തൊടുപുഴ: വിദ്വേഷ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഓണപ്പൂക്കളം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് വിജേഷ് പങ്കുവെച്ച പോസ്റ്റ് മതസ്പര്‍ദ്ധ വളര്‍ത്തുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സേനയുടെ പെരുമാറ്റച്ചട്ടം വിജേഷ് ലംഘിച്ചുവെന്നും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ എസ്ഐ വിജേഷ് പോസ്റ്റ് ഷെയര്‍ ചെയ്തത്. 'മാന്തിയത് പട്ടിയല്ല, മദ്രസ പന്നികള്‍ ആണെന്ന് സിസിടിവി നോക്കിയപ്പോള്‍ മനസ്സിലായി' എന്ന തലക്കെട്ടിലുള്ള പോസ്റ്റാണ് ഉദ്യോഗസ്ഥന് ഷെയര്‍ ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെ വിജേഷ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ വിജേഷിനെതിരെ യൂത്ത് ലീഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൂക്കളം തട്ടിത്തെറിപ്പിക്കുന്ന തട്ടമിട്ട സ്ത്രീ എന്ന പേരില്‍ ഈ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 2024ല്‍ ബെംഗളൂരുവില്‍ ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ മറ്റൊരു തലക്കെട്ടോടെ പ്രചരിക്കുന്നത്. സംഘപരിവാര്‍ ഗ്രൂപ്പുകളിലാണ് ഈ ദൃശ്യങ്ങള്‍ വലിയ തരത്തില്‍ പ്രചരിക്കുന്നത്. ഒരു സ്ത്രീ അത്തപൂക്കളം കാലുകൊണ്ട് തട്ടി തെറിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഉദ്യോഗസ്ഥനെതിരെ തൊടുപുഴ പൊലീസിലും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയതായി യൂത്ത് ലീഗ് നേതാവ് കെ എം നിഷാദ് പറഞ്ഞിരുന്നു.
Content Highlights-Grade SI Vijesh of the Thodupuzha police station has been suspended for sharing a hate post on social media.