സ്ത്രീയും പുരുഷനും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങൾ, സർക്കാർ നയം എല്ലാവരെയും ചേർത്തുപിടിക്കുന്നത്: മന്ത്രി തുളസി

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് മന്ത്രി കെ എ തുളസി

പാലക്കാട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് മന്ത്രി കെ എ തുളസി. എല്ലാവരെയും ചേര്‍ത്തുപിടിക്കുന്നതാണ് സര്‍ക്കാര്‍ നയമെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് സ്ത്രീയും പുരുഷനും. കാന്തപുരത്തിന് എതിരെ കേസെടുക്കേണ്ടത് തന്റെ വകുപ്പല്ലെന്നും തുളസി പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീകളെ പൊതുരംഗത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് കാലാകാലങ്ങളായി ചെയ്തുവരുന്നത്. സ്ത്രീകളെയും പെണ്‍കുട്ടികളെയും പൊതുധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ സര്‍ക്കാരിന്റെയും ഉത്തരവാദിത്വം. അതിന് വേണ്ടിയുടെ തീവ്രശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. സ്ത്രീകള്‍ക്കായി പ്രിയദര്‍ശിനി പദ്ധതി അടക്കം നടപ്പാക്കി. സ്ത്രീകളും പെണ്‍കുട്ടികളും പൊതുധാരയിലേക്ക് വരണം എന്നുതന്നെയാണ് സര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് എനിക്കും പറയാനുള്ളത്', മന്ത്രി പറഞ്ഞു. ഇതിനിടെ കാന്തപുരത്തിന്റെ പ്രസ്താവന തള്ളിക്കളയേണ്ടതല്ലേയെന്ന് ഒരു മാധ്യമപ്രവര്‍ത്തക ചോദിച്ചു. തന്റെ അഭിപ്രായം വ്യക്തമാക്കിയതാണെന്നും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് സ്ത്രീയും പുരുഷനും എന്നുമായിരുന്നു മന്ത്രി നല്‍കിയ മറുപടി. ഒന്നില്‍ നിന്ന് ഒന്നിനെ മാറ്റി നിര്‍ത്താന്‍ കഴിയില്ല. സമൂഹത്തിന്റെ പുരോഗതിക്കും ക്ഷേമത്തിനും ഈ രണ്ട് വിഭാഗവും എല്‍ജിബിടിക്യു വിഭാഗവും വേണം എന്നും മന്ത്രി പറഞ്ഞു.

കാന്തപുരത്തിന്റേത് പിന്തിരിപ്പന്‍ നിലപാടാണോ എന്ന ചോദ്യവും മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തി. സര്‍ക്കാരിന്റേത് പുരോഗനപരമായ നയമാണ് എന്നായിരുന്നു അതിന് മന്ത്രി നല്‍കിയ മറുപടി. എല്ലാവരെയും ചേര്‍ത്തുപിടിക്കുമെന്നും അതില്‍ സ്ത്രീകളും പെണ്‍കുട്ടികളും പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഉന്നത സ്ഥാനത്തുള്ളവർ ഇത്തരത്തിലുള്ള സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയാൽ അത് മറ്റുള്ളവർ ഏറ്റെടുക്കാനുള്ള സാധ്യതയില്ലേയെന്നും സർക്കാർ കേസെടുത്ത് മാതൃകയാക്കേണ്ടതല്ലേയെന്നും മറ്റൊരു മാധ്യമപ്രവർത്തകൻ ചോദിച്ചു. അതിന് നൽകിയ മറുപടിയിലായിരുന്നു തൻ്റെ വകുപ്പല്ല കേസെടുക്കേണ്ടതെന്ന് മന്ത്രി പറഞ്ഞത്.

നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദ്ദേശം എന്ന നിലയിലായിരുന്നു കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ഇറക്കിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്. ഇതിനെതിരെ ഇടതുസംഘടനകളാണ് ആദ്യം രംഗത്തെത്തിയത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും അടക്കം വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. സ്ത്രീകള്‍ പൊതുവേദികളില്‍ വരുന്നതിനെ 'പ്രദര്‍ശനം' എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്നായിരുന്നു എസ്എഫ്‌ഐ പറഞ്ഞത്. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്. സംഭവം വിവാദമായി നില്‍ക്കെ പറഞ്ഞതില്‍ ഉറച്ചുവില്‍ക്കുകയാണ് കാന്തപുരം ചെയ്തത്. സ്ത്രീകളെ രംഗത്തിറക്കിയാല്‍ വലിയ നാശമാണ് എന്ന് കണ്ടതുകൊണ്ടാണ് ഇസ്ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയതെന്നും പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നുമാണ് കാന്തപുരം പറഞ്ഞത്. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നും അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

Content Highlights- Minister K A Thulasi responded to a controversial statement by Kanthapuram AP Aboobacker Musliyar, describing women and men as two sides of the same coin

To advertise here,contact us