വിപുലീകൃത സംസ്ഥാന കമ്മിറ്റി: വിമർശനം ഉയർന്ന സാഹചര്യത്തിൽ കരട് റിപ്പോർട്ടിൽ തിരുത്തൽ വരുത്തി സിപിഐഎം

അന്തിമ റിപ്പോർട്ടിന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി

തിരുവനന്തപുരം: സെപ്റ്റംബർ 13,14,15 തീയതികളിൽ കോഴിക്കോട് നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ വെയ്ക്കാനുള്ള കരട് റിപ്പോർട്ടിൽ തിരുത്തൽ വരുത്തി സിപിഐഎം. സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് തിരുത്തൽ വരുത്തിയത്. റിപ്പോർട്ടിൽ നേതൃത്വത്തിനെതിരായ വിമർശനവും ഉൾപ്പെടുത്തി. സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷമായ വിമർശനങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് കരട് റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയത്. അന്തിമ റിപ്പോർട്ടിന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി.

നേരത്തെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കുന്നതിനായി തയ്യാറാക്കിയ റിപ്പോ‍ർട്ടിന് എതിരെ സിപിഐഎം സംസ്ഥാന സമിതിയിൽ രൂക്ഷവിമർശനം ഉയ‍ന്നിരുന്നു. റിപ്പോർട്ടിൽ ഉള്ളത് പതിവ് കാര്യങ്ങളാണെന്നും ഇപ്പോഴുണ്ടായിരിക്കുന്ന തിരിച്ചടി മറികടക്കാൻ റിപ്പോർട്ടിലെ സമീപനങ്ങൾ കൊണ്ട് കഴിയില്ലെന്നുനായിരുന്നു വിമർശനം ഉയർന്നത്. സാമ്പ്രദായിക സമീപനങ്ങളിൽ നേതൃത്വം മാറ്റം വരുത്തണമെന്ന ആവശ്യവും സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നു. റിപ്പോർട്ട് സമ​ഗ്രമല്ലെന്ന വിമർശനവും സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരുന്നു കരട് റിപ്പോർട്ടിൽ തിരുത്തൽ വരുത്താൻ സിപിഐഎം നേതൃത്വം തയ്യാറായത്.

മാധ്യമങ്ങളെ ബഹിഷ്‌കരിക്കേണ്ടതില്ലെന്ന് സിപിഐഎം വിശാല സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിക്കാനുള്ള കരട് രേഖയില്‍ തീരുമാനമെടുത്തിരുന്നു. മാധ്യമ ചര്‍ച്ചകളില്‍ നിന്ന് നേതാക്കള്‍ മാറിനില്‍ക്കരുതെന്നാണ് നിര്‍ദ്ദേശം. മീഡിയ പാനലിസ്റ്റുകളെ പുനഃസംഘടിപ്പിക്കാനും നിർദ്ദേശമുണ്ട്. നവമാധ്യമ ഇടപെടലുകള്‍ക്കും സിപിഐഎം മാര്‍ഗരേഖ തയ്യാറാക്കാനുള്ള നിർദ്ദേശങ്ങളും റിപ്പോർട്ട് മുന്നോട്ട് വെച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലാ കമ്മിറ്റികള്‍ക്ക് പ്രത്യേക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വേണമെന്നും നേതാക്കള്‍ എല്ലാ വിഷയങ്ങളിലും അഭിപ്രായം രേഖപ്പെടുത്തണമെന്നുമാണ് പാര്‍ട്ടിയുടെ നിര്‍ദേശം.

നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കരുതെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ വരെയുള്ളവര്‍ക്ക് ഇത് നിര്‍ബന്ധമാണെന്നും കരട് രേഖയില്‍ വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും വിഷയത്തിലെ ചര്‍ച്ചയില്‍ നിന്ന് പാര്‍ട്ടി പ്രതിനിധികള്‍ മാറി നിന്നാല്‍ പാര്‍ട്ടിയുടെ നിലപാട് പറയാനുള്ള ഇടമാണ് നഷ്ടപ്പെടുന്നത് എന്നാണ് കരട് രേഖയിലെ വിലയിരുത്തല്‍. സ്ഥിരമായി ഏതെങ്കിലും ചാനലിനെയോ ഏതെങ്കിലും അവതാരകരെയോ ബഹിഷ്‌കരിക്കേണ്ടതില്ലെന്നും നിര്‍ദേശമുണ്ട്.

Content Highlights: CPI(M) revises its draft report on the expanded state committee amid criticism, making key changes to address concerns raised during discussions.

To advertise here,contact us