ആലപ്പുഴ: ജി സുധാകരനെതിരെ ആരോപണം കടുപ്പിച്ച് സിപിഐഎം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി നടത്തിയ പണപ്പിരിവിന്റെ കണക്ക് പുറത്തുവിടണമെന്ന് എച്ച് സലാം ആവശ്യപ്പെട്ടു. 2021ല്‍ പിരിച്ച പണം ഉപയോഗിച്ച് ഭൂമി വാങ്ങിയോ എന്ന് സുധാകരന് വ്യക്തമാക്കണമെന്നും സുധാകരന്റെ സ്വത്ത് വെളിപ്പെടുത്തണമെന്നും എച്ച് സലാം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. യഥാര്‍ത്ഥ പൊളിറ്റിക്കല്‍ ക്രിമിനല്‍ ജി സുധാകരനെന്നും എച്ച് സലാം പോസ്റ്റിൽ ആരോപിക്കുന്നു.
അഴിമതി വിരുദ്ധതയുടെ ലേബല്‍ ഉപയോഗിച്ച് ഭാര്യയുടെയും മകന്റെയും മരുമകളുടെയും പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടോ എന്നും സുധാകരനോട് ചോദിച്ചു. ഒരു മാധ്യമ പ്രവര്‍ത്തകനെ ആക്രമിക്കണമെന്നും മറ്റൊരു വനിതക്കെതിരെ ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തി വ്യക്തിഹത്യ ചെയ്യണമെന്നും ജി സുധാകരന് ഡിവൈഎഫ്ഐ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സലാം ആരോപിച്ചു.
പാര്‍ട്ടി നേതാവായിരുന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ഒരു വനിതക്കെതിരെ ഫേസ്ബുക്കില്‍ പ്രചാരണം നടത്താന്‍ ആവശ്യപ്പെട്ടുവെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് ജി സുധാകരനെതിരെ എച്ച് സലാം ഉന്നയിക്കുന്നത്. ഡിവൈഎഫ്ഐ നേതാക്കോളോട് ക്രിമിനല്‍ പ്രവര്‍ത്തി ചെയ്യാന്‍ ആഹ്വാനം ചെയ്തിരുന്നതായും അഡ്വ. അനസ് അലി, ഷാനവാസ് എന്നിവര്‍ ആവശ്യം നിരസിച്ചെന്നും എച്ച് സലാം ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അമ്പലപ്പുഴ MLA ജി.സുധാകരന് പറയുന്ന എല്ലാ വൃത്തികേടുകള്‍ക്കും നിരന്തരം ഞാന്‍ മറുപടി പറയേണ്ടതില്ലായെന്ന് കരുതിയതാണ്. പക്ഷേ പാര്‍ട്ടിക്ക് വേണ്ടി രാപകല്‍ അദ്ധ്വാനിക്കുന്നവരെയും പാര്‍ട്ടി തീരുമാനപ്രകാരം അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചവരെയുമൊക്കെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ജനപ്രതിനിധികളായ വനിതാ നേതാക്കളെ മുന്‍പ് ആക്ഷേപിച്ചു. സ.സജി ചെറിയാന്, സ.C.S.സുജാത, സ. സി.ബി.ചന്ദ്രബാബു തുടങ്ങിയ നേതാക്കളെ നിരന്തരം വ്യക്തിഅധിക്ഷേപം നടത്തുന്നു. ഗ്രന്ഥശാലകളുടെ യോഗങ്ങളില്‍ പോയി സ.അലിയാര് മാക്കിയിലിനെ ആക്ഷേപിച്ചു. ഇപ്പോള്‍ അഡ്വ. അനസലിയെ അധിക്ഷേപിച്ചു. ഈ വൃത്തികേട് തുടരുന്നത് കൊണ്ട് വീണ്ടും ചിലത് പറയേണ്ടി വരികയാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിരിവിനോട് ഇപ്പോള്‍ ജി.സുധാകരന് പുച്ഛമാണ്..ഓ… ഇദ്ദേഹം പാര്‍ട്ടി നേതാവായി ഇരിക്കുമ്പോള്‍ ജനങ്ങളില്‍ നിന്ന് പണം പിരിക്കാതെ സ്വന്തം കുടുംബത്തില്‍ നിന്ന് കൊണ്ടുവന്ന പണം ഉപയോഗിച്ചായിരുന്നല്ലോ പ്രവര്‍ത്തിച്ചിരുന്നത്. വീട്ടില്‍ ഭക്ഷണം ഇല്ലെങ്കിലും സാധാരണ തൊഴിലാളികളായ ബ്രാഞ്ച് സെക്രട്ടറിമാരും പാര്‍ട്ടി അംഗങ്ങളും ഓരോ വീടുകളിലും പോയി പണം പിരിച്ച് അതില്‍ നിന്നും ഒരു നരങ്ങാവെള്ളം പോലും കുടിക്കാതെ കൃത്യമായി പാര്‍ട്ടിയെ ഏല്‍പ്പിക്കുന്ന ഫണ്ടില്‍ നിന്നാണ് പതിറ്റാണ്ടുകള്‍ താങ്കള്‍ യാത്ര ചെയ്തതും ഭക്ഷണം കഴിച്ചതും. ഏറ്റവും അവസാനം കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആരിഫിനെ ജയിപ്പിക്കാന്‍ എന്ന് പറഞ്ഞ് ( രഹസ്യമായി ആരെ ജയിപ്പിക്കാന്‍ നിന്നു എന്നത് അറിയുമല്ലോ) ചിലസ്ഥലത്ത് പ്രസംഗിക്കാന്‍ പോയതിന്റെ കണക്ക് എഴുതി ഒരു കുറിപ്പ് കൊടുത്തയച്ച് ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്നും നിങ്ങള്‍ ആയിരങ്ങള്‍ (തുക പറയുന്നില്ല ) T A വാങ്ങിക്കൊണ്ടു പോയതും സാധാരണ സഖാക്കള്‍ ജനങ്ങളില്‍ നിന്ന് പിരിച്ച പണമാണ്. തെരഞ്ഞെടുപ്പില്‍ കയ്യും കണക്കുമില്ലാതെ താങ്കള്‍ ലക്ഷങ്ങള്‍ പിരിച്ചുകൂട്ടിയപ്പോള്‍ പിരിവിനോട് ഈ പുച്ഛം ഇല്ലായിരുന്നോ ?
വീണ്ടും പാര്‍ട്ടിയെയും പാര്‍ട്ടി സഖാക്കളെയും വ്യക്തിഹത്യ നടത്തി മോശപ്പെടുത്താന്‍ ഇറങ്ങിയത് സിപിഐ(എം) സഖാക്കളെ പ്രകോപിപ്പിക്കാനും മാധ്യമശ്രദ്ധക്കും യുഡിഎഫിന്റെ തൃപ്തിക്കുമാണെന്ന് അറിയാം.. പക്ഷെ അത് പറഞ്ഞ് തള്ളിക്കളയുവാന്‍ ആവില്ല, അതുകൊണ്ട് ചില ചോദ്യങ്ങള്‍ ജി സുധാകരന് MLA യോട് ചോദിക്കുന്നു..
''അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി ' എന്ന് ഉത്തരം പറയരുത്. ഈ ചോദ്യങ്ങള്‍ക്കെങ്കിലും ശരിയായി ഉത്തരം പറയുമെന്ന് കരുതുന്നു..
1, പിരിവിനെകുറിച്ചൊക്കെ പറഞ്ഞ് പാര്‍ട്ടിയെ അധിക്ഷേപിക്കുമ്പോള്‍ ജി. സുധാകരന് ലേശം ഉളുപ്പ് ഉണ്ടാകുന്നത് നല്ലതാണ്. ഞാനും സഖാവ് സി.ബി ചന്ദ്രബാബുവും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും 2021 ലെ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ പിരിച്ചെടുത്ത ലക്ഷങ്ങളുടെ കണക്ക് ഇതുവരെ പറഞ്ഞില്ലല്ലോ ? എന്നെ പോലും അഴിമതിക്കാരനാക്കാന്‍ പറ്റുമോ എന്ന് വഴികള്‍ തേടി നടക്കുന്ന ജി.സുധാകരനെ വീണ്ടും വെല്ലുവിളിക്കുന്നു, ആ കണക്ക് പരസ്യപ്പെടുത്താന്‍ ധൈര്യമുണ്ടോ ?
2, ലോക്കല്‍ മുതല്‍ സംസ്ഥാന നേതാക്കളെ വരെ അപകീര്‍ത്തിപ്പെടുത്താന്‍ ജീര്‍ണിച്ച നാവ് വളക്കുമ്പോള്‍ നിങ്ങള്‍ സ്വന്തം വീട്ടിലേക്ക് കൂടി നോക്കണം. 2021 ല്‍ സ്ഥാനാര്‍ത്ഥിയായ എന്റെയും പാര്‍ട്ടിയുടെയും പേരില്‍ പിരിച്ച ലക്ഷങ്ങള്‍ ഇപ്പോള്‍ ഭൂമിയായി മാറിയിട്ടുണ്ടോ ? അതാണോ നിരന്തരം ആവശ്യപ്പെട്ടിട്ടും താങ്കള്‍ക്ക് ആ കണക്ക് പരസ്യപ്പെടുത്താന്‍ കഴിയാത്തത് ?
3, പറവൂര്‍ വില്ലേജില്‍ സ്കൂളിന് സമീപമുള്ള ലക്ഷങ്ങള്‍ വിലവരുന്ന ഭൂമി ഏതാനും മാസം മുമ്പ് നിങ്ങള്‍ ഭാര്യയുടെ പേരില്‍ വാങ്ങിയിട്ടുണ്ടല്ലോ അല്ലെ ? ഇത് ഏത് പണം ഉപയോഗിച്ചാണ് വാങ്ങിയത് ?
4, C.B.ചന്ദ്രബാബുവിന്റെ സ്വത്ത് അന്വേഷിക്കണമെന്ന് പറഞ്ഞ നിങ്ങളുടെ സ്വത്ത് വെളിപ്പെടുത്തു. പാര്‍ട്ടി ജില്ലാ സെക്രട്ടറി സ. ആര്. നാസര്‍ മുതല്‍ ജില്ലയിലെ എല്ലാ സി. പി. ഐ (എം) നേതാക്കളുടെയും സ്വത്ത് അന്വേഷിപ്പിച്ചോളൂ, ഞങ്ങള്‍ തയ്യാറാണ്. ഞങ്ങളുടെയൊക്കെ സ്വത്ത് എത്രയുണ്ടെന്ന് നവമാധ്യമത്തിലൂടെ പോലും പരസ്യപ്പെടുത്താനും തയ്യാറാണ്.
5, കപടമായ അഴിമതിവിരുദ്ധ ലേബല്‍ ഒട്ടിച്ച് നടക്കുന്ന താങ്കളുടെ ഭാര്യയുടെ പേരിലും മകന്റെ പേരിലും മരുമകളുടെ പേരിലും എവിടെയൊക്കെ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഫ്ലാറ്റ് വാങ്ങിയിട്ടുണ്ടോ ? ഉണ്ടെങ്കില്‍ എവിടെയാണ് ?
6, ആലപ്പുഴ ഗവ.സര്‍വ്വന്റ്സ് ബാങ്കിലും മറ്റ് ബാങ്കിലും ഉള്ള നിക്ഷേപം, മകന്റെ NRI, NRO അക്കൗണ്ടുകളിലുള്ള നിക്ഷേപം, നോമിനേഷന് തൊട്ട് മുമ്പ് ഭാര്യയുടെ അക്കൗണ്ടില്‍ നിന്നും മാറ്റിയിട്ട 50 ലക്ഷം രൂപയുടെ സ്രോതസ്സ്, ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എല്ലാം പരസ്യപ്പെടുത്താന്‍ താങ്കള്‍ തയ്യാറാണോ ? അതിന് ശേഷം താങ്കളുടെ അഴിമതി വിരുദ്ധ പ്രസംഗമാകാം. പിന്നെ കുടുംബം ആര്‍ജ്ജിച്ച കോടികളുടെ സമ്പത്ത് മകന് വിദേശത്തെ ലുലുവില്‍ ജോലി ചെയ്യുന്നത് കൊണ്ടും ഭാര്യക്ക് UGC ശമ്പളം ഉണ്ടായിരുന്നത് കൊണ്ടും ഉണ്ടായതാണ് എന്നും , ' മകന് വേറെ കുടുംബമായി ജീവിക്കുന്നയാളാണ് ' എന്നുമുള്ള പതിവ് ന്യായവുമായി ഇനി വരരുത്. അപ്പോള്‍ മകന്റേത് ഉള്‍പ്പെടെ വരുമാന സ്രോതസ്സ് ഏതെങ്കിലും ഏജന്‍സി അന്വേഷിക്കേണ്ടി വരും. UGC ശമ്പളത്തിന്റെ കണക്കും ലുലുവിലെ ശമ്പളത്തിന്റെ അളവുമൊക്കെ അറിയാം.
7, ഇപ്പോള്‍ താങ്കള്‍ അധിക്ഷേപിക്കുന്ന Adv. അനസലി, ഷാനവാസ് എന്നിവര്‍ DYFI , SFI നേതാക്കളായിരിക്കുമ്പോള്‍ പാര്‍ട്ടി നേതാവ് എന്ന പദവി ഉപയോഗിച്ച് ക്രിമിനല്‍ പ്രവൃത്തി ചെയ്യാന്‍ താങ്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടോ? ഒരു മാധ്യമ പ്രവര്‍ത്തകനെ ആക്രമിക്കണമെന്നും മറ്റൊരു വനിതക്കെതിരെ ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തി വ്യക്തിഹത്യ ചെയ്യണമെന്നും താങ്കള്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നോ? എങ്കില്‍ താങ്കളല്ലേ യഥാര്‍ത്ഥ 'പൊളിറ്റിക്കല്‍ ക്രിമിനല്‍ ?' ആവശ്യപ്പെട്ട ക്രിമിനല്‍ പ്രവൃത്തി ചെയ്യാതിരുന്ന അവര്‍ അല്ലല്ലോ ? ചതിയന്മാരായ പയ്യന്നൂരിലേയും തളിപ്പറമ്പിലെയും വര്‍ഗ്ഗവഞ്ചകരെപ്പോലെയല്ല ജി.സുധാകരന്, അവരെ ഒരിക്കല്‍ പോലും നിയമസഭയിലേക്ക് പാര്‍ട്ടി മത്സരിപ്പിച്ചിട്ടില്ല, പക്ഷെ ജി.സുധാകരന് അങ്ങനെയാണോ? പ്രായപൂര്‍ത്തി ആയ ശേഷം രണ്ടോ മൂന്നോ വര്‍ഷം ഒഴികെ പാര്‍ലമെന്ററി സ്ഥാനമോ സംഘടനാ സ്ഥാനമോ ഇല്ലാതിരുന്നിട്ടില്ല.
നഗരസഭ കൗണ്‍സിലര്‍, ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ്, ഏഴ് തവണ നിയമസഭയിലേക്ക് പാര്‍ട്ടി ടിക്കറ്റില്‍ മത്സരം, 4 തവണ ജയിച്ചു 3 തവണ തോറ്റു, 2 തവണ മന്ത്രി,12 വര്‍ഷം സിന്‍ഡിക്കേറ്റ് അംഗം, പാര്‍ട്ടി ജില്ലാ സെക്രട്ടറി, CITU , KSKTU സെക്രട്ടറി ഇങ്ങനെ പതിറ്റാണ്ടുകള്‍ പാര്‍ട്ടി അവസരങ്ങള്‍ നല്കിയ ആളാണ്. ഇതിലൂടെയാണ് ജി.സുധാകരന് എന്ന വ്യക്തിക്ക് കേരളത്തില്‍ മേല്‍വിലാസം ഉണ്ടായത്,. അല്ലാതെ കുടുംബമഹിമ കൊണ്ടല്ല. പാര്‍ട്ടിയില്‍ നിന്ന് പതിറ്റാണ്ടുകളായി നേടാനാവുന്നതെല്ലാം നേടിയിട്ട് ഇനിയൊന്നും പാര്‍ട്ടിയില്‍ നിന്ന് വ്യക്തിപരമായി കിട്ടാനില്ല എന്നതിനാല്‍ അധികാരത്തിന് വേണ്ടി വര്‍ഗ്ഗത്തെ വഞ്ചിച്ച് പുറത്തുപോയ താങ്കള്‍ സി.പി.ഐ(എം) നെ നന്നാക്കാന്‍ വരേണ്ട. ചെന്ന്കൂടിയ യു.ഡി.എഫിനെയും BJP യേയും നന്നാക്കിയാല്‍ മതി. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ.രമേശ് ചെന്നിത്തല ഉത്തരം പറയേണ്ട ചില കാര്യങ്ങളും എംഎല്‍എ കൂടിയായ ജി.സുധാകരന് പരസ്യമായി പറഞ്ഞിട്ടുണ്ട്.
തൂഫാന് വേദിയില്‍ ചെന്നിത്തല പ്രസംഗിക്കുമ്പോള്‍ വേദിയില്‍ മയക്കുമരുന്ന് കച്ചവടക്കാരന് ഇരിപ്പുണ്ട് എന്നാണ് ജി.സുധാകരന് പറഞ്ഞത്. ഏത് മയക്കുമരുന്ന് കച്ചവടക്കാരനുമായാണ് താങ്കള്‍ വേദി പങ്കിട്ടത് എന്നത് ശ്രീ. രമേശ് ചെന്നിത്തല വ്യക്തമാക്കണം. MLA എന്ന ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിന് പകരം ജി സുധാകരന് സമൂഹത്തില്‍ മേല്‍വിലാസം ഉണ്ടാക്കി തന്ന പാര്‍ട്ടിയെ നിരന്തരം കരിവാരി തേക്കുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലത്. ഈ പാര്‍ട്ടിയെ ചതിച്ച് പോയയാള്‍ പാര്‍ട്ടിയെ നന്നാക്കാന്‍ വിയര്‍ക്കേണ്ട, ചെന്ന് കേറിയ പാര്‍ട്ടിയെ നന്നാക്കിയാല്‍ മതി..
ചതിവുകളിലൂടെ യാത്ര ചെയ്യുന്നയാളിന്റെ പുലമ്പലിന് കറുകംപുല്ലിന്റെ വില ആരും നല്‍കില്ല.
Content Highlights: CPI(M) leader H Salam has intensified his attack on G Sudhakaran, demanding transparency over the 2021 election fundraising and Sudhakaran’s assets while raising serious allegations over his conduct as a party leader