കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്ഐ മുന്‍ നേതാവ് മനു തോമസിന്റെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. വിപുലീകരണ സംസ്ഥാന കമ്മിറ്റി ഭരണഘടനയില്‍ ഉണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നതെന്നും പാര്‍ട്ടിക്ക് മുന്നോട്ടുപോകണമെങ്കില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരാം എന്ന് തീരുമാനമെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നും എം വി ഗോവിന്ദന് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് വിളിച്ച് ചേര്‍ക്കാന്‍ വരെ പാര്‍ട്ടിക്ക് തീരുമാനമെടുക്കാം. പ്രായോഗിക രാഷ്ട്രീയത്തില്‍ വിവരമില്ലാത്ത ചിലര്‍ക്ക് അത് മനസിലാകണമെന്നില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു. കണ്ണൂരില്‍ നടന്ന സീതാറാം യെച്ചൂരി അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്.
പാര്‍ട്ടിക്കുണ്ടായ പ്രശ്നങ്ങള്‍ മുറിച്ചുകടന്ന് മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദന് പറഞ്ഞു. അതിന്റെ കര്‍മ്മ പദ്ധതികള്‍ എന്തൊക്കെയാണ് എന്ന് ചര്‍ച്ച ചെയ്യാന്‍ പോവുകയാണ്. ആ തീരുമാനം ഗൗരവപൂര്‍വ്വം കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യും. പാര്‍ട്ടിയെയും നേതൃത്വത്തെയും കടന്നാക്രമിക്കാന്‍ കേന്ദ്ര ഏജന്‍സിയും യുഡിഎഫും നടത്തിക്കൊണ്ടിരിക്കുന്ന കുതന്ത്രങ്ങള്‍ എടുത്തുപറയേണ്ടതുണ്ട്. പാര്‍ട്ടിയെ തകര്‍ക്കാന്‍ വേണ്ടിയാണ് ശ്രമം. പാര്‍ട്ടിയുടെ അന്ത്യം കാണാന്‍ വേണ്ടിയാണ് ഇതൊക്കെ. പിണറായി വിജയനെയും പാര്‍ട്ടിയെയും തകര്‍ക്കാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ കൊണ്ടുവരികയാണെന്നും എം വി ഗോവിന്ദന് വിമര്‍ശിച്ചു.
ഇ ഡിയുടെ കടന്നാക്രമണമായിരിക്കില്ല യോഗത്തില്‍ ചര്‍ച്ച ചെയ്യുക. പിണറായിയെ കുടുക്കാനുള്ള ശ്രമത്തിന് പതിറ്റാണ്ടുകളായി മറുപടി പറഞ്ഞുപോവുകയാണ്. പിണറായിയെ പിടിക്കുക എന്നതായിരുന്നു മുന്‍പും ലക്ഷ്യംവെച്ചിരുന്നത്. മുഹമ്മദ് റിയാസാണ് ഇപ്പോഴത്തെ ലക്ഷ്യം. റെയ്ഡ് നടന്നതിന്റെ അടുത്ത ദിവസം കാര്യങ്ങള്‍ വ്യക്തമായി. വിവാഹത്തിന് മുമ്പുണ്ടായ കാര്യം ഭീഷണിപ്പെടുത്തി തെളിവ് ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഐഎമ്മിന് നേരെയുള്ള കടന്നാക്രമണമായിട്ടാണ് ഇതിനെ കാണുന്നതെന്നും എം വി ഗോവിന്ദന് പറഞ്ഞു. ഇ ഡിക്ക് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള അവകാശത്തിന്റെ പേരില്‍ കോടതിയില്‍ കേസ് നടക്കുകയാണ്. അപ്പോഴാണ് കേരള സര്‍ക്കാരിനെ ഉപയോഗിച്ച് കേസെടുക്കാന്‍ ശ്രമിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പ് വരെ ഇത് നീട്ടാന്‍ ശ്രമിക്കുകയാണ്. പുകമറ സൃഷ്ടിക്കാനാണ് ശ്രമമെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്കിലൂടെയായിരുന്നു വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ മനു തോമസ് രംഗത്തെത്തിയത്. ഏത് ഭരണഘടനാ പ്രകാരമാണ് വിപുലീകൃത സംസ്ഥാന സമിതി എന്ന് ഭരണഘടനാ പാണ്ഡിത്യ പ്രമുഖര്‍ പറഞ്ഞു തരുമല്ലോയെന്ന് മനു തോമസ് പരിഹസിച്ചിരുന്നു. ഇതിനെ കമ്മറ്റി എന്ന് വിളിക്കുന്നതിന് പകരം സംയുക്ത യോഗം എന്ന് വിളിച്ചാല്‍ ഏറെക്കുറെ ശരിയാകും. പാര്‍ട്ടി ഭരണഘടന പ്രകാരം ഒരു ഘടകത്തിന്റെ സംയുക്ത യോഗം നടത്താന്‍ പറയുന്നില്ല. സെമിനാര്‍ നടത്തുന്നു എന്ന മൂഡില്‍ കണ്ടാല്‍ മതി. കനത്ത പരാജയങ്ങളില്‍ നിന്ന് ആര്‍ക്കും സമനില തെറ്റാം, സ്വാഭാവികമാണ്, അതാണ് കോഴിക്കോട് സംഭവിക്കുന്നതെന്നും മനു തോമസ് പറഞ്ഞിരുന്നു. മൂന്ന് ദിവസം കൊണ്ട് ഒരു മൂന്നു കോടി രൂപ വിപുലീകൃതമായി മാറും. പിണറായി ഫാന്‍സ് ക്ലബ്ബിന്റെ ശക്തി പ്രകടനത്തിലേക്ക് ഏവര്‍ക്കും സ്വാഗതമെന്നും മനു തോമസ് പരിഹസിച്ചിരുന്നു.
Content Highlights- CPIM state secretary M V Govindan responded to former DYFI leader Manu Thomas, saying that people without knowledge of practical politics may not understand the matter.