ന്യൂഡല്‍ഹി: അണികള്‍ക്ക് തെറ്റ് പറ്റിയെന്ന് അഭിപ്രായപ്പെട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും രംഗത്ത്. പിണറായി വിജയന്റെ വാദത്തെ പിന്തുണയ്ക്കുന്നതാണ് ബേബിയുടെ നിലപാട്. ഏത് സാഹചര്യത്തിലും പാര്‍ട്ടിക്ക് എതിരെ വോട്ട് ചെയ്യാന്‍ പാടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പാര്‍ട്ടിക്ക് ഒപ്പം നില്ക്കുക എന്ന നിലപാടില്‍ നിന്ന് ചിലര്‍ വ്യതിചലിച്ചു. ചില അണികള്‍ക്ക് തെറ്റ് പറ്റി എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
പരാതി ഉണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ പറയണമെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ നേതൃത്വത്തിനും ശ്രദ്ധക്കുറവ് ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു. രണ്ടും ചേര്‍ന്നാണ് പരാജയം സംഭവിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സര്‍വതിനും ഉപരിയായി പാര്‍ട്ടിയുടെ തീരുമാനങ്ങളായിരിക്കണം ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും പ്രധാനം. പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തം ഉണ്ട്. നിലപാടില്‍ നിന്ന് വ്യതിചലിച്ചവര്‍ തെറ്റ് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ മേല്‍ ഘടകങ്ങള്‍ പാര്‍ലമെന്ററി വ്യാമോഹത്തില്‍ നിന്ന് മുക്തമല്ലെന്ന വിമര്‍ശനവും സിപിഐഎം ജനറല്‍ സെക്രട്ടറി ഉന്നയിച്ചു. ഒന്‍പത് പിബി അംഗങ്ങള്‍ വിശാല സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കും. ചര്‍ച്ചകള്‍ വസ്തുനിഷ്ഠമാണോ എന്ന് പിബി പരിശോധിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം നേതൃമാറ്റം എന്നത് മാധ്യമങ്ങള്‍ കൊണ്ടുവന്ന അജണ്ട ആണെന്നും ആരോപിച്ചു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വികളില്‍ തിരുത്തലുകള്‍ തുടരുന്നുതായും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ബലഹീനത പരിഹരിക്കുക ആണ് വിശാല യോഗത്തിന്റെ അജണ്ട എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പാര്‍ട്ടി ആന്തരിക ചികിത്സയിലാണെന്നും അനാരോഗ്യം വന്നാല്‍ നടത്തുന്ന ചികിത്സ ആണ് ഇതെന്നും വ്യക്തമാക്കി. പരസ്പരം തിരുത്താന്‍ ശ്രമിക്കുകയാണെന്നും എം എ ബേബി പറഞ്ഞു.
പാര്‍ലമെന്ററി വ്യാമോഹം, കൂട്ടായ പ്രവര്‍ത്തനത്തിന്റെ ആവശ്യകത, ജനങ്ങളുടെ ഹിതത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കല്‍ എന്നീ വിഷയങ്ങളാണ് പിബി യോഗത്തില്‍ ചര്‍ച്ചയായതെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി പറഞ്ഞു. ഇക്കാര്യങ്ങളില്‍ പിബി യോഗം സ്വയം വിമര്‍ശനാത്മകമായ വിലയിരുത്തല്‍ നടത്തിയെന്ന് വ്യക്തമാക്കിയ അദ്ദേഹം നേതാക്കള്‍ ജനങ്ങളുമായി നിരന്തരം ബന്ധപ്പെടണമെന്നും നിര്‍ദേശം നല്കി. ഒക്ടോബര്‍ 9 മുതല്‍ 11 വരെ കേന്ദ്ര കമ്മിറ്റി യോഗം ചേരും.
അയോധ്യ രാമക്ഷേത്രക്കൊള്ളയില്‍ ബിജെപിക്കെതിരെ പ്രചാരണ പരിപാടിക്ക് തുടക്കമിടുമെന്ന് അദ്ദേഹം പറഞ്ഞു. പിബി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമായി. രാജ്യത്ത് നടക്കുന്ന ബിജെപി വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം സിജെപിയും ഇടത് വിദ്യാര്‍ഥി സംഘടനകളും ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ പ്രധാന പങ്കുവഹിച്ചെന്നും ചൂണ്ടിക്കാട്ടി. മോദിയുടെ ദിമാഗി നക്സല്‍ പരാമര്‍ശത്തില്‍ പ്രതികരിച്ച അദ്ദേഹം ദൈവത്തിന് തുല്യന്‍ എന്ന് സ്വയം പറയുന്ന മോദിയാണ് ഇത്തരം പരാമര്‍ശം നടത്തുന്നതെന്നും വിമര്‍ശിച്ചു. ഹോമിയോ മരുന്ന് നല്കി എന്നാണ് മോദി പറഞ്ഞത്. ഹോമിയോപ്പതി വന്നത് മാര്‍ക്സിന്റെ നാട്ടില്‍ നിന്നാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
രാംലീല മൈതാനിയിലെ സിപിഐ റാലി വിജയമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം തടയാന്‍ കേന്ദ്രസര്‍ക്കാരും പൊലീസും ശ്രമിച്ചു എന്നും അദ്ദേഹം വിമര്‍ശിച്ചു. സെന്‍സസില്‍ അനാവശ്യ ചോദ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ബേബി ആരോപിച്ചു. വ്യക്തിയുടെ സ്വകാര്യത ഹനിക്കുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി എന്നാണ് ആദ്ദേഹം ചൂണ്ടിക്കാട്ടിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ നേരിട്ട ശുദ്ധീകരണ വിവാദത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഞ്ചാബില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണോ ആംആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കണോ എന്ന് പിന്നീട് തീരുമാനിക്കും എന്നായിരുന്ന അദ്ദേഹത്തിന്റെ മറുപടി. ബിജെപിയെ അധികാരത്തിന് പുറത്തുനിര്‍ത്താന്‍ കഴിയുന്നവര്‍ക്ക് പിന്തുണ നല്‍കും എന്നും ബേബി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിക്ക് അവകാശമുണ്ടെന്ന നിലപാടും എം എ ബേബി വ്യക്തമാക്കി. പ്രതിപക്ഷ നേതാവെന്ന നിലയില്‍ അദ്ദേഹത്തിന് അവകാശമുണ്ട്. അത് തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കേണ്ട കാര്യമാണ്. സിപിഐഎം അവകാശവാദം ഉന്നയിക്കില്ല, തങ്ങള്‍ അത്രയും ശക്തരല്ല. ആര്‍എസ്എസിനെ അധികാരത്തിന് പുറത്ത് നിര്‍ത്തണം. കഴിഞ്ഞതവണ അതിനു തൊട്ടടുത്തെത്തിയെന്നും ഇത്തവണ അതിനുള്ള സാധ്യത കളയാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: CPI(M) General Secretary M A Baby has backed Pinarayi Vijayan’s position that some party workers made mistakes during the election. He said party workers should not vote against the party under any circumstances and should raise grievances within the organisation. Baby also acknowledged lapses on the part of the leadership, saying both factors contributed to the election setback.