നെഹ്‌റു ട്രോഫി കഴിഞ്ഞിട്ടും സമ്മാനത്തുകയില്ല; സാമ്പത്തിക പ്രതിസന്ധിയിൽ വള്ളംകളി ക്ലബ്ബുകൾ

ഫൈനലിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് യഥാക്രമം 25, 20, 15, 10 ലക്ഷം രൂപ വീതമാണ് ഇത്തവണ സമ്മാനത്തുകയായി ലഭിക്കുക

ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ് ദിവസങ്ങളായിട്ടും സമ്മാനത്തിനായി കാത്തിരിപ്പ് തുടരുന്നു. സമ്മാനത്തുകയും ബോണസും ഇതുവരെ കിട്ടാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ക്ലബ്ബുകള്‍ അറിയിച്ചു. ലക്ഷങ്ങള്‍ കടമെടുത്തും പിരിവെടുത്തുമാണ് ക്ലബ്ബുകള്‍ മത്സരത്തില്‍ പങ്കെടുത്തത്. എന്നാല്‍ പണം എപ്പോള്‍ ലഭിക്കുമെന്നതില്‍ വ്യക്തത വരുത്താതെ നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി.

സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി രൂപയുടെ ഗ്രാന്റ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ബോട്ട് റേസ് സോസൈറ്റി പറഞ്ഞു. ഫൈനലിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് യഥാക്രമം 25, 20, 15, 10 ലക്ഷം രൂപ വീതമാണ് ഇത്തവണ സമ്മാനത്തുകയായി ലഭിക്കുക.

വള്ളംകളി മത്സരത്തിനായുള്ള തയ്യാറെടുപ്പുകള്‍ക്കും മറ്റ് ചെലവുകള്‍ക്കുമായി ഒന്നരകോടി മുതല്‍ രണ്ട് കോടി രൂപ വരെയാണ് ഒരു ചുണ്ടന്‍ വള്ളത്തിന് ചെലവഴിച്ചത്. 22 ചുണ്ടന്‍ വള്ളങ്ങളാണ് നെഹ്‌റുട്രോഫി വള്ളംകളിയില്‍ പങ്കെടുത്തത്. അതില്‍ ഒമ്പ് ചുണ്ടന്‍ വള്ളങ്ങളാണ് അവസാന റൗണ്ടിലെത്തിയത്. ഒന്നര മാസമാണ് ചുണ്ടന്‍ വള്ളങ്ങള്‍ പരിശീലനം നടത്തുക. അതില്‍ വാടകയിനത്തിലും അറ്റകുറ്റപണികള്‍ക്കുമായി വലിയൊരു തുക മാറ്റിവെക്കേണ്ടി വരും. ഓരോ ദിവസങ്ങളിലും പലിശയ്ക്ക് പണമെടുത്താണ് പല ക്ലബ്ബുകളും മത്സരത്തിനായുള്ള പരിശീലനത്തിനിറങ്ങിയത്. സ്‌പോണ്‍സര്‍ഷിപ്പ് വഴിയും സ്വന്തമായി കടമെടുത്തുമെല്ലാം പണം കണ്ടെത്തിയവരാണ് കൂടുതല്‍ ക്ലബ്ബുകളും. സമ്മാനത്തിന് അര്‍ഹരായവര്‍ക്ക് ചെക്കുകള്‍ നല്‍കുകയായിരുന്നു ചെയ്തത്. പൈസ പിന്നീട് അക്കൗണ്ടിലേക്ക് എത്തുമെന്നും അറിയിച്ചിരുന്നു.

ടൂറിസം വകുപ്പാണ് രണ്ട് കോടി രൂപ ഗ്രാന്റായി എന്‍ടിബിസിക്ക് (നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി) നല്‍കേണ്ടത്. ആ തുക ഇതുവരെയും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഇത്തവണ റെക്കോഡ് ടിക്കറ്റ് വിറ്റുവരവാണ് രേഖപ്പെടുത്തിയത്. ഇതിലൂടെ വലിയൊരു തുക ടൂറിസം വകുപ്പിന് ലഭിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ ഫാമിലി ടിക്കറ്റടക്കം വിറ്റുപോയിരുന്നു. മത്സരങ്ങളിലെ പ്രകടനത്തിനനുസരിച്ച് ബോണസടക്കം നല്‍കേണ്ടതുണ്ട്. ആ കാര്യത്തിലും ഇതുവരെ നീക്കമുണ്ടായിട്ടില്ല.

നെഹ്‌റു ട്രോഫി വള്ളംകളി കഴിഞ്ഞതോടെ ചാമ്പ്യന്‍ ബോട്ട്‌ലീഗിന് (സി ബി എല്‍) ഒരുക്കം തുടങ്ങേണ്ടതുണ്ട്. നെഹ്‌റു ട്രോഫിയില്‍ ആദ്യസ്ഥാനത്തെത്തുന്ന ഒമ്പത് വള്ളങ്ങളാണ് സിബിഎല്ലില്‍ മത്സരിക്കുന്നത്. ആ ഒമ്പത് ചുണ്ടനുകളുടെ പേരുവിവരങ്ങള്‍ ടൂറിസം വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: Nehru Trophy Boat Race Clubs Await Prize Money Amid Financial Crisis

To advertise here,contact us