കൊച്ചി: പതിനാറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മാധ്യമവിചാരം വീണ്ടും പ്രേക്ഷകരിലേയ്ക്ക് തിരിച്ചെത്തുന്നു. മലയാളം ടെലിവിഷൻ ചരിത്രത്തിൽ വലിയ ജനപ്രീതി നേതിയ വാർത്താധിഷ്ഠിത പരിപാടിയിൽ ഒന്നായിരുന്നു മാധ്യമവിചാരം. 26 വർഷം മുമ്പായിരുന്നു കൈരളി ടിവിയിൽ ഈ പരിപാടി സംപ്രേക്ഷണം ആരംഭിച്ചത്. ടെലിവിഷൻ പ്രേക്ഷകർക്കിടിയിൽ ഏറെ ശ്രദ്ധപിടിച്ച് പറ്റിയ മാധ്യമവിചാരം പുതിയ രൂപത്തിലാണ് പതിനാറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്നത്. മാധ്യമവിചാരം തിരികെ വരുന്നത് ആകാംക്ഷയോടെയാണ് രാഷ്ട്രീയ നിരീക്ഷരും വാർത്താധിഷ്ഠിത പരിപാടികളിൽ കൗതുകമുള്ള ടി വി പ്രേക്ഷകരും കാത്തിരിക്കുന്നത്.
പതിനാറ് വർഷത്തിന് ശേഷം പുതിയ കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് മാധ്യമവിചാരത്തിൻ്റെ രണ്ടാം വരവ്. പരമ്പരാഗത ടെലിവിഷൻ സ്ക്രീനിൻ്റെ ശൈലികളിൽ നിന്ന് മാറി പുതിയ കാലത്തെ പ്രേക്ഷകരെ കൂടി ലക്ഷ്യംവെച്ച് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയാണ് മാധ്യമവിചാരം സംപ്രേഷണം ചെയ്യുക. മാധ്യമവിചാരത്തിൻ്റെ മുഖമായി മലയാളികളുടെ മനസ്സിൽ ഇടംനേടിയ മാധ്യമ നിരീക്ഷകൻ സെബാസ്റ്റ്യൻ പോൾ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുക. യാതൊരുവിധ രാഷ്ട്രീയ പക്ഷപാതിത്വവുമില്ലാതെ തികച്ചും സ്വതന്ത്രവും നിഷ്പക്ഷവുമായ അവതരണ ശൈലിയായിരിക്കും തന്റേതെന്നാണ് സെബാസ്റ്റ്യൻ പോളും വ്യക്തമാക്കിയിരിക്കുന്നത്. ‘മാധ്യമവിചാരം’ എന്ന പരിചിതമായ പേരിൽ തന്നെയാവും രണ്ടാംവരവെങ്കിലും കേവലം മാധ്യമ വിശകലനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും മറ്റ് പ്രധാന സമകാലിക വിഷയങ്ങളും പരിപാടിയിൽ ആഴത്തിൽ ചർച്ച ചെയ്യപ്പെടും. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് സെബാസ്റ്റ്യൻ പോൾ മാധ്യമവിചാരം പങ്കുവെയ്ക്കുന്നത്. Content Highlights: Sebastian Paul returns to the audience through the digital platform with the new programme Madhyamavicharam 2.0