പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷന് വിഭജിക്കാനുള്ള റെയില്‍വേ ബോര്‍ഡ് തീരുമാനത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോട് പ്രതിഷേധം അറിയിച്ച് കൂടുതല്‍ എംപിമാര്‍. കേരളത്തിലെ റെയില്‍വേ വികസനത്തേയും യാത്രാ സൗകര്യങ്ങളേയും തകര്‍ക്കുന്ന തീരുമാനം ആണെന്ന് കെ രാധാകൃഷ്ണന് എംപി അഭിപ്രായപ്പെട്ടു. ഒക്ടോബര്‍ ഒന്ന് മുതല്‍ നിലവില്‍ വരുന്ന വിജ്ഞാപനം ഉടന്‍ പിന്‍വലിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കെ രാധാകൃഷ്ണന് എം പി കത്തയച്ചു. മംഗലാപുരം മേഖല പാലക്കാട് ഡിവിഷനില്‍ നിന്ന് മാറ്റുന്നതോടെ മലബാറില്‍ വലിയ പ്രതിസന്ധി ഉണ്ടാകും. മലബാറിലേക്ക് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനും, നിലവിലുള്ള ട്രെയിനുകള്‍ നീട്ടുന്നതിനും സാധ്യതകള്‍ പൂര്‍ണമായും അടയുമെന്നും കെ രാധാകൃഷ്ണന് കേന്ദ്ര റെയില്‍വേ മന്ത്രിയെ അറിയിച്ചു.
വിഭജനം കര്‍ണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാനാണെന്ന് വി കെ ശ്രീകണ്ഠന് എംപി പറഞ്ഞു. ഡിവിഷന് വിഭജനം കേരളത്തിലെ എംപിമാരോ സര്‍ക്കാരോ അറിയാതെയാണ്. പാലക്കാട് ഡിവിഷന് വിഭജിക്കില്ലെന്ന് റെയില്‍ മന്ത്രി കേരളത്തിന് ഉറപ്പ് നല്‍കിയിരുന്നു. അര്‍ധരാത്രിയിലെ നീക്കം വാക്കിന്റെ ലംഘനമാണെന്നും എം പി ആരോപിച്ചു.
മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്ന് ഒഴിവാക്കിയത് പാലക്കാട് റെയില്‍വേ ഡിവിഷന് തകര്‍ക്കാനാണ്. വരുമാനവും ഫണ്ടും കുറച്ച് ഡിവിഷന് ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. റെയില്‍വേക്കെതിരെ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കും. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധിക്കുമെന്നും വി കെ ശ്രീകണ്ഠന് അറിയിച്ചു.
സര്‍ക്കാര്‍ ഉത്തരവ് ഇറക്കുമ്പോഴാണ് കേരളത്തിലെ എംപിമാര്‍ പോലും ഇക്കാര്യം അറിയുന്നതെന്ന് സിപിഐഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു. എന്തിനാണ് മംഗലാപുരത്തെ മൈസൂരുവിലേക്ക് മാറ്റുന്നത്. ബിജെപിയുടെ സങ്കുചിത ലക്ഷ്യത്തോടെയുള്ള നീക്കമാണിത്. ശക്തമായ ഇടപെടല്‍ വേണം. മറ്റ് സങ്കുചിത ചിന്തയില്ലാതെ കേരളം ഒറ്റക്കെട്ടായി നില്‍ക്കണം എന്നും എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു. പാലക്കാട് റെയില്‍വേ ഡിവിഷനില്‍ നിന്നും മംഗലാപുരം സ്റ്റേഷന് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനാണ് റെയില്‍വേ ബോര്‍ഡ് തീരുമാനം.
Content Highlights: More MPs have raised objections with the Union Railway Ministry over the Railway Board's decision to split the Palakkad Railway Division