CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; കൂടുതല്‍ CMRL ഉദ്യോഗസ്ഥര്‍ക്ക് ഇ ഡി സമന്‍സ്

കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷം വീണയെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസില്‍ നടപടി കടുപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൂടുതല്‍ സിഎംആര്‍എല്‍ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ ജീവനക്കാര്‍ക്ക് സമന്‍സ് നല്‍കി. ജീവനക്കാരും ഓഡിറ്റര്‍മാരും അടക്കം ഏഴോളം പേര്‍ക്കാണ് സമന്‍സ് അയച്ചിരിക്കുന്നത്. കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷം വീണയെ വീണ്ടും ചോദ്യം ചെയ്യാനും തീരുമാനമുണ്ട്. കേസില്‍ ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ നിലപാടിന് ശേഷമായിരിക്കും ഇ ഡി തുടര്‍നടപടി സ്വീകരിക്കുക. പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ ഇ ഡി കൈമാറിയ റിപ്പോര്‍ട്ട് ഡിജിപി റവാഡ ചന്ദ്രശേഖര്‍ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ആഭ്യന്തര മന്ത്രിക്ക് കൈമാറും. റിപ്പോര്‍ട്ട് ലഭിക്കുന്ന പക്ഷം പരിശോധിച്ച ശേഷം തുടര്‍ നടപടി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആലോചിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. ഇ ഡിയുടെ റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ കഴിയില്ലെന്നും കേസെടുക്കുന്നത് സംബന്ധിച്ച് വേണമെങ്കില്‍ നിയമോപദേശം തേടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സര്‍ക്കാരുമായി സംസാരിച്ച ശേഷമായിരിക്കും തുടര്‍ നടപടികളെന്ന് ഡിജിപി റവാഡ ചന്ദ്രശേഖറും പറഞ്ഞിരുന്നു. ഇ ഡി നല്‍കിയ റിപ്പോര്‍ട്ടിനെ വളരെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസും ഭരണകക്ഷിയും കാണുന്നതെന്ന് മന്ത്രി സണ്ണി ജോസഫും പറഞ്ഞിരുന്നു. അങ്ങനെ ഒരു കത്ത് വന്നാല്‍ പൊലീസിന് നടപടി എടുക്കാതിരിക്കാന്‍ കഴിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.

ഡിജിപിക്ക് ഇ ഡി നല്‍കിയ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണ ടി, മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ഗുരുതര പരാമര്‍ശമായിരുന്നു ഉണ്ടായിരുന്നത്. വീണ വഴി പിണറായി വിജയന്‍ 3.28 കോടി രൂപ സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കത്തില്‍ പറഞ്ഞത്. പിണറായി വിജയന് പുറമെ മുഹമ്മദ് റിയാസ്, എക്‌സാലോജിക് എം ഡിയായ വീണ എന്നിവര്‍ക്കെതിരെയും കത്തില്‍ ഗുരുതര ആരോപണമുണ്ട്. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകള്‍ വഴിയും ദുബായിലേക്ക് അയച്ചുവെന്നാണ് കത്തില്‍ പറയുന്നത്. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ പിതാവ് പിണറായി വിജയനെയും ഭര്‍ത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തിലുണ്ട്. ഇടപാടുകള്‍ക്കായി എക്‌സാലോജിക് സൊല്യൂഷന്‍സ് വാഹനം ഉപയോഗിച്ചു, സിഎംആര്‍എല്‍ എം ഡി കൈക്കൂലി പണം നല്‍കി, സിഎംആര്‍എല്‍ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി സുരേഷ് കുമാര്‍ കൈക്കൂലി ഇടപാടുകള്‍ നടത്തുന്നതിന് സഹായിച്ചു തുടങ്ങിയ കാര്യങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജല്‍, പി നിഖില്‍, ഹസ്സന്‍ വാരിഷ്, ഫൈസാജ് വി പി, നന്ദുലാല്‍ എം എന്നിവര്‍ സഹായിച്ചതായും കത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇ ഡിയുടെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുഹമ്മദ് റിയാസ് എംഎല്‍എയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചിരുന്നു. ഏത് അന്വേഷണവും നടക്കട്ടെയെന്നും അന്വേഷണത്തെ നിയമപരമായി നേരിടുമെന്നുമായിരുന്നു മുഹമ്മദ് റിയാസ് പറഞ്ഞത്. അന്വേഷണത്തെ ഭയപ്പെടുന്നില്ല. ഏതൊക്കെ നിലയില്‍ എന്തൊക്കെ തിരക്കഥകള്‍വെച്ച് കാര്യങ്ങളെ ഏതൊക്കെ ആംഗിളില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചാലും നിരപരാധികള്‍ നിരപരാധികളാണ്. ഒരു തെറ്റും ചെയ്തിട്ടില്ല. ഒരന്വേഷണത്തെയും ഭയപ്പെടുന്നില്ല. ഏതന്വേഷണം വേണമെങ്കിലും നടക്കട്ടെയെന്നും മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ഇ ഡിക്ക് രാഷ്ട്രീയ ലക്ഷ്യമെന്നായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്. പിണറായി വിജയനിലേക്ക് അന്വേഷണം എത്തിക്കാന്‍ നേരത്തേ ശ്രമം നടന്നുവെന്നും കേസ് എങ്ങോട്ടേക്കാണ് നീങ്ങുന്നതെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

Content Highlights- The Enforcement Directorate has issued summons to additional CMRL officials in connection with the financial transaction case involving CMRL and Exalogic

To advertise here,contact us