'സ്ത്രീകളെ പൊതുസമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തരുത്, തുല്യമായ ഇടവും അവകാശവും നല്‍കുന്നതാണ് ജനാധിപത്യം'

പൊതുവേദിയില്‍ പറയുന്നതും സ്വന്തം സ്ഥാപനത്തിലെ സമീപനവും തമ്മിലുള്ള വൈരുദ്ധ്യം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കുമെന്നും പി ജയരാജന്‍ പറഞ്ഞു

കണ്ണൂര്‍: കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി സിപിഐഎം നേതാവ് പി ജയരാജന്‍. പൊതുവേദിയില്‍ സ്ത്രീകള്‍ വരുന്നതിനെ എന്തിന് എതിര്‍ക്കണമെന്ന് പി ജയരാജന്‍ പി ജയരാജന്‍ ചോദിച്ചു. സ്ത്രീകളെ രണ്ടാം തരക്കാരായി കാണരുത്. സ്ത്രീകളെ പൊതുസമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തരുത്. തുല്യമായ ഇടവും അവകാശവും നല്‍കുന്നതാണ് ജനാധിപത്യം. മതവിശ്വാസിക്ക് വിശ്വാസത്തെക്കുറിച്ച് പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ അതിനെക്കുറിച്ച് ജനാധിപത്യ സമൂഹത്തില്‍ ചര്‍ച്ചയുണ്ടാകുന്നത് സ്വാഭാവികം. മതവിശ്വാസം പ്രധാനമാണെന്ന് പറയുന്നവരുടെ അവകാശം നിഷേധിക്കാനാവില്ല. പൊതുവേദിയില്‍ പറയുന്നതും സ്വന്തം സ്ഥാപനത്തിലെ സമീപനവും തമ്മിലുള്ള വൈരുദ്ധ്യം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കുമെന്നും പി ജയരാജന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.

ഓരോ മതവിശ്വാസിക്കും തന്റെ വിശ്വാസത്തെക്കുറിച്ച് പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ ഒരു മതവിശ്വാസത്തിന്റെ പേരില്‍ സ്ത്രീകള്‍ പൊതുസമൂഹത്തില്‍ എങ്ങനെ ജീവിക്കണം, എവിടെ പ്രത്യക്ഷപ്പെടണം, എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് പൊതുസമൂഹത്തിന് മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുമ്പോള്‍, അതിനെക്കുറിച്ച് ജനാധിപത്യ സമൂഹത്തില്‍ ചര്‍ച്ചയും വിമര്‍ശനവും ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് പി ജയരാജന്‍ പറഞ്ഞു.

'കാന്തപുരം മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന മര്‍കസിന്റെ കീഴിലുള്ള വിദേശ വിദ്യാഭ്യാസ സ്ഥാപനമായ FUSTATൻ്റെ പ്രചാരണ വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കങ്ങളും കാണുമ്പോള്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരുടെ മുന്നേറ്റത്തിനും നല്‍കുന്ന പ്രാധാന്യം വ്യക്തമാണ്. ആ സ്ഥാപനത്തിന്റെ പ്രചാരണത്തില്‍ മുഖം മറയ്ക്കാതെ ആത്മവിശ്വാസത്തോടെ പ്രത്യക്ഷപ്പെടുന്ന ഡോ. ബിസ്‌ന ബദേരി ഉള്‍പ്പെടെയുള്ള വനിതകളെ കാണാം. അതായത്, വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും ലോകത്ത് സ്ത്രീകള്‍ സജീവമായി മുന്നോട്ടുവരുന്നത് അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സമീപനം അവിടെ കാണുന്നു. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വേദിയില്‍ സ്ത്രീകള്‍ക്ക് സജീവമായി പ്രത്യക്ഷപ്പെടാനും പഠിക്കാനും മുന്നേറാനും കഴിയുമെങ്കില്‍, പൊതു വേദിയില്‍ സ്ത്രീകള്‍ പ്രത്യക്ഷപ്പെടുന്നതിനെ എന്തുകൊണ്ട് എതിര്‍ക്കണ'മെന്ന് പി ജരാജന്‍ ചോദിച്ചു.

മതവിശ്വാസത്തിന്റെ സംരക്ഷണം പ്രധാനമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് അതിനുള്ള അവകാശം നിഷേധിക്കാനാവില്ല. അതേസമയം, സ്ത്രീകളുടെ സ്വാതന്ത്ര്യവും തുല്യതയും പൊതുജീവിതത്തിലെ പങ്കാളിത്തവും സംരക്ഷിക്കണമെന്നത് ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന കടമയാണ്.ഇവിടെയാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളുടെ നിലപാടിനും പ്രസക്തിയുള്ളത്. മുസ്‌ലിം സമൂഹത്തിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് മാത്രമല്ല, ഏത് മതവിഭാഗത്തിലായാലും സ്ത്രീകളെ രണ്ടാംതരക്കാരായി കാണുന്ന, അവരെ മാറ്റിനിര്‍ത്തുന്ന, പൊതുജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്ന സമീപനങ്ങള്‍ക്കെതിരെ നിലകൊണ്ടിട്ടുള്ള പ്രസ്ഥാനത്തിന്റെ പ്രതിനിധികളാണ് അവര്‍. അതേ നിലപാടിന്റെ മറ്റൊരു വശമാണ് സ്ത്രീകളുടെ കാര്യത്തില്‍ മനുസ്മൃതിയെ ഉയര്‍ത്തിപ്പിടിക്കുന്ന സംഘപരിവാര്‍ ശക്തികളോടുള്ള അവരുടെ എതിര്‍പ്പിലും കാണുന്നതെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പൊതുവേദികളിലെ സ്ത്രീ സാന്നിധ്യത്തെ ചോദ്യം ചെയ്യുന്ന ബഹുമാനപ്പെട്ട കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയ്ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്. അതിന് മറുപടിയായി അദ്ദേഹം പറയുന്നത് മതപരമായ കാര്യങ്ങള്‍ പറയാനുള്ള അവകാശത്തെക്കുറിച്ചാണ്.

ഓരോ മതവിശ്വാസിക്കും തന്റെ വിശ്വാസത്തെക്കുറിച്ച് പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ ഒരു മതവിശ്വാസത്തിന്റെ പേരില്‍ സ്ത്രീകള്‍ പൊതുസമൂഹത്തില്‍ എങ്ങനെ ജീവിക്കണം, എവിടെ പ്രത്യക്ഷപ്പെടണം, എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് പൊതുസമൂഹത്തിന് മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുമ്പോള്‍, അതിനെക്കുറിച്ച് ജനാധിപത്യ സമൂഹത്തില്‍ ചര്‍ച്ചയും വിമര്‍ശനവും ഉണ്ടാകുന്നത് സ്വാഭാവികമാണ്.

കാന്തപുരം മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന മര്‍കസിന്റെ കീഴിലുള്ള വിദേശ വിദ്യാഭ്യാസ സ്ഥാപനമായ FUSTATൻ്റെ പ്രചാരണ വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കങ്ങളും കാണുമ്പോള്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരുടെ മുന്നേറ്റത്തിനും നല്‍കുന്ന പ്രാധാന്യം വ്യക്തമാണ്. മര്‍കസുമായി ബന്ധപ്പെട്ട ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നത് എന്റെ സുഹൃത്ത് അബ്ദുല്‍ ഹക്കീം അസ്ഹരിയാണ്. ആ സ്ഥാപനത്തിന്റെ പ്രചാരണത്തില്‍ മുഖം മറയ്ക്കാതെ ആത്മവിശ്വാസത്തോടെ പ്രത്യക്ഷപ്പെടുന്ന ഡോ. ബിസ്‌ന ബദേരി ഉള്‍പ്പെടെയുള്ള വനിതകളെ കാണാം. അതായത്, വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും ലോകത്ത് സ്ത്രീകള്‍ സജീവമായി മുന്നോട്ടുവരുന്നത് അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സമീപനം അവിടെ കാണുന്നു. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വേദിയില്‍ സ്ത്രീകള്‍ക്ക് സജീവമായി പ്രത്യക്ഷപ്പെടാനും പഠിക്കാനും മുന്നേറാനും കഴിയുമെങ്കില്‍, പൊതു വേദിയില്‍ സ്ത്രീകള്‍ പ്രത്യക്ഷപ്പെടുന്നതിനെ എന്തുകൊണ്ട് എതിര്‍ക്കണം?

മതവിശ്വാസത്തിന്റെ സംരക്ഷണം പ്രധാനമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് അതിനുള്ള അവകാശം നിഷേധിക്കാനാവില്ല. അതേസമയം, സ്ത്രീകളുടെ സ്വാതന്ത്ര്യവും തുല്യതയും പൊതുജീവിതത്തിലെ പങ്കാളിത്തവും സംരക്ഷിക്കണമെന്നത് ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന കടമയാണ്.ഇവിടെയാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളുടെ നിലപാടിനും പ്രസക്തിയുള്ളത്. മുസ്‌ലിം സമൂഹത്തിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് മാത്രമല്ല, ഏത് മതവിഭാഗത്തിലായാലും സ്ത്രീകളെ രണ്ടാംതരക്കാരായി കാണുന്ന, അവരെ മാറ്റിനിര്‍ത്തുന്ന, പൊതുജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്ന സമീപനങ്ങള്‍ക്കെതിരെ നിലകൊണ്ടിട്ടുള്ള പ്രസ്ഥാനത്തിന്റെ പ്രതിനിധികളാണ് അവര്‍.

അതേ നിലപാടിന്റെ മറ്റൊരു വശമാണ് സ്ത്രീകളുടെ കാര്യത്തില്‍ മനുസ്മൃതിയെ ഉയര്‍ത്തിപ്പിടിക്കുന്ന സംഘപരിവാര്‍ ശക്തികളോടുള്ള അവരുടെ എതിര്‍പ്പിലും കാണുന്നത്.

അതുകൊണ്ട് ഈ വിഷയത്തെ ഒരു മതവിരുദ്ധ നിലപാടായി വക്രീകരിച്ച് കാണേണ്ടതില്ല. മതത്തിന് അതിന്റെ വിശ്വാസങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം വേണം. അതുപോലെ തന്നെ സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ക്കായി സംസാരിക്കാനും പൊതുസമൂഹത്തില്‍ തുല്യമായി ഇടപെടാനുമുള്ള സ്വാതന്ത്ര്യവും വേണം. നടപ്പാക്കാന്‍ കഴിയാത്തതും കാലത്തിന്റെ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്തതുമായ നിയന്ത്രണങ്ങള്‍ മുന്നോട്ടുവയ്ക്കുമ്പോള്‍, സ്വന്തം സ്ഥാപനങ്ങളില്‍ സ്വീകരിക്കുന്ന സമീപനവും പൊതുവേദിയില്‍ പറയുന്ന വാക്കുകളും തമ്മിലുള്ള വൈരുദ്ധ്യം കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്. സ്ത്രീകളെ പൊതുസമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതല്ല, അവര്‍ക്ക് തുല്യമായ ഇടവും അവകാശവും നല്‍കുന്നതാണ് ജനാധിപത്യ സമൂഹത്തിന്റെ വഴി.

Content Highlights- P Jayarajan criticized Kanthapuram's remarks on women, stating that women should not be excluded from public life. He said democracy means providing women with equal space and rights.

To advertise here,contact us