തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വീഴ്ച്ചകളുടെ ഉത്തരവാദിത്തം ഭാവിയില്‍ നേതാക്കള്‍ ഏറ്റെടുക്കണമെന്ന നിര്‍ദേശവുമായി സിപിഐഎം. തീരുമാനം തെറ്റിയാല്‍ കമ്മിറ്റികളുടെ മേല്‍ ചാരാനാവില്ലെന്നാണ് നേതാക്കള്‍ക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം. വിശാല സംസ്ഥാന കമ്മിറ്റിക്കുള്ള രേഖയിലാണ് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നേതാക്കള്‍ ജനങ്ങളോടും അണികളോടും വിനയമുള്ളവരായിരിക്കണമെന്നും പ്രസംഗങ്ങള്‍ കാര്യമാത്രപ്രസക്തമാവണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. തളിപ്പറമ്പില്‍ പി കെ ശ്യാമള തോറ്റപ്പോള്‍ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് ജില്ലാ കമ്മിറ്റിയാണെന്ന് എം വി ഗോവിന്ദന് ന്യായീകരിച്ചിരുന്നു. കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തല്‍ പ്രകാരം പയ്യന്നൂരിലും തളിപ്പറമ്പില്‍ അടക്കം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച ഉണ്ടായെന്നായിരുന്നു പുറത്ത് വന്ന വിവരം.
നേതാക്കള്‍ക്ക് വീഴ്ചപറ്റി എന്നായിരുന്നു ബ്രാഞ്ച് തലം മുതല്‍ സംസ്ഥാന കമ്മിറ്റി വരെ പ്രവര്‍ത്തകര്‍ ചര്‍ച്ചചെയ്തിരുന്നത്. എന്നാല്‍ തളിപ്പറമ്പിലും പയ്യന്നൂരിലും നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ജനങ്ങള്‍ക്കും അനുഭാവികള്‍ക്കും തെറ്റിദ്ധാരണ ഉണ്ടായെന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ വിഴ്ചകള്‍ കണ്ടെത്തി തിരുത്താനുള്ള വിശാല സംസ്ഥാന കമ്മിറ്റിക്ക് മുമ്പായി തോല്‍വിയുടെ ഉത്തരവാദിത്തം തങ്ങള്‍ക്കില്ല എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് ഉയരുന്ന വിമര്‍ശനം.
വിഷയത്തില്‍ പല നേതാക്കളുടെയും ഭിന്നാഭിപ്രായം വിഭാഗീയ ചര്‍ച്ചകളിലേക്ക് വരെ വഴിവെച്ചിട്ടുണ്ട്. വീഴ്ചയില്‍ നേതൃതലത്തിന് തെറ്റ് പറ്റി എന്നും തിരുത്തണമെന്നും തോമസ് ഐസക്കും പി ജയരാജനുമാടക്കമുള്ള നേതാക്കള്‍ പറയുമ്പോള്‍ പിണറായിയെ പിന്തുണയ്ക്കുന്ന സമീപനമായിരുന്നു എം വി ഗോവിന്ദനും സജി ചെറിയാനുമടക്കമുള്ളവര് സ്വീകരിച്ചത്. നാളെയും മറ്റന്നാളുമായാണ് കോഴിക്കോട് വെച്ച് സിപിഐഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റി ചേരുന്നത്.
Content Highlights: CPI(M) has proposed that leaders should take responsibility for future election setbacks instead of shifting the blame to party committees when decisions go wrong. A document prepared for the wider state committee also urges leaders to remain humble towards people and party workers and keep their speeches focused. The document reportedly notes shortcomings in candidate selection, including in Payyannur and Taliparamba.