കൊച്ചി: വഖഫ് ബോര്‍ഡിലെ അമുസ്ലീങ്ങളുടെ നിയമനത്തില്‍ നിലപാട് മാറ്റിയ സർക്കാർ നടപടിയിൽ പ്രതികരിച്ച് ചെയര്മാന് കെ എസ് ഹംസ. സര്‍ക്കാരിന് വൈകിയാണ് വിവേകം വന്നതെന്നും വലിയ നാടകങ്ങളാണ് അരങ്ങേറിയതെന്നും കെ എസ് ഹംസ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. നിലവിലെ ബോര്‍ഡിനെ നീക്കി അധികാരം പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടവരുടെ താത്പര്യങ്ങളാണ് മുമ്പ് പ്രകടമായതെന്നും മുന്‍ സര്‍ക്കാര്‍ വിവേകത്തോടെ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
'സര്‍ക്കാരിനെ എല്ലാ രാഷ്ട്രീയ ഭിന്നാഭിപ്രായ അഭിപ്രായങ്ങളും മാറ്റിവച്ച് അഭിനന്ദിക്കുകയാണ്. സര്‍ക്കാരിന്റെ നിലപാട് അഭികാമ്യമാണ്. സര്‍ക്കാരിന് വൈകി വന്ന ബുദ്ധിയാണ് ഇത്. ചില കാര്യങ്ങള്‍ ആദ്യം മനസിലാക്കാന്‍ സാധിക്കില്ല. ബുദ്ധിപൂര്‍വമായ തീരുമാനമാണ് പോയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചത്. കുറച്ച് വൈകിയെങ്കിലും നിലവിലെ സര്‍ക്കാരിനും ആ തിരിച്ചറിവ് വന്നു'.- കെ എസ് ഹംസ പറഞ്ഞു.
വഖഫ് ബോര്‍ഡിനെ എങ്ങനെയെങ്കിലും പുനസംഘടിപ്പിക്കുവാനും നിയമപ്രശ്നത്തിലേക്ക് തള്ളിയിടാനും അവിടെ കയറിയിരിക്കാനും ശ്രമിച്ചവരാണ് ഇത്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. അതിന് മറുപടിയായാണ് നിയമപോരാട്ടം നടത്തിയത്. ബോര്‍ഡ് പുനസംഘടിപ്പിച്ച് പുതിയ ആളുകളെ നിയമിക്കാനുള്ള നടപടി തുടങ്ങിവച്ചത് ഒരു ലീഗ് നേതാവാണെന്നും ഹംസ ആരോപിച്ചു. ഒരു ലീഗ് നേതാവാണ് ആദ്യം ഹര്‍ജി നല്‍കിയത്. പിന്നാലെ ഒരു കൂട്ടം ഹര്‍ജികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോടതിക്ക് മുന്നിലെത്തി. ആ ഘട്ടത്തില്‍ മറുപടി നല്കാതിരിക്കാന് കഴിയില്ലായിരുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ സെക്ഷന്‍ 14 പ്രകാരം അമുസ്ലീം അംഗങ്ങളെ നിയമിച്ചിരുന്നില്ല. പുതിയ സര്‍ക്കാരിനും ഇതേ നിലപാട് തുടരാമായിരുന്നുവെന്നും ഹംസ അഭിപ്രായപ്പെട്ടു. നിയമപ്രശ്നം സൃഷ്ടിച്ചാല്‍ ബോര്‍ഡ് സമ്പൂര്‍ണമായി പുനസംഘടിപ്പിക്കാമെന്ന് ചിലര്‍ സര്‍ക്കാരിന് ഉപദേശം നല്കി. ഇതോടെയാണ് സെക്ഷന്‍ 14 പ്രകാരം നിയമനം നടത്താമെന്ന വാദം സര്‍ക്കാരിന് മുന്നോട്ട് വയ്ക്കേണ്ടി വന്നത്. ഇപ്പോള്‍ അതില്‍ നിന്നും പിന്നോട്ടു പോകാനുള്ള സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണെന്നും ഹംസ പറഞ്ഞു. ആസൂത്രിതമായി സര്‍ക്കാരിനെ കൊണ്ട് ഇത്തരം നീക്കം നടത്താന്‍ പദ്ധതിയിട്ടു. നിലവിലെ ബോര്‍ഡ് നിയമവിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടന്നു അതിനുള്ള മറുപടിയായാണ് നിയമപോരാട്ടം നടത്തിയതെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
വഖഫ് നിയമം അനുസരിച്ച് അമുസ്ലിങ്ങളെ നിയമിക്കും എന്ന നിലപാട് കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ തിരുത്തിയത്. നിയമനം സുപ്രീംകോടതി വിധിക്ക് ശേഷം മാത്രമേ നടത്തൂവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. വഖഫ് നിയമത്തിന്റെ പതിനാലാം വകുപ്പ് അനുസരിച്ച് അമുസ്ലിം അംഗങ്ങളെ നിയമിക്കും എന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇതില്‍ നിന്നാണ് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ നിലപാട് മാറ്റം. വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളിലെ സുപ്രീംകോടതി വിധിക്ക് ശേഷം അമുസ്ലിങ്ങളെ നിയമിക്കുന്നതില്‍ തീരുമാനമെടുക്കുമെന്നാണ് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. സംസ്ഥാന വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കാനില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: The Waqf Board chairman has criticized the government's U turn regarding the appointment of non Muslims, saying the government gained wisdom only after a delay. His remarks came in response to the government's change in its position on appointments to the Waqf Board