'അത് പിണറായിയുടെ ലൈന്‍ അല്ല, പാര്‍ട്ടി ചര്‍ച്ച ചെയ്ത കാര്യങ്ങളാണ്'; ന്യായീകരിച്ച് മുഹമ്മദ് റിയാസ്

ജനം ആഗ്രഹിക്കുന്ന നിലയില്‍ പാര്‍ട്ടിയില്‍ മാറ്റം വരുത്തുമെന്നും റിയാസ് പറഞ്ഞു

കോഴിക്കോട്: എല്‍ഡിഎഫ് പരാജയത്തില്‍ അണികൾക്ക് തെറ്റ് പറ്റിയെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ നിലപാടിനെ ന്യായീകരിച്ച് മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ്. പിണറായി വിജയന്റെ പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിച്ചു. പാര്‍ട്ടി അനുഭാവികള്‍ തെറ്റിദ്ധാരണയുടെ ഭാഗമായി വോട്ട് മാറി ചെയ്തുവെന്നത് വസ്തുതയാണ്. അത് മനസ്സിലാക്കി മുന്നോട്ട് വരണമെന്നാണ് പിണറായി വിജയന്‍ പറഞ്ഞതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് നടക്കുന്ന സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തെക്കുറിച്ച് പ്രതികരിക്കവെയാണ് റിയാസ് ഇക്കാര്യം പറഞ്ഞത്. എംഎല്‍എ പറഞ്ഞു.

'സഖാവ് പിണറായി പറഞ്ഞത് കൃത്യവും വ്യക്തവുമാണ്. പയ്യന്നൂര്‍, തളിപറമ്പ് നിയോജകമണ്ഡലങ്ങളില്‍ കേരളത്തിലുടനീളം നടന്നതിന് സമാനമായ കുപ്രചാരണങ്ങള്‍ നടന്നു. തെറ്റായ പ്രചാരണവും നടന്നിട്ടുണ്ട്. പാര്‍ട്ടി അനുഭാവികള്‍ തെറ്റിദ്ധാരണയുടെ ഭാഗമായി വോട്ട് മാറി ചെയ്തതെന്നത് വസ്തുതയാണ്. അത് മനസ്സിലാക്കി മുന്നോട്ടു വരണമെന്നാണ് പിണറായി പറഞ്ഞത്. അത് പിണറായിയുടെ ലൈന്‍ അല്ല. പാര്‍ട്ടി ചര്‍ച്ച ചെയ്ത കാര്യങ്ങളാണ്', മുഹമ്മദ് റിയാസ് വ്യക്തമാക്കി.

ജനം ആഗ്രഹിക്കുന്ന നിലയില്‍ പാര്‍ട്ടിയില്‍ മാറ്റം വരുത്തുമെന്നും റിയാസ് പറഞ്ഞു. 'പുതിയ കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ എന്തൊക്കെ മാറ്റം വരുത്തണം, ഞങ്ങള്‍ എന്തൊക്കെ തിരുത്തണം, എങ്ങനെ മുന്നോട്ടുപോകണം, ഏതൊക്കെ മേഖലയില്‍ ഇടപെടുന്നതില്‍ പോരായ്മയുണ്ട് എന്നതടക്കം വിശദമായി ചര്‍ച്ച ചെയ്തു. ഞങ്ങളാരും സമ്പൂര്‍ണ്ണരല്ല, തെറ്റ് തിരുത്തി തന്നെ പോകും. സംഘടനാ പ്രവര്‍ത്തനത്തില്‍ പോരായ്മയുണ്ട്. തിരുത്തി മുന്നോട്ട് പോകും. അയ്യോ തോറ്റു…അയ്യോ തോറ്റൂവെന്ന് പറഞ്ഞ് നിലവിളിക്കുന്നതല്ല ജനം പ്രതീക്ഷിക്കുന്നത്. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്കെതിരായ പ്രതികരണം പാര്‍ട്ടിയില്‍ നിന്നും ഉയര്‍ന്നുവരണം. ഒരു കുതിപ്പിലേക്ക് പാര്‍ട്ടി പോകും' എന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു. റിപ്പോര്‍ട്ടറിനോടായിരുന്നു റിയാസിന്റെ പ്രതികരണം. 275 ലോക്കല്‍ കമ്മിറ്റികളില്‍ സിപിഐഎം കുടുംബ സംഗമങ്ങള്‍ സംഘടിപ്പിച്ചു. തങ്ങള്‍ പോലും പ്രതീക്ഷിക്കാത്ത ആളുകളാണ് വന്നത്. ഒരുലക്ഷത്തിലധികം ആളുകള്‍ എത്തി. നേരത്തെ പാര്‍ട്ടിയോട് അകന്നുനിന്നവരും പലപ്രയാസങ്ങള്‍കൊണ്ട് അഭിപ്രായവ്യത്യാസത്തില്‍ നിന്നവരടക്കം എത്തിയെന്നും റിയാസ് പങ്കുവെച്ചു.

Content Highlights: Former Minister P A Mohammed Riyas defended Opposition Leader Pinarayi Vijayan over his remarks on the LDF’s election defeat and party workers

To advertise here,contact us