നേതാക്കള്‍ക്കെതിരായ വിമര്‍ശനം: വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ കരട് രേഖയില്‍ ഉള്‍പ്പെടുത്തി സിപിഐഎം

മാധ്യമ ബഹിഷ്‌കരണവും വേണ്ടെന്നാണ് സിപിഐഎം തീരുമാനം

തിരുവനന്തപുരം: പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും നല്‍കിയ അഭിപ്രായങ്ങളും വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ സിപിഐഎം. നേതൃത്വത്തെ വിമര്‍ശിക്കുന്നതാണ് ഭൂരിഭാഗം അഭിപ്രായങ്ങളും. സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയതും പലരും ചൂണ്ടിക്കാട്ടിയിരുന്നു. പിണറായി വിജയന്റെയും എം വി ഗോവിന്ദന്റെയും ശൈലിക്കെതിരെയും വ്യാപക വിമര്‍ശനമുണ്ട്. വെള്ളാപ്പള്ളി, പിഎം ശ്രീ, എം ആര്‍ അജിത് കുമാര്‍ എന്നിവയൊക്കെ തിരച്ചടിക്ക് കാരണമായതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പൊതുജനങ്ങളില്‍ നിന്ന് സാമൂഹ്യമാധ്യമങ്ങള്‍ വഴി പാര്‍ട്ടി നിര്‍ദേശങ്ങള്‍ തേടിയിരുന്നു. തോല്‍വിയുടെ കാരണങ്ങളും തിരുത്തല്‍ നിര്‍ദേശങ്ങളുമാണ് ചോദിച്ചിരുന്നത്. 20,000 ത്തിലധികം പേര്‍ വാട്ട്‌സ്ആപ്പ്, ഇ മെയില്‍, വെബ്‌സൈറ്റ് എന്നിവ വഴി വിഷയത്തില്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ക്ക് തോല്‍വിയെക്കുറിച്ച് പറയാനായി ബ്രാഞ്ച് തലം മുതല്‍ യോഗം ചേര്‍ന്നിരുന്നു. പിന്നാലെയാണ് ചില ബ്രാഞ്ച് കമ്മിറ്റി യോഗങ്ങളില്‍ അഭിപ്രായം തുറന്ന് പറയാനാകില്ല എന്ന വിമര്‍ശനമുയര്‍ന്നത്.

പിന്നാലെ പാര്‍ട്ടി അനുഭാവികള്‍ എന്ന വലിയ സംഘത്തിന് ഇത് സംബന്ധിച്ച അഭിപ്രായം പറയാനുള്ള വേദി വേണമെന്ന ആലോചനയില്‍ നിന്നാണ് സമൂഹമാധ്യമങ്ങള്‍ കൂടി ഉപയോഗപ്പെടുത്തമെന്ന ചിന്തയിലേക്ക് പാര്‍ട്ടി എത്തുന്നത്. ഇതിലാണ് അനുഭാവികളുടെ പ്രതികരണം ഉണ്ടായത്. പിന്നാലെ ഇത് സംസ്ഥാന കമ്മിറ്റി ക്രോഡീകരിക്കുകയും അതില്‍ തെരഞ്ഞടുക്കപ്പെട്ട ക്രിയാത്മക വിമര്‍ശനങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

മാധ്യമ ബഹിഷ്‌കരണവും വേണ്ടെന്നാണ് സിപിഐഎം തീരുമാനം. മാധ്യമങ്ങളെ ബഹിഷ്‌കരിക്കേണ്ടതില്ലെന്നാണ് സിപിഐഎം വിശാല സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിക്കാനുള്ള കരട് രേഖയില്‍ തീരുമാനമെടുത്തിരിക്കുന്നത്. മാധ്യമ ചര്‍ച്ചകളില്‍ നിന്ന് നേതാക്കള്‍ മാറിനില്‍ക്കരുതെന്നാണ് നിര്‍ദ്ദേശം. മീഡിയ പാനലിസ്റ്റുകളെ പുനഃസംഘടിപ്പിക്കാനും തീരുമാനമുണ്ട്. നവമാധ്യമ ഇടപെടലുകള്‍ക്കും സിപിഐഎം മാര്‍ഗരേഖ തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലാ കമ്മിറ്റികള്‍ക്ക് പ്രത്യേക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വേണമെന്നും നേതാക്കള്‍ എല്ലാ വിഷയങ്ങളിലും അഭിപ്രായം രേഖപ്പെടുത്തണമെന്നുമാണ് പാര്‍ട്ടിയുടെ നിര്‍ദേശം.

നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കരുത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ വരെയുള്ളവര്‍ക്ക് ഇത് നിര്‍ബന്ധമാണെന്നും കരട് രേഖയില്‍ പറയുന്നു. ഏതെങ്കിലും വിഷയത്തിലെ ചര്‍ച്ചയില്‍ നിന്ന് പാര്‍ട്ടി പ്രതിനിധികള്‍ മാറി നിന്നാല്‍ പാര്‍ട്ടിയുടെ നിലപാട് പറയാനുള്ള ഇടമാണ് നഷ്ടപ്പെടുന്നത് എന്നാണ് കരട് രേഖയിലെ വിലയിരുത്തല്‍. സ്ഥിരമായി ഏതെങ്കിലും ചാനലിനെയോ ഏതെങ്കിലും അവതാരകരെയോ ബഹിഷ്‌കരിക്കേണ്ടതില്ലെന്നും നിര്‍ദേശമുണ്ട്.

Content Highlights: CPI(M)’s draft report incorporates feedback from more than 20,000 party workers and supporters on the reasons for the election setback and proposed corrections. Many responses reportedly criticised the leadership and candidate selection, while the styles of Pinarayi Vijayan and M V Govindan also came under scrutiny. The report also cites issues including Vellappally, PM SHRI and M R Ajith Kumar as factors linked to the setback.

To advertise here,contact us