കൊച്ചി: സിപിഐക്കെതിരെ വീണ്ടും വടിയെടുത്ത് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി എൻ മോഹനൻ. ദേശാഭിമാനിയുടെ എഡിറ്റ് പേജിൽ ഉപനേതൃപദവിയും സിപിഐയും എന്ന തലക്കെട്ടിൽ നിലപാട് എന്ന നിലയിൽ എഴുതിയ ലേഖനത്തിലാണ് സി എൻ മോഹൻ സിപിഐക്കെതിരെ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. ഉപനേതൃപദവിയുമായി ബന്ധപ്പെട്ട പിണറായി വിജയൻ്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ചുള്ള ലേഖനത്തിൽ സിപിഐയെ പൂർണ്ണമായി കുറ്റപ്പെടുത്തുന്ന സമീപനമാണ് സി എൻ മോഹനൻ സ്വീകരിച്ചിരിക്കുന്നത്. 'പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്നുണ്ടെങ്കിൽ ഇക്കാര്യം അവർ മുന്നണി മര്യാദ അനുസരിച്ച് ഉന്നയിക്കേണ്ടത് എൽഡിഎഫ് യോഗത്തിലായിരുന്നു എന്നാണ് സി എൻ മോഹനൻ ലേഖനത്തിൽ പറയുന്നത്. ഇതിന് പകരം മാധ്യമങ്ങളോട് പറയുകയും അനാവശ്യ ചർച്ചയും വിവാദവും ഉയരുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവിനോട് ഇതു സംബന്ധിച്ച് ചോദ്യം വന്നത്. പ്രതിപക്ഷ നേതാവ്, ഉപനേതാവിനെ തീരുമാനിക്കുന്ന കീഴ്വഴക്കം ചുണ്ടിക്കാട്ടി മറുപടി നൽകുകമാത്രമാണ് ചെയ്തതെന്നു'മാണ് സി എൻ മോഹനൻ്റെ ന്യായീകരണം.
പ്രതിപക്ഷ ഉപനേതൃപദവിയിൽ പിണറായി വിജയൻ നടത്തിയ വിവാദ പ്രസ്താവനയെ ന്യായീകരിക്കുന്ന നിലപാടുകളും ലേഖനത്തിൽ സി എൻ മോഹനൻ സ്വീകരിച്ചിട്ടുണ്ട്. സിപിഐഎം നേതാവ് പിണറായി വിജയൻ നടത്തിയ ഒരു പരാമർശത്തിന്റെ ചുവടുപിടിച്ചാണ് സിപിഐ പ്രകോപിതരായതെന്ന് ചൂണ്ടിക്കാണിച്ചാണ് ഈ വിഷയത്തിൽ സി എൻ മോഹനൻ കൂടുതൽ വിശദീകരണം നൽകുന്നത്. 'സാധാരണ ഗതിയിൽ സിപിഐഎമ്മിന് അവകാശപ്പെട്ട ഉപനേതാവിനെ നിശ്ചയിക്കുന്ന രീതിയാണ് പിണറായി വിജയൻ പറഞ്ഞത്. ഉപനേതാവ് സ്ഥാനം പുതുതായി രൂപംകൊണ്ട ഒരു പദവിയല്ല. നേരത്തേ സൂചിപ്പിച്ചതുപോലെ ദശകങ്ങളായി സിപിഐഎം നേതാവാണ് ആ സ്ഥാനത്ത് വരാറുള്ളത്. ആ സ്ഥാനം സിപിഐഎം ഒഴിഞ്ഞ് തങ്ങൾക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെടാൻ സിപിഐയുടെ ഭാഗത്ത് എന്തു ന്യായമാണുള്ളതെന്ന് വ്യക്തമാക്കിയാൽ കൊള്ളാം' എന്നാണ് സി എൻ മോഹനൻ വ്യക്തമാക്കുന്നത്.
സിപിഐ മുഖപത്രമായ ജനയുഗത്തിൽ സിപിഐയുടെ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി സത്യൻ മൊകേരി എഴുതിയ ലേഖനത്തെയും സി എൻ മോഹനൻ വിമർശിക്കുന്നുണ്ട്. നി യമസഭാ തെരഞ്ഞെടുപ്പിലെ കനത്തപരാജയത്തെത്തുടർന്ന് എൽഡിഎഫിൽ കൂട്ടായ പ്രവർത്തനത്തിന് സിപിഐ മുന്നോട്ടുവെച്ചതാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം എന്ന സത്യൻ മൊകേരിയുടെ അവകാശവാദം ചൂണ്ടിക്കാണിച്ചാണ് സി എൻ മോഹനൻ്റെ വിമർശനം. 'മുന്നണി പരാജയപ്പെട്ടാൽ സിപിഐഎമ്മിൻ്റെ കൈവശമുള്ള ഉപനേതാവ് സ്ഥാനം തങ്ങൾക്ക് വിട്ടുനൽകിയില്ലെങ്കിൽ കൂട്ടായ പ്രവർത്തനം പ്രതീക്ഷിക്കേണ്ടന്നാണോ സത്യൻ മൊകേരിയും സിപിഐയും ഉദ്ദേശിക്കുന്നത്? ഈ ആവശ്യത്തിനുപിന്നിലുള്ള യുക്തിയെന്താണ്? സിപിഐഎമ്മിന് 26 സീറ്റും സിപിഐക്ക് എട്ട് സീറ്റുമാണ് എന്നതിനാൽ ഈ പരാജയപ്പെട്ട നിമിഷത്തിൽ സിപിഐ വളർന്നു പോയി എന്നാണോ അവർ അർഥമാക്കുന്നത്?' എന്നാണ് സത്യൻ മൊകേരിയുടെ നിലപാടിനെ സി എൻ മോഹനൻ ചോദ്യം ചെയ്യുന്നത്.
കേരളത്തിൽ സിപിഐഎമ്മിനെ മറികടന്നുള്ള രാഷ്ട്രീയസ്വാധീനത്തിലേക്ക് തങ്ങൾ വളരുകയാണെന്നാണോ സിപിഐ കരുതുന്നതെന്നും ലേഖനത്തിൽ സി എൻ മോഹനൻ ചോദിക്കുന്നുണ്ട്. 'ഇങ്ങനെയൊരാവശ്യം ഉന്നയിച്ചതാണ് സകലവിവാദങ്ങളുടെയും അടിസ്ഥാനമെന്ന് പ്രിയപ്പെട്ട സിപിഐ സഖാക്കൾ ഉൾക്കൊള്ളണം. സിപിഐ ഉയർത്തി വിട്ടതാണ് ഈ തർക്കപ്രശ്നം. അക്കാര്യത്തിൽ സി പിഐഎമ്മിന് ഉത്തരവാദിത്വം ഒന്നുമില്ല. എൽഡിഎഫ് നടപ്പാക്കിയ ജനോപകാരപ്രദമായിരുന്ന മിക്ക പദ്ധതികളും തകർത്ത് കേന്ദ്രത്തിലെ ബിജെപി സർക്കാരിന് അലോസരമുണ്ടാക്കാതെ ഭരിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ 'മെമ്മോറാണ്ടം സമർപ്പിച്ച് കാത്തിരിക്കാതെ ശക്തമായ സമരം സംഘടിപ്പിക്കേണ്ട ഘട്ടത്തിൽ ഇടതുപക്ഷത്ത് അനൈക്യമെന്ന് വിളിച്ചുപറയുന്ന ഈ പ്രശ്നം സി പിഐ ശാന്തമായി അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും' സി എൻ മോഹനൻ ലേഖനത്തിൽ ആവശ്യപ്പെടുന്നുണ്ട്.
പ്രതിപക്ഷനേതാവിൻ്റെ അഭിപ്രായം ഇടതുപക്ഷരാഷ്ട്രീയമല്ല എന്ന ജനയുഗം ലേഖനത്തിലെ പരാമർശത്തെയും ദേശാഭിമാനി ലേഖനത്തിൽ സി എൻ മോഹനൻ വിമർശിക്കുന്നുണ്ട്. പിന്നെ ആര് പറയുന്നതാണ് ഇടതുപക്ഷരാഷ്ട്രീയം എന്ന് ചോദ്യം ഉന്നയിച്ചാണ് ഈ വിഷയത്തിൽ സി എൻ മോഹനൻ പ്രതികരിച്ചിരിക്കുന്നത്. 'ഏകപക്ഷിയമായി നിലപാട് പ്രഖ്യാപിക്കുന്നത് പിണറായി അല്ലല്ലോ, സിപിഐ അല്ലേ? അതല്ലേ വിവാദത്തിന് അടിസ്ഥാനം. കമ്യൂണിസ്റ്റുകാർ മുന്നണിരാഷ്ട്രീയത്തിൽ ഉയർത്തിപ്പിടിക്കേണ്ട രാഷ്ട്രീയപക്വത പ്രതിപക്ഷനേതാവിനല്ല ഇല്ലാതെപോയത് സിപിഐക്കാണ്. കമ്യൂണിസ്റ്റ് ഇൻ്റർനാഷണലിലെ ഏഴാം കോൺഗ്രസിൽ ഗ്യോർഗി ദിമിത്രോവ് അവതരിപ്പിച്ച ഫാസിസത്തിനെതിരായ ഐക്യമുന്നണി എന്ന തീസിസിൻ്റെ സ്പിരിറ്റിന് എതിരായി നിന്നത് സിപിഐയാണ്. ഫാസിസ്റ്റ് മുസോളിനിയുടെയും നാസി ഹിറ്റ്ലറുടെയും സർവനാശകരമായ യുദ്ധനീക്കങ്ങൾക്കെതിരെ മനുഷ്യരാശിയെ രക്ഷിക്കാൻ ജനാധിപത്യവിശ്വാസികളുടെ ഐക്യമുന്നണി എന്ന തീസിസിൻ്റെ മറവിൽ ലോകത്തിലെ ഏതെങ്കിലും കമ്യൂണിസ്റ്റ് ഇടതുപക്ഷപാർടികൾ പുതിയ പുതിയ ആവശ്യങ്ങൾ ഉന്നയിച്ചതായി ചരിത്രത്തിൽ പരാമർശമില്ല. കേരള നിയമസഭയിലെ ഉപനേതാവ് സ്ഥാനത്തിനുവേണ്ടിയുള്ള വാദത്തിൽ മേൽപ്പറഞ്ഞ തീസിസിനെ വലിച്ചിഴക്കേണ്ടതുമില്ല' എന്നാണ് സി എൻ മോഹനൻ ലേഖനത്തിൽ പറയുന്നത്.
സിപിഐ ഇല്ലാതെ കേരളത്തിൽ ഇടതുപക്ഷം ഭരിച്ചിട്ടില്ലെന്ന സിപിഐയുടെ നിലപാടിനെയും ലേഖനം പരിഹസിക്കുന്നുണ്ട്. 'സിപിഐഎമ്മിനെ നേരിടാൻ ഇങ്ങനെയൊരു വാദം ഉന്നയിക്കുമ്പോൾ, സിപിഐ ഇല്ലാത്ത എൽഡിഎഫിനെക്കുറിച്ച് സിപിഐഎം ആലോചിച്ചിട്ടില്ല എന്ന് പറയാതെ തരമില്ല. മറ്റൊരു കാര്യമുണ്ട്. 1996ൽ രാജ്യത്തിൻ്റെ പ്രധാനമന്ത്രിസ്ഥാനം ഏറ്റെടു ക്കാൻ സിപിഐഎം നേതാവ് ജ്യോതിബസുവിനോട് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതാണ്. കേന്ദ്രത്തിലെ ഒരു മന്ത്രിസ്ഥാനമല്ല, പ്രധാനമന്ത്രി സ്ഥാനംതന്നെ. അത് രാഷ്ട്രീയ പ്രത്യയശാസ്ത്രകാരണങ്ങളാൽ വേണ്ടെന്നുവച്ച പാർടിയാണ് സിപിഐഎം എന്ന് സിപിഐ സഖാക്കൾക്ക് അറിയാത്തതല്ല. കേന്ദ്രത്തിൽ 1996, 1998 വർഷങ്ങളിൽ അധികാരത്തിൽ വന്ന ദേശീയമുന്നണി സർക്കാരുകളെ ലോക്സഭയിൽ സിപിഐഎം പിന്തുണ നൽകിയാണ് നിലനിർത്തിയത്. ആ സർക്കാരുകളിൽ ഒന്നിലും സിപിഐഎം പങ്കാളിയായില്ലെന്ന് സിപിഐ സഖാക്കൾക്ക് അറിയാമല്ലോ. ഇന്ത്യയിൽ ഒരിടത്തും കോൺഗ്രസുമായി ചേർന്ന് സിപിഐഎം ഭരണം കൈയാളിയിട്ടില്ലെന്ന് സിപിഐ സഖാക്കൾ ഓർക്കണം' എന്നാണ് സി എൻ മോഹനൻ ലേഖനത്തിൽ സിപിഐയെ പരോക്ഷമായി കുറ്റപ്പെടുത്തുന്നത്.
അടിയന്തരാവസ്ഥ കാലത്തെ രാജൻ കേസ് ഉയർത്തിക്കാണിച്ച് സിപിഐയെ ലേഖനത്തിൽ സി എൻ മോഹനൻ കുറ്റപ്പെടുത്തിയിട്ടുണ്ട്. 'കോഴിക്കോട് റീജണൽ എൻജിനിയറിങ് കോളേജിലെ രാജൻ എന്ന ഈച്ചരവാരിയരുടെ മകൻ ഭീകരമായ മർദനങ്ങൾക്ക് വിധേയനായി കൊല്ലപ്പെട്ടത് ബഹുമാന്യനായ സഖാവ് സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. മുഖ്യമന്ത്രി ആരായിരുന്നാലും ഭരണം കോൺഗ്രസിന്റേതായിരുന്നുവെന്ന് കേരളീയർക്കറിയാം. അഭ്യന്തരമന്ത്രിയായിരുന്ന കരുണാകരനെ ഈച്ചരവാരിയർ രാമനിലയത്തിൽ കാണുമ്പോൾ, മാഷുടെ മകന് ഒന്നും സംഭവിക്കില്ലെന്ന് കരുണാകരൻ പറയുമ്പോൾ ഈച്ചരവാരിയരുടെ കൂടെ പ്രൊഫ. സി ആർ ഓമനക്കുട്ടനും ഉണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം 'ശവംതീനികൾ' എന്ന ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട്. രാജനെ, മാഷിന് ലഭിക്കുമെന്ന് കരുണാകരൻ ഈച്ചരവാരിയരോട് പറയുമ്പോൾ രാജൻ കൊല്ലപ്പെട്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻ ഇക്കാര്യത്തിൽ അജ്ഞനായിരുന്നു എന്നാണദ്ദേഹം പറഞ്ഞത്. കോൺഗ്രസിന് ഇടതുപക്ഷ മുഖമുണ്ടാക്കിക്കൊടുത്ത ആദരണീയനായ സഖാവ് അച്യുതമേനോന്റെ നേതൃത്വത്തെപ്പോലും നിഷ്പ്രഭമാക്കിയതായിരുന്നു കോൺഗ്രസ് ഭരണം. അടിയന്തരാവസ്ഥയെ പിന്തുണയ്ക്കേണ്ടിവന്ന ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് പാർടിയാണ് സിപിഐയെന്നും ഓർക്കണം' എന്നാണ് പരിഹാസം കലർത്തിയുള്ള സി എൻ മോഹനൻ്റെ വിമർശനം. ഇത്രയും സൂചിപ്പിച്ചത് എൽഡിഎഫിലെ ഐക്യം പരമപ്രധാനമാണെന്ന ബോധ്യത്തിൽ നിന്നുതന്നെയാണെന്നും ലേഖനം വ്യക്തമാക്കുന്നു. രാജ്യം അതീവഗുരുതരമായൊരു പതനത്തിലേക്ക് നീങ്ങുമ്പോൾ, വിശാലമായ ജനാധിപത്യ മതനിരപേക്ഷ ഐക്യം പ്രഥമഗണനീയമാകുമ്പോൾ, പുതിയ അവകാശവാ ങ്ങൾ ഉന്നയിച്ച് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ ഐക്യത്തിന് ഹാനി വരുത്താൻ അതിലെ ഒരു കക്ഷിയും ഇടകൊടുക്കരുത്. അത്രയേ സിപിഐ നേതാക്കളോട് അഭ്യർത്ഥിക്കാനുള്ള എന്നും ലേഖനത്തിൽ സി എൻ മോഹനൻ വ്യക്തമാക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട സിപിഐഎം ഇതുവരെ ശക്തമായ ഉയർത്താത്ത വാദമുഖങ്ങൾ അവതരിപ്പിച്ചാണ് സി എൻ മോഹനൻ്റെ ലേഖനം ആരംഭിക്കുന്നത്. 'ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗബലം നിയമസഭയിൽ മുപ്പത്തഞ്ചായി ചുരുങ്ങി. തികച്ചും രാഷ്ട്രീയമായ കാരണങ്ങളാലാണ് എൽഡിഎഫിന് കനത്ത പരാജയമുണ്ടായത്. കേന്ദ്ര സർക്കാർ, ഗവർണർ, യുഡിഎഫ്, വലതുപക്ഷ മാധ്യമങ്ങൾ എന്നിവരുടെ സംയുക്തമുന്നണിയാണ് വാസ്തവത്തിൽ എൽഡിഎഫിനെ പരാജയപ്പെടുത്തിയത്. 2021ൽ ആരംഭിച്ചസർക്കാർവിരുദ്ധ വാർത്താപ്രവാഹത്തിന്റെ ഉച്ച സ്ഥായിയായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിനുശേഷമുള്ള മാധ്യമവിളയാട്ടം. തരിമ്പും ജനാധിപത്യമര്യാദയില്ലാതെ ഒരു മുന്നണിയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു ബിജെപിയും യുഡിഎഫും മാധ്യമങ്ങളും. 2001ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 41 സീറ്റാണ് ലഭിച്ചത്. 1977ൽ ഇന്ത്യയൊന്നാ കെ അടിയന്തരാവസ്ഥാവിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോൾ ഇന്ദിരാഭരണം വീഴുകയും ജനതാ പാർടി അധികാരത്തിൽ വരികയും ചെയ്തു. ഈ അവസരത്തിലും കേരളത്തിൽ അന്നത്തെ വലതുമുന്നണിയാണ് വൻ ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയത്. അന്ന് കോൺഗ്രസ് മുന്നണിയുടെ ഭാഗമായിരുന്നു സിപിഐ. ദേശീയതലത്തിലെ ഫലം കേരളത്തിലുണ്ടാകാത്തത് കേരളത്തിൻ്റെ സവിശേഷമായ സാമൂഹിക ഉള്ളടക്കംകൊണ്ടാണ്. അത് കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പ്രത്യയശാസ്ത്രംതന്നെയാണ്. എന്നാൽ, ഈ തെരഞ്ഞെടുപ്പിലെ പരാജയം സിപിഐഎമ്മിൻ്റെ രാഷ്ട്രീയവും ഭരണപരവുമായ പരാജയമായിട്ടാണ് വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിച്ചതും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും. ഈ പ്രചാരണത്തിൻ്റെ താളത്തിനനുസരിച്ചാണ് സിപിഐ നിലപാടുകൾ മാധ്യമങ്ങളിലുടെ പുറത്തുവരുന്നത്' എന്നും സി എൻ മോഹനൻ കുറ്റപ്പെടുത്തുന്നത്.
Content Highlights: CPI(M) leader CN Mohanan again criticises the CPI, questioning whether the party believes it is growing into a political force capable of surpassing CPI(M) in Kerala.