കോഴിക്കോട്: സിഎംആര്‍എല്‍-എക്സാലോജിക് സൊല്യൂഷന്‍സ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണവുമായി ബന്ധപ്പെട്ട് വരുന്ന അസംബന്ധമായ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എംഎല്‍എ പി എ മുഹമ്മദ് റിയാസ്. തെറ്റ് ചെയ്യാത്തതിനാല്‍ ആത്മവിശ്വാസത്തോടെ നിയമപരമായി നേരിടാനാകുമെന്ന നല്ല ബോധ്യമുണ്ടെന്നും ഇതിന്റെ രാഷ്ട്രീയവശങ്ങള്‍ പാര്‍ട്ടിയും താനും നേരത്തെ സൂചിപ്പിച്ചതാണെന്നും റിയാസ് വ്യക്തമാക്കി.
'ഇ ഡി അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കെല്ലാം ഇന്നലെ തന്നെ വിശദമായി മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കിയതാണ്. സിഎംആർഎല്ലില്‍ നിന്ന് വീണയ്ക്ക് സേവനത്തിന് ലഭിച്ച പണം എന്റെ അക്കൗണ്ട് വഴി പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുവെന്നും, ഇതുമായി ബന്ധപ്പെട്ട് രണ്ടുതവണ എന്നോട് ഫോണില്‍ വിശദീകരണം ചോദിച്ചുവെന്നുമുള്ള ഇന്നത്തെ മലയാള മനോരമ വാര്‍ത്ത പച്ചക്കള്ളമാണ്. ഇന്ന് മലയാള മനോരമ ദിനപത്രത്തിന്റെ ഫ്രണ്ട് പേജില്‍ എന്റെ ഫോട്ടോ വെച്ച് പ്രസിദ്ധീകരിച്ച ഈ അസംബന്ധ വാര്‍ത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും. അന്വേഷണം നടക്കുന്നതിനാലും,നിയമപരമായി നേരിടുന്നതിനാലും ഓരോ ദിവസവും വരുന്ന അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ക്ക് മറുപടി നല്‍കുന്നില്ല. തെറ്റ് ചെയ്യാത്തതിനാല്‍ ആത്മവിശ്വാസത്തോടെ, നിയമപരമായി നേരിടാനാകും എന്ന നല്ല ബോധ്യമുണ്ട്.ഇതിന്റെ രാഷ്ട്രീയ വശങ്ങള് പാര്‍ട്ടിയും ഞാനും നേരത്തെ സൂചിപ്പിച്ചതാണ്', റിയാസ് വിശദീകരിച്ചു.
വീണയുമായി ബന്ധപ്പെട്ട കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടില്‍ തന്നെയാണ് സിപിഐഎം. ഇ ഡി റെയ്ഡില്‍ പേടിച്ചോടില്ല എന്നും ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയത്തിനെതിരായ പോരാട്ടം തല പോയാലും തുടരുമെന്നുമാണ് റിയാസ് കഴിഞ്ഞദിവസം പ്രതികരിച്ചത്.
Content Highlights: MLA P A Mohammed Riyas has said that legal action will be initiated against what he described as baseless reports related to the CMRL-Exalogic financial transaction case and Enforcement Directorate proceedings