വിദ്യുച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും എത്തിക്കാനും അറിയാം:ചർച്ചയായി പഴയ പോസ്റ്റ്

മറ്റു പലരെയും പോലെ ഭാഷാപാണ്ഡിത്യവും വിദ്യാസമ്പന്നതയും ഇല്ലെങ്കിലും നല്ല നിലയിൽ കാര്യങ്ങൾ ചെയ്യാനുള്ള ആർജ്ജവവും ബുദ്ധിയും ഇച്ഛാശക്തിയും ഉണ്ടെന്നും എം എം മണി വ്യക്തമാക്കിയിരുന്നു

കൊച്ചി: മുൻ വൈദ്യുതി മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയാക്കി സോഷ്യൽമിഡിയ. 2017 മെയ് എട്ടിന് എം എം മണി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് വീണ്ടും ചർച്ചയാകുന്നത്. "വിദ്യുച്ഛക്തി "എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം എന്നാണ് എം എം മണി അന്ന് ഫേസ്ബുക്കിൽ കുറിച്ചത്. വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവർ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യമെന്നും എം എം മണി പറഞ്ഞിരുന്നു.

അന്നത്തെ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തലയുടെ പരിഹാസത്തിന് മറുപടിയെന്ന നിലയിലായിരുന്നു എം എം മണിയുടെ പോസ്റ്റ്. വിദ്യുച്ഛക്തി എന്ന് ഒരു ഭാഷയിലും എഴുതാൻ അറിയാത്ത ആളാണ് സംസ്ഥാനത്തിൻറെ വൈദ്യുതി മന്ത്രി എം.എം. മണിയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരിഹാസം. എം എം മണി പറയുന്ന കാര്യങ്ങൾ കേരളത്തിന് അപമാനമാണ്. ഇങ്ങനെ ഒരു മന്ത്രിയെക്കൊണ്ട് നാടിന് ഒരു പ്രയോജനവുമില്ലെന്നും ഹരിപ്പാട് വെച്ച് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.

മറ്റു പലരെയും പോലെ ഭാഷാപാണ്ഡിത്യവും വിദ്യാസമ്പന്നതയും ഇല്ലെങ്കിലും നല്ല നിലയിൽ കാര്യങ്ങൾ ചെയ്യാനുള്ള ആർജ്ജവവും ബുദ്ധിയും ഇച്ഛാശക്തിയും ഉണ്ട്. കടുത്ത വേനലിൽ ഡാമുകൾ വറ്റിവരണ്ടപ്പോൾ പവർകട്ടും ലോഡ്ഷെഡിങും ഇല്ലാതെ മുന്നോട്ടു പോകാൻ സാധിക്കുന്നതും, എല്ലാ കാർഷിക വിളകൾക്കും സൗജന്യ നിരക്കിൽ വൈദ്യുതി നൽകാൻ സാധിക്കുന്നതും, രാജ്യത്തെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ ഉയർത്താൻ സാധിച്ചതും ഇടതുപക്ഷ സർക്കാരിന്റെ വലിയ നേട്ടമാണ് എന്നും എം എം മണി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഈ കാലയളവിൽ വൈദ്യുതി വകുപ്പുമന്ത്രിയായി പ്രവർത്തിക്കുവാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിൽ രമേശ് ചെന്നിത്തല കുറിച്ചിരുന്നു.

2017 മെയ് 8ന് എം എം മണി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം

"വിദ്യുച്ഛക്തി "എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം. മറ്റു പലരെയും പോലെ ഭാഷാപാണ്ഡിത്യവും വിദ്യാസമ്പന്നതയും ഇല്ലെങ്കിലും നല്ല നിലയിൽ കാര്യങ്ങൾ ചെയ്യാനുള്ള ആർജ്ജവവും ബുദ്ധിയും ഇച്ഛാശക്തിയും ഉണ്ട്. കടുത്ത വേനലിൽ ഡാമുകൾ വറ്റിവരണ്ടപ്പോൾ പവർകട്ടും ലോഡ്ഷെഡിങും ഇല്ലാതെ മുന്നോട്ടു പോകാൻ സാധിക്കുന്നതും, എല്ലാ കാർഷിക വിളകൾക്കും സൗജന്യ നിരക്കിൽ വൈദ്യുതി നൽകാൻ സാധിക്കുന്നതും, രാജ്യത്തെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ ഉയർത്താൻ സാധിച്ചതും ഇടതുപക്ഷ സർക്കാരിന്റെ വലിയ നേട്ടമാണ്. ഈ കാലയളവിൽ വൈദ്യുതി വകുപ്പുമന്ത്രിയായി പ്രവർത്തിക്കുവാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ട്. വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവർ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം.

Content Highlights: An old Facebook post by former Kerala minister MM Mani claiming he knows not only how to write and read about electricity but also how to ensure electricity reaches every home has sparked discussion again.

To advertise here,contact us