നടന്നത് ഔദ്യോഗിക യോഗമല്ല, രമ്യാ ഹരിദാസ് മുങ്ങിയിട്ടില്ല; ആരോപണം നിഷേധിച്ച് പാളയം പ്രദീപ്

'ഒരു കെപിസിസിയും എന്നോട് മാറി നില്‍ക്കാന്‍ പറഞ്ഞിട്ടില്ല. പാര്‍ട്ടിക്ക് നടപടിയെടുക്കാന്‍ അധികാരമുണ്ട്'

പാലക്കാട്: ചിറയിന്‍കീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് രമ്യാ ഹരിദാസ് എംഎല്‍എയുടെ പി എ പാളയം പ്രദീപ്. താന്‍ പങ്കെടുത്തുവെന്ന് പറയുന്ന യോഗം ഔദ്യോഗിക യോഗമായിരുന്നില്ലെന്നും ബ്ലോക്ക് കോണ്‍ഗ്രസിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റെയോ യോഗമാണോ നടന്നതെന്ന് വിളിച്ച് ചോദിക്കാം എന്നും പാളയം പ്രദീപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അവരെ ഒഴിവാക്കി ഒരു നീക്കം നടക്കുന്നുവെന്ന ചെറിയൊരു തെറ്റിദ്ധാരണ യൂത്ത് കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്ക് ഉണ്ടായിരുന്നു. അത് പരിഹരിച്ചുവെന്നും പാളയം പ്രദീപ് പറഞ്ഞു.

'വീട്ടില്‍പോയി സജാദിനെ കണ്ട് സംസാരിച്ചിരുന്നു. നേരത്തെയും രണ്ടോ മൂന്നോ പ്രാവശ്യം ഇതുപോലെ സജാദ് എഴുതിയിരുന്നു. ചിരിച്ചുകളിച്ചാണ് വീട്ടില്‍ പോയത്. സംസാരത്തിനിടെ വാക്കുതര്‍ക്കം ഉണ്ടായി എന്നത് സത്യമാണ്. തെറ്റിദ്ധാരണയുടെ പുറത്താണ്. അത് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞു തിര്‍ക്കുന്നുണ്ട്. ഇപ്പോള്‍ ആ വീടുമായി നല്ല ബന്ധമാണ്. ഒരു വാക്ക് കൊണ്ടുപോലും അദ്ദേഹത്തിന്റെ ഭാര്യയോടോ മകളോടോ മോശമായി പെരുമാറിയിട്ടില്ല. മകളെകൊണ്ട് കുറിപ്പ് വായിപ്പിച്ചിട്ടില്ല', പ്രദീപ് പറയുന്നു. പാര്‍ട്ടിക്ക് വേണ്ടി പ്രതികരിച്ചിട്ടുണ്ട്. ഇനിയും പ്രതികരിക്കും. നീതിക്ക് നിരക്കാത്ത ഒരു കാര്യവും ചെയ്യാത്തിടത്തോളം പേടിക്കില്ലെന്നും പ്രദീപ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരാകാതെ രമ്യാ ഹരിദാസ് എംഎല്‍എ ഒളിച്ചോടുന്നുവെന്ന ആരോപണവും പാളയം പ്രദീപ് തള്ളി.

'രമ്യാഹരിദാസ് മുങ്ങിയിട്ടില്ല. എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി പോകാന്‍ തയ്യാറെടുത്തതാണ്. അത് പാര്‍ലമെന്റാണ് ടിക്കറ്റെടുക്കുന്നത്. എവിടേക്ക് ഒളിച്ചോടാനാണ്. എംഎല്‍എയുടെ സ്റ്റാഫ് ആണ് ഞാന്‍. ശമ്പളം വരുന്നത് മാത്രമാണ് തെളിവ്. അതിന്റെ രേഖകള്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണ്. ഒരു കെപിസിസിയും എന്നോട് മാറി നില്‍ക്കാന്‍ പറഞ്ഞിട്ടില്ല. പാര്‍ട്ടിക്ക് നടപടിയെടുക്കാന്‍ അധികാരമുണ്ട്', എന്നും പാളയം പ്രദീപ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയായിരുന്നു ചിറയിന്‍കീഴില്‍ രമ്യാ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്. എംഎല്‍എ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഔദ്യോഗിക യോഗത്തില്‍ എംഎല്‍എയുടെ പിഎ ആയ പാളയം പ്രദീപ് പങ്കെടുത്തതാണ് തര്‍ക്കത്തിന്റെ തുടക്കം. പ്രദീപ് യോഗത്തില്‍ പങ്കെടുക്കുകയും ചില കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തതില്‍ പ്രാദേശിക തലത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. യോഗത്തില്‍ പങ്കെടുക്കുന്ന പ്രദീപിന്റെ ദൃശ്യങ്ങള്‍ എംഎല്‍എ തന്നെ പിന്നീട് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ആയ സജാദ് ഗ്രൂപ്പില്‍ സന്ദേശം അയക്കുകയായിരുന്നു. പിന്നാലെ രാത്രി രമ്യാ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങള്‍ വായിപ്പിക്കാന്‍ ശ്രമിച്ചെന്ന് ഇവര്‍ ആരോപിച്ചിരുന്നു. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സാപ് ഗ്രൂപ്പ് അഡ്മിനുമായ സജിത് മുട്ടമ്പലം അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഇതോടെയാണ് തര്‍ക്കം കയ്യാങ്കളിയിലേക്കു നീങ്ങിയത്.

Content Highlights: Ramya Haridas MLA’s PA Palayam Pradeep has denied the allegations related to the dispute involving Congress leaders in Chirayinkeezhu

To advertise here,contact us