മലപ്പുറം: അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടെ ദേശീയപാതയിൽ വീണ്ടും നിയമ ലംഘനം. മലപ്പുറം ദേശീയപാത 66ല്‍ ബസുകള്‍ ആളെ കയറ്റുന്നത് എന്‍ട്രി പോയിന്റില്‍. തൃശൂരില്‍ നിന്നും കോഴിക്കോടിലേക്ക് പോകുന്ന ദീര്‍ഘ ദൂര ബസുകളാണ് ഇത്തരത്തില്‍ ഹൈവേയുടെ എന്‍ട്രി പോയിന്റിലെ ഫസ്റ്റ് ലൈന്‍ ബസ് സ്റ്റോപ്പ് ആക്കി മാറ്റുന്നത്. നിരവധി തവണ പൊലീസിലും മോട്ടോര്‍ വാഹന വകുപ്പിലും പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇത്തരത്തില്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
മലപ്പുറം വെളിമുക്കിലാണ് ഹൈവേയുടെ എന്‍ട്രി പോയിന്റിലെ ഫസ്റ്റ് ലൈനിൽ ബസ് നിർത്തുന്നത്. സംഭവത്തില്‍ കളക്ടര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു ദിവസം മാത്രമാണ് പൊലീസ് നിരീക്ഷണം ഉണ്ടായിരുന്നതെന്നും പിന്നീട് ഉദ്യോഗസ്ഥര്‍ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. എന്‍ട്രി പോയിന്റില്‍ നിർത്തി ആളുകളെ ബസില്‍ കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ടര്‍ വര്‍ത്തയ്ക്ക് പിന്നാലെ എംഎല്‍എ ടി വി ഇബ്രാഹിം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സംഭവത്തില്‍ ആര്‍ടിഒയുമായി സംസാരിച്ചിട്ടുണ്ടെന്നും കളക്ടറുമായി ഇന്ന് അടിയന്തര ചര്‍ച്ച നടത്തുമെന്നും വിഷയത്തില്‍ സര്‍ക്കാരിന്റെ എല്ലാ ഇടപെടലും ഉണ്ടാകുമെന്നും എംഎല്‍എ ടി വി ഇബ്രാഹിം അറിയിച്ചു.
Content Highlights: Traffic violations have been reported again on the Malappuram National Highway amid recurring accidents and road safety concerns