'വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല'; പിഎം ശ്രീയിൽ കെ സി വേണുഗോപാല്‍

പിഎം ശ്രീ നടപ്പിലാക്കിയാല്‍ ജനകീയ പ്രക്ഷോഭവും പ്രത്യാഘാതങ്ങളും ഉണ്ടാകുമെന്ന കെ രാജൻ എംഎൽഎയുടെ പ്രതികരണത്തിനും അദ്ദേഹം മറുപടി നല്‍കി

തൃശൂര്‍: കേരളത്തില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ട വിഷയമാണ് പഠിക്കേണ്ടത്. യഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിച്ച് സംഘപരിവാറിന്റെ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പിഎം ശ്രീ നടപ്പിലാക്കിയാല്‍ ജനകീയ പ്രക്ഷോഭവും പ്രത്യാഘാതങ്ങളും ഉണ്ടാകുമെന്ന മുന്‍ മന്ത്രിയും എംഎൽഎയുമായ കെ രാജന്റെ പ്രതികരണത്തിനും അദ്ദേഹം മറുപടി നല്‍കി. ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ കെ രാജന് എന്ത് ധാര്‍മ്മികതയാണ് ഉള്ളതെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. മന്ത്രിസഭയില്‍ അദ്ദേഹം അംഗമായിരിക്കേ, അദ്ദേഹം പോലും അറിയാതെ ഒപ്പിട്ട് വന്ന പദ്ധതിയാണത്. ആ സാഹചര്യത്തില്‍ അനങ്ങാതിരുന്ന കെ രാജന്റെ വീര്യം എവിടെപ്പോയെന്നും അപ്പോള്‍ മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോകണ്ടായിരുന്നോയെന്നും കെ സി വേണുഗോപാൽ ചോദിച്ചു. അപ്പോഴാണ് ആര്‍ജവം കാട്ടേണ്ടത്. തങ്ങളറിയാതെ ഒപ്പിട്ടുവെന്ന് തുറന്നടിച്ച് മന്ത്രിസഭയുടെ ഭാഗമാകാന്‍ താത്പര്യമില്ലെന്ന് അന്ന് പറഞ്ഞിരുന്നെങ്കില്‍ ജനങ്ങള്‍ അദ്ദേഹത്തെ വാഴ്ത്തിയേനെ. എന്നാല്‍ ഒത്തുകളിയാണ് അന്ന് നടന്നത്. പിന്നാലെ പ്രതിഷേധം രേഖപ്പെടുത്തി എന്ന് വരുത്തിതീര്‍ത്ത് ഒപ്പിടാന്‍ അനുവദിക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര സർക്കാരിനെതിരെയും കെ സി വേണുഗോപാൽ രംഗത്തെത്തി. ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി വേട്ടയെപ്പോലും കേന്ദ്രം ന്യായീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഒരു ഭാഗത്ത് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയുടെ ശുദ്ധീകരണം നടന്നു. രാജ്യത്തെ ഇരുണ്ട യുഗത്തിലേക്കാണ് ബിജെപി കൊണ്ടുപോകുന്നത്. അതിനെതിരെ ശക്തമായ പോരാട്ടമാണ് രാജ്യത്ത് അനിവാര്യം. അതാണ് കോണ്‍ഗ്രസിന്റെയും താത്പര്യം. രാഹുല്‍ ഗാന്ധിയാണ് ഇന്ത്യയുടെ മുഖം. അദ്ദേഹം നടത്തുന്ന പോരാട്ടമാണ് ഇന്ത്യാ രാജ്യത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, കൃഷിക്കാര്‍ എന്നിവര്‍ക്കായെല്ലാം അദ്ദേഹം പ്രവര്‍ത്തിക്കുന്നു. എല്ലാവരും അത് അംഗീകരിച്ച കാര്യമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഇൻഡ്യാ മുന്നണിയുടെ പ്രവര്‍ത്തനം ശക്തമായാണ് മുന്നോട്ട് പോകുന്നത്. ചില സംസ്ഥാനങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സിപിഐഎമ്മിനെതിരെയും കെ സി വേണുഗോപാൽ വിമർശനം ഉന്നയിച്ചു. കേരളത്തിലെ സിപിഐഎം പാഠം പഠിക്കാതെ മുന്നോട്ടുപോകുകയാണെന്നും അതിന് അവര്‍ ശ്രമിച്ചാലും പിണറായി വിജയന്‍ അതിന് സമ്മതിക്കുന്നില്ലെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. 2029ല്‍ രാഹുല്‍ ഗാന്ധി തന്നെ മുന്നണിയെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചിറയന്‍കീഴിലെ തമ്മിലടിയിലും കെ സി പ്രതികരിച്ചു. സംഭവത്തില്‍ ഗൗരവതരമായ രീതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തുന്നുണ്ട്. ആരുടെ ഭാഗത്താണ് തെറ്റുണ്ടായതെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കാന്തപുരത്തിന്റ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് കോണ്‍ഗ്രസ് തീരുമാനിച്ച് പറയുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റെ അഭിപ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമസ്ത മുഖപത്രത്തിന്റെ വിമര്‍ശനത്തില്‍ അദ്ദേഹം പ്രതികരിച്ചില്ല. വിവാദങ്ങളിലേക്ക് പോകാന്‍ താത്പര്യപ്പെടുന്നില്ലെന്നായിരുന്നു മറുപടി.

Content Highlights: Congress leader KC Venugopal said that the Sangh Parivar agenda would not be allowed to be implemented through education. He made the remarks while addressing concerns over the role of ideology and politics in the education system.

To advertise here,contact us