ല, മുഖ്യമന്ത്രിയായിരുന്ന ഞാന്‍ സിഎംആര്‍എല്ലിന് വഴിവിട്ട ആനുകൂല്യം നല്കി. അതിനുള്ള കൈക്കൂലിയാണെന്നാണ് പുതിയ ഭാഷ്യം. ഇന്നലെ വരെ സിഎംആര്‍എല്‍ എന്ന കമ്പനിക്ക് നഷ്ടം ഉണ്ടാക്കിയെന്നാണ് ഇ ഡി പറഞ്ഞത്. ഇപ്പോള്‍ അതേ ഇടപാട്, സിഎംആർഎൽ കമ്പനിക്ക് ലഭിച്ച വഴിവിട്ട നേട്ടത്തിന്റെ പ്രതിഫലമെന്നാണ് പുതിയ ഭാഷ്യം. എവിടെയാണെന്ന് ഇ ഡി ഉറച്ചുനില്‍ക്കണം. ഒരേ ഇടപാടിനെക്കുറിച്ച് ഒരേ അന്വേഷണ സംഘം വ്യത്യസ്ത ഘട്ടങ്ങളില്‍ രണ്ട് വാദങ്ങള്‍ ഉയര്‍ത്തുന്നു. അടിസ്ഥാന വൈരുധ്യത്തിന് ആദ്യം മറുപടി പറയണം', എന്നും പിണറായി വിജയന് പറഞ്ഞു.
'ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആര്‍എല്ലിന് വഴിവിട്ട ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല. അത് യാതൊരു സംശയവും ഇല്ലാത്ത കാര്യമാണ്. അങ്ങനെ നല്‍കിയെന്ന് പറയുന്ന രേഖ എവിടെയും ഹാജരാക്കപ്പെട്ടിട്ടില്ല. ഇതേ ആരോപണത്തില്‍ 2024ല്‍ വിജിലന്‍സ് കോടതിയില്‍ കേസെടുത്തിട്ടുണ്ട്. മാത്യൂ കുഴല്‍നാടന്റെ പരാതിയിലായിരുന്നു കേസ്. തോട്ടപ്പള്ളി സ്പില്‍വേയില്‍ അടിഞ്ഞുകൂടിയ മണല്‍ കെഎംഎംഎല്‍ വഴി സിഎംആര്‍എല്ലിന് നല്‍കിയെന്നായിരുന്നു ഒരു ആരോപണം. മണല്‍ നീക്കാനുള്ള ചുമതല പൊതുമേഖല സ്ഥാപനം എന്ന നിലയിലാണ് കെഎംഎല്ലിന് നല്‍കിയത്. നിയമാനുസൃതമായി ഖനനം ചെയ്യാന്‍ അനുമതിയുള്ള സ്ഥാപനമാണ് കെഎംഎംഎല്‍. പിന്നീട് ഹൈക്കോടതി ആരോപണത്തെ തള്ളി. കെആര്‍ഇഎംഎല്‍ എന്ന സ്ഥാപനത്തിന് ഭൂപരിധി ഇളവ് നല്കാന് സര്‍ക്കാര്‍ ഇടപെട്ടുവെന്നായിരുന്നു രണ്ടാമത്തെ ആരോപണം. സര്‍ക്കാര്‍ തലത്തില്‍ ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചെങ്കിലും അപേക്ഷ നിരസിച്ചു. അതെങ്ങനെ പ്രത്യേക ആനുകൂല്യമാവും. യാതൊരു സേവനവും നല്‍കാതെയാണ് എക്സാലോജിക് സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയെന്നാണ് മറ്റൊരു ആരോപണം. സേവനത്തിനുള്ള പ്രതിഫലമാണ് നല്‍കിയതെന്ന് നിയമനടപടികള്‍ക്കിടെ വ്യക്തമാക്കിയതാണ്. മൂന്ന് ആരോപണങ്ങളും വിജിലന്‍സ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും പരിശോധിച്ച് തള്ളിയതാണ്', എന്നും പിണറായി വിജയന് പറഞ്ഞു.
ഇ ഡി അന്വേഷണം തന്നിലേക്ക് എത്തിക്കാന്‍ കഴിയുമോയെന്നതിന്റെ ഭാഗമായാണ് നിലവിലെ നീക്കത്തെ കാണേണ്ടത്. സ്വഭാവിക അന്വേഷണമല്ല. പുതിയൊരു ക്രിമിനല്‍ കേസിന്റെ വാതില്‍ തുറക്കാനുള്ള ശ്രമമല്ലേയെന്ന സംശയമാണ് ഉയര്‍ന്നുവരുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. നടക്കുന്നത് നീതിക്കായുള്ള അന്വേഷണമല്ല. രാഷ്ട്രീയമായി ചേതോവധം ചെയ്യാനുള്ളനീക്കം. രാഷ്ട്രീയമായുംനിയമപരമായും നേരിടും. കുറ്റക്കാരനാക്കാനാണെങ്കില്‍ രാഷ്ട്രീയതിരക്കഥ മതിയാകില്ല. തെളിവ് വേണം. വീണ എന്തുകൊണ്ടാണ് മറുപടി പറയാത്തതെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. കോടതികള്‍ക്ക് മുന്നില്‍ വീണ മറുപടി നല്‍കുന്നുണ്ട്. മറുപടികള്ക്കൊണ്ടോ വസ്തുകള്‍ക്കൊണ്ട് തീരുന്നില്ല ഇത്തരക്കാരുടെ ആവശ്യം. എത്ര ആക്രമിച്ചാലും തളരുകയോ തകരുകയോ ചെയ്യില്ലെന്നും പിണറായി വിജയന് പറഞ്ഞു.
Content Highlights: Opposition Leader Pinarayi Vijayan has strongly criticised the Enforcement Directorate over its action in the CMRL Exalogic financial transaction case