അപകടം നടന്ന് രണ്ട് മാസം; സാനി കൃഷ്ണയെ തിരിഞ്ഞ് നോക്കാതെ റാപിഡോ

കോഴിക്കോട് കുന്ദമംഗലം സ്വദേശി സാനി കൃഷ്ണയ്ക്കാണ് ജൂണ്‍ 17 ന് അപകടം ഉണ്ടായത്

കോഴിക്കോട്: ബെംഗളൂരുവില്‍ റാപിഡോയില്‍ യാത്ര ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ സാനി കൃഷ്ണയെ രണ്ട് മാസമായിട്ടും തിരിഞ്ഞ് നോക്കാതെ റാപിഡോ കമ്പനി. കോഴിക്കോട് കുന്ദമംഗലം സ്വദേശി സാനി കൃഷ്ണയ്ക്കാണ് ജൂണ്‍ 17 ന് അപകടം ഉണ്ടായത്. അപകടത്തിൽ സാരമായി പരിക്കേറ്റ സാനിയ്ക്ക് ചികിത്സയ്ക്ക് മാത്രം വലിയ തുകയാണ് ചെലവാകുന്നത്.

ബെംഗളൂരുവില്‍ ഇന്റീരിയര്‍ ഡിസൈനറാണ് സാനികൃഷ്ണ. ബെംഗളൂരു സി വി രാമന്‍ നഗറിലെ വീട്ടില്‍ നിന്നും ഡൊമ്മല്ലൂരിലെ ഓഫീസിലേക്കിറങ്ങാനാണ് ഓണ്‍ലൈന്‍ ബൈക്ക് ടാക്സി സര്‍വീസായ റാപ്പിഡോയെ സാനികൃഷ്ണ ആശ്രയിക്കുന്നത്. വഴിമധ്യേ റാപ്പിഡോ റൈഡറുടെ അനാസ്ഥമൂലം വാഹനം നിയന്ത്രണം തെറ്റുകയും എതിരെ വന്ന ട്രക്കിന്റെ അടിയില്‍ക്കുടുങ്ങി സാനികൃഷ്ണയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയുമായിരുന്നു.

ആദ്യം മണിപ്പാല്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലും ചികിത്സതേടി. ആശുപത്രിച്ചെലവ് 25 ലക്ഷം കടന്നു. എല്ലാ ആഴ്ചയും ചെക്കപ്പും മറ്റുമായി പതിനായിരത്തോളം രൂപ ചെലവുവരുന്നുണ്ട്. ഇതിനെതുടര്‍ന്ന് മൈക്രോ ഇന്‍ഷുറന്‍സ് ആപ്പായ 'ആക്കോ' വഴി നഷ്ടപരിഹാരം നല്‍കുമെന്ന് റാപ്പിഡോ കമ്പനി ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ കമ്പനി പിന്നീട് ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും മൈക്രോ ഇന്‍ഷുറന്‍സ് ആപ്പ് വഴി ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ തയ്യാറാണെന്ന് അഭിഭാഷകന്‍ മുഖേന അറിയിച്ചിട്ടും മറുപടി നല്‍കിയില്ലെന്നും സാനികൃഷ്ണ പറഞ്ഞു. ഇപ്പോള്‍ ദീര്‍ഘകാല അവധിയിലാണ് സാനികൃഷ്ണ. 'ശരീരം മുഴുവന്‍ എല്ലുനുറുങ്ങുന്ന വേദനയാണ്. കണ്ണടയ്ക്കുമ്പോള്‍ പേടി ഇരച്ചെത്തും. നടക്കാന്‍ പ്രയാസമുണ്ട്. ആഹാരം കഴിക്കാന്‍ കഴിയുന്നില്ല. കണ്ണാടി നോക്കുമ്പോള്‍ ഞാനറിയുന്ന ഞാനല്ല മുന്നില്‍…'' സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ സാനികൃഷ്ണ പറയുന്നു.

Content Highlights: Rapido Passenger Sani Krishna Incident; Claims No Support from Company for Two Months

To advertise here,contact us