തിരുവനന്തപുരം: സിപിഐഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് സംവിധായകന് അനില്‍ വി നാഗേന്ദ്രന്. ഒത്തിരി വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുകയാണെന്ന് അനില്‍ ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ മനസ്സിലാക്കിയ കമ്മ്യൂണിസത്തിന്റെ ബാലപാഠം കരുണയാണ്. പക്ഷേ, ഇന്ന് നിര്‍ഭാഗ്യവശാല്‍ അത് കാണാന്‍ കഴിയുന്നില്ലെന്നും അനിൽ കുറിപ്പിൽ പറഞ്ഞു.
അടിച്ചമര്‍ത്തപ്പെട്ടവരോട്, പട്ടിണിപ്പാവങ്ങളോട്, നിരാലംബരായവരോട്, ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരില്‍ വിവേചനം അനുഭവിക്കുന്നവരോട്, നിസ്സഹായരായി കണ്ണീരണിയുന്നവരോട് തങ്ങള്‍ നിങ്ങളോടൊപ്പമാണെന്ന് പറയുന്ന ദയയും ചങ്കൂറ്റവുമാണ് കമ്മ്യൂണിസത്തില്‍ താൻ കണ്ടത്. പക്ഷേ, ഇന്ന് നിര്‍ഭാഗ്യവശാല്‍ തനിക്കത് കാണാന്‍ കഴിയുന്നില്ലെന്ന്
അനില്‍ പറഞ്ഞു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും ത്യാഗപൂര്‍ണ്ണമായ സംഭാവനകള്‍ നൽകിയ ഒരു കുടുംബത്തിലെ പിന്തലമുറക്കാരനാണ് താന്‍. വീട്ടിലെ ചര്‍ച്ചകളിലാകെ നിറഞ്ഞുനിന്ന പുരോഗമന ആശയങ്ങള്‍, തന്റെ രക്തത്തില്‍ അലിഞ്ഞുചേരുകയും നല്ല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ തന്റെ ഹീറോകളാകുകയും ചെയ്തത് അങ്ങനെയാണെന്നും അനില്‍ പറഞ്ഞു.
മുപ്പത് വര്‍ഷത്തിലധികം കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകളും ഓഡിയോ, വീഡിയോ പ്രോഗ്രാമുകളും യാതൊരു ലാഭേച്ഛയുമില്ലാതെ പുറത്തിറക്കി. കോടിക്കണക്കിന് രൂപയുടെ നഷ്ടവും കടബാധ്യതകളും ഉണ്ടായി. സഹായിച്ചില്ലെങ്കിലും പിന്തുടര്ന്ന് ദ്രോഹിക്കുന്ന ക്രൂരത ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടായി. ഇനിയും തുടരാനാകില്ലെന്നും അനില്‍ കൂട്ടിച്ചേർത്തു. വസന്തത്തിന്റെ കനല് വഴികളില്‍' (മലയാളം),'വീരവണക്കം'(തമിഴ്) തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തത് അനിലായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒത്തിരി വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുകയാണ്.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും ത്യാഗപൂര്‍ണ്ണമായ സംഭാവനകള്‍ നല്കിയ ഒരു കുടുംബത്തിലെ പിന്തലമുറക്കാരനാണ് ഞാന്‍. ബഹുമുഖപ്രതിഭയും നിരവധി ട്രേഡ് യൂണിയനുകളുടെ സ്ഥാപകനും നവോത്ഥാന നായകരിലെ ആദ്യ കമ്മ്യൂണിസ്റ്റുമായ ഡോ. വി.വി. വേലുക്കുട്ടി അരയനാണ് എന്റെ മുത്തച്ഛന്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളായിരുന്ന എന്റെ അച്ഛന് അഡ്വ.വി.വി. നാഗേന്ദ്രനും അച്ഛന്റെ സഹോദരങ്ങളും മാമന് പി.ജി. വേലായുധന് നായരുമെല്ലാം പിന്നീട് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.(എം) ന്റെ നേതാക്കളോ സജീവ പ്രവര്‍ത്തകരോ ആയി മാറി. ചങ്ങനാശ്ശേരി പരമേശ്വരന് പിള്ള, മന്നത്തു പത്മനാഭന്, അയ്യങ്കാളി, ടി.കെ. മാധവന്, സി.എസ്.സുബ്രഹ്മണ്യന് പോറ്റി തുടങ്ങിയ നിരവധി നവോത്ഥാന നായകരും സഖാവ് പി.കൃഷ്ണപിള്ള, എ.കെ.ജി തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളും കലാ - സാഹിത്യ- സാമൂഹിക - പത്രപ്രവര്‍ത്തന രംഗങ്ങളിലെ ഒട്ടനവധി പ്രമുഖരും ഇടയ്ക്കിടെ സന്ദര്‍ശിച്ചിരുന്ന ഒരു കുടുംബത്തില്‍ പിറന്നതിനാല്‍ അത്തരം കാര്യങ്ങളില്‍ സ്വാഭാവികമായും ഞാന്‍ ആകഷ്ടനായിരുന്നു.
വീട്ടിലെ ചര്‍ച്ചകളിലാകെ നിറഞ്ഞുനിന്ന പുരോഗമന ആശയങ്ങള്‍, എന്റെ രക്തത്തില്‍ അലിഞ്ഞുചേരുകയും നല്ല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എന്റെ ഹീറോകളാകുകയും ചെയ്തത് അങ്ങനെയാണ്. 1997-ല്‍ സഖാവ് ഇ.എം.എസ് ജീവിച്ചിരിക്കെ അദ്ദേഹത്തെ കുറിച്ച് 'ഇ.എം.എസ് - ജീവിക്കുന്ന ഇതിഹാസം' എന്ന പേരില്‍ ഒരു ഓഡിയോ കാസറ്റും പുസ്തകവും ഞാന്‍ പുറത്തിറക്കുകയുണ്ടായി. അതിനുശേഷം ഇക്കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളം കാലമായി, കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തെയും പി.കൃഷ്ണപിള്ള, എ.കെ.ജി, ഇ.എം.എസ്, ലെനിന് ,ഇ.കെ നായനാര്‍ തുടങ്ങിയ നേതാക്കളെയും കുറിച്ചുള്ള നിരവധി ഓഡിയോ കാസറ്റുകള്‍, പുസ്തകങ്ങള്‍, വീഡിയോ പ്രോഗ്രാമുകള്‍, വിപ്ലവഗാന സി.ഡി.കള്‍, ടെലിവിഷന്‍ പരമ്പര, 'വസന്തത്തിന്റെ കനല് ക വഴികളില്‍' (മലയാളം),'വീരവണക്കം'(തമിഴ്) എന്നീ ചലച്ചിത്രങ്ങള്‍ തുടങ്ങിയവ ഞാന്‍ രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച് പുറത്തിറക്കിയിട്ടുള്ളതാണ്.
ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്തതില്‍ പി കൃഷ്ണപിള്ള, ഇ.എം.എസ്, എ. കെ. ജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പോരാട്ടങ്ങളുടെ ചരിത്രമാണ് 'വസന്തത്തിന്റെ കനല് വഴികളി'ലൂടെ ഞാന്‍ ആവിഷ്കരിച്ചത്. ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധതകൊണ്ടുമാത്രമാണ്, എന്റെ സര്‍ഗ്ഗവാസനകളും കോടിക്കണക്കിനു രൂപയും ആയുസ്സിന്റെ നല്ലൊരു ഭാഗവും യാതൊരു ലാഭേച്ഛയുമില്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ഞാന്‍ വിനിയോഗിച്ചിട്ടുള്ളത്. 'വസന്തത്തിന്റെ കനല് വഴികളില്‍' മാത്രമല്ല; ഞാനെഴുതി സംവിധാനം ചെയ്ത സൃഷ്ടികളെല്ലാം കേരളത്തിലെ പാര്‍ട്ടി സഖാക്കളും കുടുംബങ്ങളും ഹൃദയത്തിലേറ്റുവാങ്ങിയിട്ടുണ്ട്.
2014-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി 'വസന്തത്തിന്റെ കനല് വഴികളില്‍' പുറത്തിറങ്ങിയപ്പോഴുണ്ടായ നിര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ മൂലം ആ ചിത്രത്തിന് ലിയ സാമ്പത്തിക തകര്‍ച്ചയുണ്ടായി. (തെരഞ്ഞെടുപ്പില്‍ സി.പി.ഐ (എം) ന്റെ പ്രചരണാര്‍ത്ഥം റിലീസ് ചെയ്തുവെന്ന് ആരോപിച്ചു കൊണ്ടുള്ള പരാതിയില്‍ ഇലക്ഷന് കമ്മീഷന് നടപടിയെ തുടര്‍ന്ന് ചിത്രം പിന്‍വലിക്കേണ്ടിവന്നു.) അതിനേക്കാള്‍ എന്നെ വേദനിപ്പിച്ചത് ആ ചിത്രത്തെ ജനങ്ങളിലേക്കെത്തിക്കുവാനും എന്നെ സഹായിക്കാനും കഴിയുന്ന ചിലര്‍ സ്വീകരിച്ച വിദ്വേഷകരമായ നടപടികളാണ്. ആ സിനിമയുടെ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ ശക്തിയും പ്രസക്തിയും തിരിച്ചറിഞ്ഞിട്ടും എന്നോടുള്ള വ്യക്തിവിരോധത്താല്‍ അത് പുറംലോകം കാണാന്‍ പാടില്ല എന്നൊരു ക്രൂരമായ നിലപാടാണ് ചിലര്‍ എടുത്തത്.
'വസന്തത്തിന്റെ കനല് വഴികളില്‍' സിനിമയുടെ വീഡിയോ ഡിസ്ക് 2015-ല്‍ സഖാവ് കോടിയേരി പ്രകാശനം ചെയ്തശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും സമ്മേളനങ്ങളിലും കുടുംബയോഗങ്ങളിലുമെല്ലാം ഈ സിനിമയുടെ പ്രദര്‍ശനം ഒരു കാമ്പയിനായി നടന്നിരുന്നതും രാഷ്ടീയമായി അതു സൃഷ്ടിച്ച ആശയവ്യക്തതയും ആവേശവും ഫലപ്രാപ്തിയും ആരും മറന്നുപോകുമെന്നു കരുതുന്നില്ല.
കേരളത്തിലങ്ങോളമിങ്ങോളം ആ സിനിമയുടെ പ്രദര്‍ശനം, പാര്‍ട്ടി വേദികളിലെ ഒരു പരിപാടിയായി മാറിയിരുന്നു. ഇത്തരം പ്രദര്‍ശനങ്ങള്‍ വഴി എനിക്ക് യാതൊരു സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ലെങ്കിലും പാര്‍ട്ടി വേദികളെ ഉത്സാഹഭരിതമാക്കുന്നതിനും ജനങ്ങളില്‍ രാഷ്ട്രീയ ബോധവല്‍ക്കരണം സൃഷ്ടിക്കുന്നതിനും എന്റെ സിനിമ വിജയിക്കുന്നതില്‍ ഞാന്‍ അഭിമാനിച്ചു. കേരളത്തിലെ ബഹുഭൂരിപക്ഷം പാര്‍ട്ടി സഖാക്കളും നേതാക്കളും ആ ചിത്രത്തിന്റെ പേരില്‍ എന്നെ ഹൃദയപൂര്‍വ്വം അഭിനന്ദിച്ചതും സ്നേഹിച്ചതും എനിക്കു വിസ്മരിക്കാനാവില്ല.
എന്നാല്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളും ബഹുഭൂരിപക്ഷം വരുന്ന സഖാക്കളും ചിത്രത്തിനു നല്കിയ ഊഷ്മളമായ സ്വീകരണം, ചിലരുടെ ഉള്ളില്‍ അണയാതെ കിടന്ന പകയെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. ഒരു വര്‍ഗ്ഗശത്രുവിനോടെന്നപോലെ അവര്‍ എന്നോട് കാട്ടിയ ക്രൂരതകളുടെ കഥകള്‍, പുറംലോകം അറിയാതിരിക്കാനാണ് യഥാര്‍ത്ഥത്തില്‍ ഞാന്‍ ശ്രമിച്ചത്. ഈ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തോളം കാലം ഞാന്‍ നേരിട്ട പലവിധ ദുരിതങ്ങളക്കാള്‍ ഭയാനകവും ഭീകരവുമായത് മേല്‍പ്പറഞ്ഞ ചിലര്‍ എനിക്കുമേല്‍ പ്രയോഗിച്ച ഉന്മൂലന ക്രിയകളായിരുന്നു !
കഴിഞ്ഞവര്‍ഷം ഒരു തമിഴ് സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചപ്പോള്‍ കേരളത്തിന്റെ പഴയകാല ചരിത്രത്തെയും തമിഴ്നാടിന്റെ ഇന്നത്തെ സാമൂഹ്യാവസ്ഥയെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് 'വീരവണക്കം' എന്നൊരു ചിത്രമാണ് ഞാന്‍ ചെയ്തത്. പി.കൃഷ്ണപിള്ളയായി സമുദ്രക്കനിയും തമിഴ്നാട്ടിലെ വിപ്ലവകാരിയായി ഭരതും വേഷമിട്ട ചിത്രത്തിന്റെ പ്രിവ്യൂ ഷോ കണ്ട ഇരു സംസ്ഥാനങ്ങളിലെയും മാധ്യമങ്ങളും ചലച്ചിത്ര നിരൂപകരും രാഷ്ട്രീയ നേതാക്കളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ത്യാഗോജ്ജല പോരാട്ടങ്ങളെ പുതുതലമുറയിലേക്ക് പകരാന്‍ ഏറ്റവും അനുയോജ്യമായ ഒരു ചിത്രമാണിതെന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഇക്കാലമത്രയും അനുഭവിച്ച കഷ്ടപ്പാടുകള്‍ മറന്നുകൊണ്ട്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മഹത്വത്തെ പറ്റി ദേശീയപ്രാധാന്യമുള്ള ഒരു തമിഴ് സിനിമ ചെയ്തപ്പോഴെങ്കിലും ചിലര്‍ മനസ്സില്‍ സൂക്ഷിച്ചുവച്ച പന്ത്രണ്ടു വര്‍ഷം പഴക്കമുള്ള പകയും വൈരാഗ്യവും ഇല്ലാതായിട്ടുണ്ടാവും എന്ന് ഞാന്‍ ധരിച്ചു. എന്നാല്‍ എന്റെ മുന്നില്‍ തുറന്ന വാതിലുകളെല്ലാം കൊട്ടിയടയ്ക്കുന്ന ക്രൂരതകള്‍ തന്നെയാണ് വീണ്ടും ആവര്‍ത്തിച്ചത്.
സിപിഐഎമ്മിന്റെ ഭാഗമായി നിന്നുകൊണ്ട് മുപ്പതുവര്‍ഷത്തിലധികം കാലമായി കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകളും ഓഡിയോ - വീഡിയോ പ്രോഗ്രാമുകളും യാതൊരു ലാഭേച്ഛയുമില്ലാതെ നിരന്തരം പുറത്തിറക്കി, കോടിക്കണക്കിനു രൂപയുടെ നഷ്ടവും കടബാധ്യതകളും ഉണ്ടായ ഒരുവനോട് ഇത്ര കടുത്ത പകയും വൈരാഗ്യവും ഇപ്പോഴും ഉള്ളില്‍ സൂക്ഷിക്കുകയെന്നത് ഉള്‍ക്കൊള്ളാനാകുന്നില്ല. ഞാന്‍ മനസ്സിലാക്കിയ കമ്മ്യൂണിസത്തിന്റെ ബാലപാഠം, കരുണയാണ്. അടിച്ചമര്‍ത്തപെട്ടവരോട്, പട്ടിണിപ്പാവങ്ങളോട്, നിരാലംബരായവരോട്, ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരില്‍ വിവേചനം അനുഭവിക്കുന്നവരോട്, നിസ്സഹായരായി കണ്ണീരണിയുന്നവരോട് ഞങ്ങള്‍ നിങ്ങളോടൊപ്പമാണെന്ന് പറയുന്ന ദയയും ചങ്കൂറ്റവുമാണ് കമ്മ്യൂണിസത്തില്‍ ഞാന്‍ കണ്ടത്.
പക്ഷേ, ഇന്ന് നിര്‍ഭാഗ്യവശാല്‍ എനിക്കത് കാണാന്‍ കഴിയുന്നില്ല. നല്ലവരായ നിരവധി നേതാക്കളും പ്രവര്‍ത്തകരും ഈ പ്രസ്ഥാനത്തില്‍ ഇപ്പോഴുമുണ്ട്. അവരെയോര്‍ത്ത് കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. വസന്തത്തിന്റെ കനല് വഴികളില്‍ എന്ന സിനിമയില്‍ ഞാനെഴുതി കേരളത്തിന്റെ ആരാധ്യയായ വിപ്ലവഗായിക പി.കെ. മേദിനി ഈണമിട്ടു പാടിയ ഒരു ഗാനമുണ്ട്.
' കത്തുന്ന വേനലിലൂടെ, കനിവിനായ് കരഞ്ഞുകൊണ്ട്, കനല് വഴികള്‍ താണ്ടിനടന്നു പോയൊരു കാലം! അത് കിനാവുകള്‍ ചുട്ടുകരിക്കും കനിവില്ലാക്കാലം ! മനുജനെ മനുജന് തിന്നും മനസ്സില്ലാക്കാലം !'
പഴയകാലത്തെ ചൂഷകരും നിര്‍ദ്ദയരുമായ ജന്മിമാരും തമ്പ്രാക്കന്മാരും പാവപ്പെട്ട അടിയാളരോടും തൊഴിലാളികളോടും കാട്ടിയ കൊടുംക്രൂരതകളുടെ പശ്ചാത്തലത്തില്‍ എഴുതിയ പാട്ടാണിത്. പക്ഷേ ഇതിപ്പോള്‍ എന്റെ ജീവിതവുമായി ചേര്‍ത്തുവച്ചു നോക്കിയാലും ശരിയാകുമെന്നു തോന്നുന്നു!
സഹായിച്ചില്ലെങ്കിലും പിന്തുടര്ന്നു ദ്രോഹിക്കുന്ന ക്രൂരതകള്‍ സഹിച്ച് ഇനിയും തുടരാനാകില്ല. എന്നെ സ്നേഹിച്ച എല്ലാ നല്ലവരായ നേതാക്കളോടും സഖാക്കളോടും ക്ഷമ ചോദിച്ചുകൊണ്ട് ഈ പടികളിറങ്ങുന്നു.
Content Highlights: Director Anil V Nagendran announces his exit from CPI(M), citing disappointment over the party’s approach and saying he can no longer see the compassion he once associated with communism