ഉപനേതൃപദവിയിലെ തർക്കം; അച്യുതമേനോന്‍ ഭരിച്ചപ്പോഴാണ് കേരളം NO.1 ആയത്: CPIയെ ചരിത്രം ഓർമ്മിപ്പിച്ച് ചന്ദ്രിക

'സിപിഐഎമ്മിന്റെ വലയില്‍ അകപ്പെട്ടതോടെ മുഖ്യമന്ത്രി പദവിയോ ഉപമുഖ്യമന്ത്രി സ്ഥാനമോ ലഭിക്കാതെ സിപിഐ സ്വയം താഴ്ന്നു പോയി'

കോഴിക്കോട്: പ്രതിപക്ഷ ഉപനേതൃപദവിയെ സംബന്ധിച്ച് സിപിഐഎം-സിപിഐ തമ്മിലുള്ള ഭിന്നത ശക്തമാകവെ പഴയ മുന്നണി ബന്ധം ഓർമ്മിച്ച് രാഷ്ട്രീയ നിലപാട് പറഞ്ഞ് മുസ്ലിം ലീഗ്. മുസ്ലിം ലീഗും സിപിഐയും കോണ്‍ഗ്രസും ഒന്നിച്ചു ഭരിച്ച അച്യുതമേനോന്‍ മന്ത്രിസഭയുടെ ഭരണം ഓര്‍മ്മപ്പെടുത്തിയാണ് ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ മുതിർന്ന നേതാവായ കെപിഎ മജീദ് ലേഖനം എഴുതിയിരിക്കുന്നത്. അച്യുതമേനോന്‍ മന്ത്രിസഭ മുസ്ലിം ലീഗിന്റെയും സിപിഐ യുടെയും ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളിലെഴുതിയ താളുകളായിരുന്നുവെന്നാണ് കെപിഎ മജീദ് ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

മുസ്ലിംലീഗും കോണ്‍ഗ്രസ്സും സിപിഐയും ചേര്‍ന്ന് ഭരിച്ചപ്പോഴാണ് കേരളം നമ്പര്‍ വണ്‍ ആയത്. അച്യുതമേനോന്‍ സര്‍ക്കാര്‍ കേരളത്തിന്റെ വളര്‍ച്ചയുടെ അടിത്തറ ദൃഢപ്പെടുത്തി. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ ലോകോത്തര കേരള മോഡല്‍ രൂപപ്പെട്ടത് അക്കാലത്താണെന്നും കെപിഎ മജീദ് ലേഖനത്തിൽ അവകാശപ്പെടുന്നുണ്ട്.

സിപിഐഎമ്മിന്റെ വലയില്‍ അകപ്പെട്ടതോടെ മുഖ്യമന്ത്രി പദവിയോ ഉപമുഖ്യമന്ത്രി സ്ഥാനമോ ലഭിക്കാതെ സിപിഐ സ്വയം താഴ്ന്നു പോയെന്നും ഭൂപരിഷ്‌കരണ നിയമത്തിന്റെ ക്രെഡിറ്റ് സിപിഐഎം അടിച്ചെടുക്കുകയാണെന്നും കെപിഎ മജീദ് ലേഖനത്തിൽ പറയുന്നുണ്ട്. വല്യേട്ടന്‍ ചമയുന്നതില്‍ നിന്നും സിപിഐഎം തമ്പ്രാന്‍ കല്‍പ്പിക്കുന്ന നിലയിലേക്ക് എത്തി. ഭരണത്തിലുള്ളപ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ഉടമ അടിമ വ്യവസ്ഥക്ക് മാറ്റമില്ല. തിരുമുമ്പില്‍ കുനിഞ്ഞ് നിന്ന് രാജകല്‍പന അനുസരിക്കാന്‍ മാത്രം അടിമകളല്ല സിപിഐ. ജയപരാജയങ്ങള്‍ക്കപ്പുറം കേരള ചരിത്രത്തില്‍ സിപിഐക്ക് ഉള്ളത് തനതായ വ്യക്തിത്വമെന്നും ലേഖനത്തില്‍ പറയുന്നു.

സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് പദവി നല്‍കണമോ വേണ്ടയോ എന്നത് ആ മുന്നണിയുടെ ആഭ്യന്തര കാര്യമാണ്. പക്ഷേ അത് മിണ്ടാന്‍ പോലും അവകാശമില്ലെന്നും എല്ലാം തമ്പ്രാന്‍ കല്‍പ്പിക്കുമെന്നും പൊതുസമൂഹത്തില്‍ വന്ന് മാധ്യമങ്ങളോട് തുറന്നടിക്കുമ്പോള്‍ സിപിഐ എന്തിനിത്ര ആട്ടും തുപ്പും സഹിക്കണമെന്ന് ലേഖനത്തില്‍ പറയുന്നു. ഏതെങ്കിലുമൊരു പാര്‍ട്ടിയോ വ്യക്തിയോ വരുന്നതും വരാതിരിക്കുന്നതും ഇപ്പോള്‍ യുഡിഎഫിന് ആശങ്ക സൃഷ്ടിക്കുന്ന കാര്യമല്ല. എന്നാല്‍ ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് മാറാത്ത പക്ഷം സിപിഐക്ക് എല്‍ഡിഎഫില്‍ തുടരുന്നത് ദുഷ്‌ക്കരമാവുമെന്നും മുസ്‌ലിം ലീഗ് ദേശീയ ഉപാധ്യക്ഷനായ കെപിഎ മജീദ് പറഞ്ഞു.

പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് സിപിഐ-സിപിഐഎം തർക്കങ്ങൾ പരസ്യമായ തർക്കങ്ങളിലേയ്ക്ക് പോകുന്ന ഘട്ടത്തിലാണ് സിപിഐയെ പ്രകീർത്തിച്ചും സിപിഐഎമ്മിനെ കുറ്റപ്പെടുത്തിയുമുള്ള കെപിഎ മജീദിൻ്റെ ലേഖനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സിപിഐയെ യുഡിഎഫിലേയ്ക്ക് പരോക്ഷമായി ക്ഷണിക്കുന്നതാണ് ഈ ലേഖനമെന്നും വിലയിരുത്തലുകളുണ്ട്.

Content Highlights: Amid the CPI-CPI(M) differences, Muslim League leader KPA Majeed recalled the Achutha Menon government and indirectly invited the CPI to consider the UDF

To advertise here,contact us