തിരുവനന്തപുരം: എട്ട് വര്‍ഷം മുന്‍പ് നടന്ന ഒരു വാഹനാപകടത്തില്‍ ജിജി മാത്യുവിന് ഭാര്യയെ നഷ്ടപ്പെട്ടു. ഇപ്പോള്‍ മകളെയും. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട രണ്ട് യുവതികളിൽ ഒരാളായ ആന്‍ മേരിയാണ് ജിജി മാത്യുവിന്റെ മകള്‍. ഭാര്യയുടെ മരണം പോലും ഉള്‍ക്കൊള്ളാന്‍ സമയമെടുത്ത ജിജിക്ക് മകള്‍ കൊല്ലപ്പെട്ടു എന്ന് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ ജൂണിൽ പിതാവിൻ്റെ 70-ാം പിറന്നാള്‍ ആഘോഷത്തിനായാണ് ആന്‍ അവസാനമായി നാട്ടിലെത്തിയത്. അന്ന് കണ്ട് മടങ്ങിയ മകള്‍ ഇന്ന് ജീവനോടെയില്ല എന്നത് ജിജിയെ തകര്‍ത്തുകളഞ്ഞിരിക്കുകയാണ്. ആനിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് മസ്ക്കറ്റിലുള്ള ഇളയ സഹോദരി അബിന കേശവദാസപുരത്തെ വീട്ടിലെത്തിയിട്ടുണ്ട്. ആനിൻ്റെ മരണം അബിനയ്ക്കും ഉൾക്കൊള്ളാനായിട്ടില്ല.
2018ല്‍ ഉണ്ടായ ഒരു വാഹനാപകടത്തിലായിരുന്നു ജിജിക്ക് ഭാര്യ ബെസിയെ നഷ്ടമായത്. ഇരുവരും സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ ബെസി മരിച്ചു. ഭാര്യയുടെ വിയോഗം ജിജിയെ തകര്‍ത്തു. അന്ന് ജിജിക്ക് തണലായത് മക്കളായ ആനും അബിനയുമായിരുന്നു. ഭാര്യയുടെ വിയോഗത്തോട് ജിജി പതിയെ പൊരുത്തപ്പെട്ടു. നാല് വര്‍ഷങ്ങള്‍ക്കുശേഷം 2022ല്‍ ജോലി തേടി ആന്‍ അമേരിക്കയിലേക്ക് പോയി. നാട്ടില്‍ അച്ഛന് ഒറ്റയ്ക്ക് കഴിയുന്നത് ആനിനെ അലട്ടിയിരുന്നു. മിക്ക ദിവസങ്ങളിലും ആന്‍ അച്ഛനെ ഫോണില്‍ വിളിച്ചിരുന്നു. കഴിഞ്ഞ ദിവസം കൂടി വീഡിയോ കോള്‍ ചെയ്തിരുന്നു. തിങ്കളാഴ്ച മകള്‍ കൊല്ലപ്പെട്ടുവെന്നുള്ള വിവരം അറിഞ്ഞതോടെ ജിജി ആകെ തകര്‍ന്നു. മകളെ സുഹൃത്ത് അനില എന്തിന് കൊലപ്പെടുത്തി എന്നത് സംബന്ധിച്ച് ജിജിക്ക് യാതൊരു വിവരവുമില്ല. ആനിൻ്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം.
ആനിന് പുറമേ തൃശൂര്‍ സ്വദേശിനിയായ അഞ്ജന ഹരിയായിരുന്നു കൊല്ലപ്പെട്ടത്. സുഹൃത്തായ അനിലയായിരുന്നു ഇരുവരെയും കൊലപ്പെടുത്തിയത്. ഉറ്റസുഹൃത്തുക്കളെ അനില എന്തിന് കൊലപ്പെടുത്തി എന്നത് സംബന്ധിച്ച് ഇപ്പോഴും വിവരമില്ല. കൊലയ്ക്ക് തലേദിവസവും മൂവരും ഒന്നിച്ച് സിനിമ കണ്ടിരുന്നുവെന്നും സന്തോഷവതികളായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. മാസങ്ങള്‍ക്ക് മുന്‍പുവരെ യുവതികള്‍ ഒരേ അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസിച്ചിരുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആന്‍ പത്ത് കിലോമീറ്റര്‍ അപ്പുറത്തുള്ള സ്ഥലത്തേക്ക് താമസം മാറി. അനിലയും അഞ്ജനയും ഒരേ അപ്പാർട്ട്മെൻ്റിൽ താമസം തുടര്‍ന്നു. ആനിന്റെ അപ്പാര്‍മെന്റില്‍ എത്തിയായിരുന്നു അനില അരുംകൊല നടത്തിയത്. ഭര്‍ത്താവായിരുന്നു അനിലയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആനിനെ കൊലപ്പെടുത്തിയ ശേഷം അനില താന്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെത്തി. തുടര്‍ന്ന് അഞ്ജനയെ താഴേയ്ക്ക് വിളിച്ചുവരുത്തി വാഹനം ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.
കൊല്ലപ്പെട്ട യുവതികളില്‍ ഒരാളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാമത്തെയാളുടെ പോസ്റ്റ്മോര്‍ട്ടം വ്യാഴാഴ്ച നടത്തും. വെള്ളിയാഴ്ചയോടുകൂടി എംബസിയില്‍ പേപ്പറുകള്‍ പൂര്‍ത്തിയാകും. ഈയാഴ്ച അവസാനത്തോടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് കുടുംബത്തെ ഇക്കാര്യം അറിയിച്ചത്.
Content Highlights- Jiji Mathew is grieving the death of his daughter Ann, eight years after losing his wife. The consecutive family losses have left him deeply distressed.