കാസര്‍കോട്: കാസര്‍കോട് എംഡിഎംഎ കേസില്‍ പ്രതികളുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്. ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഫോറന്‍സിക് പരിശോധനക്ക് അയക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കേണ്ടതുണ്ട്. എന്നാല്‍ അതുപോലും ചെയ്തിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
വി ഡി സതീശനുമായി അടുപ്പമുണ്ടെന്ന സൂചനകളുള്ള മുഹമ്മദ് ഹുസൈന് ഉള്‍പ്പെടെ മൂന്ന് പ്രതികളില്‍ നിന്നായി ഏഴ് ഫോണുകളാണ് പിടിച്ചെടുത്തത്. ഒരു ഐ ഫോണ്‍, മൂന്ന് ആന്‍ഡ്രോയിഡ് ഫോണ്‍, മൂന്ന് കീപാഡ് ഫോണ്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഇതില്‍ അഞ്ച് ഫോണുകളാണ് അന്വേഷണസംഘത്തിന്റെ കൈവശമുള്ളത്. രണ്ട് ഫോണുകള്‍ ഓഗസ്റ്റ് 29ന് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
അതേസമയം കേസിലെ പ്രതി മുഹമ്മദ് ഹുസൈന്റെ സിഡിആറിലെ വിവരങ്ങള്‍ ഉള്‍പ്പടെ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളുടെ വാട്സ്ആപ്പ് ചാറ്റുകളും നിര്‍ണായകമാകും. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പ്രതിയുടെ സിഡിആര്‍ പരിശോധനയിലേക്ക് കൂടി പൊലീസ് കടന്നത്. ഇതുവരെ കേസില്‍ ഒമ്പത് പേരെയാണ് പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. ഒരു നൈജീരിയന്‍ സ്വദേശി അടക്കം കേരളത്തിന് പുറത്തുള്ള മൂന്ന് പേരും ഇതില്‍ ഉള്‍പ്പെടുന്നു. പ്രതി മുഹമ്മദ് ഹുസൈന്, മുഖ്യമന്ത്രി വി ഡി സതീശന് അടക്കമുള്ളവരോടൊപ്പമുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ എംഡിഎംഎ വില്‍പ്പനയ്ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഉന്നത രാഷ്ട്രീയ നേതാക്കളുമായി പ്രതി ഫോണില്‍ സംസാരിച്ചിരുന്നോ എന്നത് അടക്കമുള്ള വിവരങ്ങള്‍ പുറത്തുവരാനുണ്ട്. എന്നാല്‍ സിഡിആറിന്റെ വിവരങ്ങളും അന്വേഷണത്തിന്റെ വിവരങ്ങളും മാധ്യമങ്ങളോട് പങ്കുവെക്കരുതെന്ന കര്‍ശന നിര്‍ദേശമാണുള്ളത്.
Content Highlights: In the Kasargod Tufan case, the accused' phones were reportedly not sent for forensic examination, raising questions over the Chief Minister's claim.