തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പി എ മുഹമ്മദ് റിയാസിനെതിരെ പ്രതികരണവുമായി മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. തൊണ്ടിമുതലോടെ പിടിക്കപ്പെട്ട കള്ളന് സിമ്പതി കിട്ടാന്‍ വേണ്ടി പറയുന്നതുപോലെയാണ് റിയാസിന്റെ ഇന്നത്തെ പ്രതികരണമെന്നാണ് മാത്യു കുഴല്‍ നാടന്‍ പറഞ്ഞത്. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് റിയാസ് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.റിയാസിന്റെ ഭാര്യ വീണ കോടിക്കണക്കിന് രൂപ ആര്‍ക്കെങ്കിലും കൊടുക്കുകയോ വിദേശത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിന് ആദ്യം മറുപടി പറയട്ടെയെന്നും വീണ ഒരു സേവനവും നൽകിയിട്ടില്ലെന്ന കരിമണൽ കർത്തയുടെ മൊഴി റിയാസിന് കൊടുക്കാൻ താൻ തയ്യാറാണെന്നും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു. വിഷയത്തില്‍ റിയാസ് രണ്ട് രീതിയില്‍ സംസാരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
'നിങ്ങളുടെ ഭാര്യ, പിണറായി വിജയന്റെ മകള്‍ വിദേശത്തേക്ക് പണം അയച്ചിട്ടില്ലേ, അതിന് ആദ്യം മറുപടി പറയൂ എന്നിട്ട് ബാക്കി സംസാരിക്കാം. ഇതിന് റിയാസ് മറുപടി പറഞ്ഞാല്‍ ഞാന്‍ ബാക്കി സംസാരിക്കാം. കുടുംബത്തോടെ നടത്തിയ കൊള്ളയുടെ തെളിവുകള്‍ വരുന്ന ദിവസങ്ങളില്‍ പുറത്ത് വരും. ഇപ്പോള്‍ റിയാസ് ഇരട്ടതാപ്പാണ് കാണിക്കുന്നത്', മാത്യു കുഴല്‍ നാടാന് പറഞ്ഞു.
സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ പി എ മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. പിണറായി വിജയന്റെയും വീണയുടെയും പേര് പറയാന്‍ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതായാണ് മുഹമ്മദ് റിയാസ് പറഞ്ഞത്. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സുഹൃത്തിനെ ഇ ഡി ചോദ്യം ചെയ്തത്. അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയെന്നും എന്നാല്‍ ഒന്നും കണ്ടെത്തിയില്ലെന്നും റിയാസ് പറഞ്ഞു. സുഹൃത്ത് ഹസ്സന് വാരിസിനെ ചോദ്യം ചെയ്തതിലായിരുന്നു റിയാസ് പ്രതികരിച്ചത്.
സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിഷയെത്ത ചിലര്‍ മാസപ്പടിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചതായും റിയാസ് പറഞ്ഞു. മറ്റ് നിലയിലുള്ള നീക്കങ്ങളായി അവതരിപ്പിക്കാന്‍ ശ്രമിച്ചു. സിഎംആര്‍എല്ലിന് എക്സാലോജിക് എന്ന സ്ഥാപനം സേവനം നല്‍കിയിട്ടില്ല എന്ന വാദം ഉയര്‍ന്നു. സേവനം നല്‍കിയിട്ടില്ല എന്ന് സിഎംആര്‍എല്ലിന്റെ എം ഡി തന്നെ പറഞ്ഞു എന്ന് വാര്‍ത്തവന്നു. എന്നാല്‍ സിഎംആര്‍എല്ലിന്റെ എം ഡി അങ്ങനെ ഒരു മൊഴി നല്‍കിയിട്ടില്ലെന്ന് റിയാസ് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Content Highlights: Congress MLA Mathew Kuzhalnadan responds to P A Mohammed Riyas over the CMRL Exalogic financial transaction case.