'മിസ' എന്ന നാടകവും അതിലെ രംഗങ്ങളും സദാചാരവാദികളെ ഇന്നും അസ്വസ്ഥമാക്കുന്നതില്‍ അത്ഭുതമില്ല: വി കെ സനോജ്

'അന്ന് മാളത്തില്‍ ഒളിച്ച കോണ്‍ഗ്രസ് പിന്‍തലമുറയ്ക്ക് ഇന്നും മിസയെന്നും അടിയന്തരാവസ്ഥയെന്നും സ്‌നേഹലത റെഡ്ഡിയെന്നും കേള്‍ക്കുമ്പോള്‍ അസ്വസ്ഥയുണ്ടാകുന്നത് സ്വാഭാവികം'

കണ്ണൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന വേദിയില്‍ അവതരിപ്പിച്ച 'മിസ' എന്ന നാടകത്തിന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി വി കെ സനോജ് എംഎല്‍എ. മുന്‍പ് കോട്ടയത്തുവെച്ച് നടന്ന സര്‍വകലാശാല കലോത്സവത്തില്‍ സ്‌നേഹലത റെഡ്ഡിയുടെ മകള്‍ നന്ദന റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനെതിരെ കോണ്‍ഗ്രസുകാര്‍ രംഗത്തുവന്നത് അടക്കം ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനമാണ് വി കെ സനോജ് ഉന്നയിച്ചിരിക്കുന്നത്. നന്ദനയെ കോട്ടയത്ത് കാല് കുത്തിക്കില്ലെന്ന് പ്രഖ്യാപനം നടത്തുകയും അതിനെ മറികടന്ന് നന്ദന പരിപാടിയില്‍ പങ്കെടുത്തതുമെല്ലാം സനോജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എടുത്തുപറയുന്നുണ്ട്. അന്ന് മാളത്തില്‍ ഒളിച്ച കോണ്‍ഗ്രസ് പിന്‍തലമുറയ്ക്ക് ഇന്നും മിസയെന്നും അടിയന്തരാവസ്ഥയെന്നും സ്‌നേഹലത റെഡ്ഡിയെന്നും കേള്‍ക്കുമ്പോള്‍ അസ്വസ്ഥയുണ്ടാകുന്നത് സ്വാഭാവികമാണെന്ന് സനോജ് പറഞ്ഞു.

ഡിവൈഎഫ്‌ഐ സമ്മേളനത്തിന്റെ പ്രദര്‍ശന വേദിയില്‍ അവതരിപ്പിക്കപ്പെട്ട' മിസ' എന്ന നാടകവും അതിലെ രംഗങ്ങളും അവരുടെ പിന്‍തലമുറ സദാചാര വാദികളെ ഇന്നും അസ്വസ്ഥമാക്കുന്നതില്‍ അത്ഭുതമില്ല. കാരണം ആ നാടകം മുന്നോട്ടുവെയ്ക്കുന്നത് അത്രമേല്‍ തീഷ്ണമായ ഒരു ചരിത്രമാണെന്ന് സനോജ് പറഞ്ഞു. കലാകാരിയായതിന്റെയും ചോദ്യം ചോദിച്ചതിന്റെയും പേരില്‍ അടിയന്തരാവസ്ഥക്കാലത്ത് കൊടിയ ഭരണകൂട പീഡനം നേരിട്ട ജീവിതമാണ് സ്‌നേഹലതയുടേത്. ആ സ്‌നേഹലതയുടെ കഥയാണ് മിസ എന്ന നാടകം പറയുന്നത്. കരിമ്പിന്‍ തോട്ടങ്ങളിലും ഫാക്ടറികളിലും ചൂഷണം അനുഭവിക്കുന്ന സ്ത്രീ തൊഴിലാളികളില്‍ നിന്ന് ആരംഭിച്ച് ഇന്നും തുടരുന്ന അധികാരത്തിന്റെയും ചൂഷണത്തിന്റെയും കഥകളിലൂടെയാണ് മിസ എന്ന നാടകം സഞ്ചരിക്കുന്നത്. ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കാനുള്ള അധികാരത്തിന്റെ രാഷ്ട്രീയം ഇന്നും അവസാനിക്കുന്നില്ല എന്ന സന്ദേശമാണ് സ്‌നേഹലതയുടെ ജീവിതം വരച്ച് കാട്ടുന്ന 'മിസ' മുന്നോട്ട് വെയ്ക്കുന്നത്. അതിലെ ഒരു രംഗത്തെ മാത്രം മുറിച്ചെടുത്ത് സദാചാരത്തിന്റെ കണ്ണടയിലൂടെ നോക്കുന്നവര്‍, മറയ്ക്കാനും മറക്കാനും ശ്രമിക്കുന്നത് അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ ഒരു ജനത അനുഭവിച്ച തീഷ്ണമായ പീഡനങ്ങളെയാണ്. കോഴിക്കോട് ചിലങ്ക ഫ്‌ലോട്ടിംഗ് തിയേറ്റര്‍ നിരവധി വേദികളില്‍ അവതരിപ്പിച്ച നാടകം ആ സന്ദര്‍ഭത്തില്‍ ഒന്നും എവിടെയും ചര്‍ച്ചയായി കണ്ടില്ല. കലാവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും സനോജ് കൂട്ടിച്ചേര്‍ത്തു.

സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്‌നേഹലത റെഡ്ഡിയെ ആര് മറന്നാലും കോട്ടയംകാര്‍ അത്ര വേഗം മറക്കില്ല. 1978-79 കാലം, കേരള സര്‍വകലാശാലയുടെ ചരിത്രത്തിലെ ആദ്യ എസ്എഫ്ഐ ചെയര്‍മാനായി സ. സുരേഷ് കുറുപ്പ് തെരഞ്ഞെടുക്കപ്പെട്ട് തുടര്‍ന്ന് കോട്ടയത്ത് വെച്ച് നടന്ന സര്‍വകലാശാല കലോത്സവത്തില്‍ മുഖ്യാതിഥിയായി എത്തിയത് സ്‌നേഹലത റെഡ്ഡിയുടെ മകള്‍ നന്ദന റെഡ്ഡി ആയിരുന്നു.

അന്ന് അടിയന്തരാവസ്ഥയുടെ പ്രേതം വിട്ടൊഴിയാത്ത കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ പ്രഖ്യാപിച്ചു, നന്ദനയെ കോട്ടയത്ത് കാല് കുത്തിക്കില്ല, പ്രഖ്യാപനം കേട്ട കോട്ടയത്തെ ചുമട്ടുതൊഴിലാളി സഖാക്കള്‍ നാഗമ്പടത്ത് ഒത്തുകൂടി, തടയാന്‍ ധൈര്യമുള്ളവര്‍ വരിക എന്ന് വെല്ലുവിളിയോടെ പിന്നാലെ നന്ദന വരികയും ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയും ചെയ്തു. അന്ന് മാളത്തില്‍ ഒളിച്ച അതേ കോണ്‍ഗ്രസിന്റെ പിന്‍തലമുറയ്ക്ക് ഇന്നും മിസയെന്നും അടിയന്തരാവസ്ഥയെന്നും സ്‌നേഹലത റെഡ്ഡി എന്നുമൊക്കെ കേള്‍ക്കുമ്പോള്‍ അസ്വസ്ഥയുണ്ടാകുന്നത് സ്വാഭാവികം. ഡിവൈഎഫ്‌ഐ സമ്മേളനത്തിന്റെ പ്രദര്‍ശന വേദിയില്‍ അവതരിപ്പിക്കപ്പെട്ട' മിസ' എന്ന നാടകവും അതിലെ രംഗങ്ങളും അവരുടെ പിന്‍തലമുറ സദാചാര വാദികളെ ഇന്നും അസ്വസ്ഥമാക്കുന്നതില്‍ അത്ഭുതമൊന്നും തോന്നുന്നില്ല. കാരണം ആ നാടകം മുന്നോട്ട് വെയ്ക്കുന്നത് അത്രമേല്‍ തീഷ്ണമായ ഒരു ചരിത്രമാണ്. ഒരു ജനതയുടെ സ്വാതന്ത്ര്യത്തിന് മേല്‍ വീണ ഇരുണ്ട അധ്യായമായിരുന്നു 1975-ലെ അടിയന്തരാവസ്ഥ.

കലാകാരിയായതിന്റെയും ചോദ്യം ചോദിച്ചതിന്റെയും പേരില്‍ അടിയന്തരാവസ്ഥക്കാലത്ത് കൊടിയ ഭരണകൂട പീഡനം നേരിട്ട ജീവിതമാണ് സ്‌നേഹലതയുടേത്. ആ സ്‌നേഹലതയുടെ കഥയാണ് മിസ എന്ന നാടകം പറയുന്നത്. കരിമ്പിന്‍ തോട്ടങ്ങളിലും ഫാക്ടറികളിലും ചൂഷണം അനുഭവിക്കുന്ന സ്ത്രീ തൊഴിലാളികളില്‍ നിന്ന്, ആരംഭിച്ച് ഇന്നും തുടരുന്ന അധികാരത്തിന്റെയും ചൂഷണത്തിന്റെയും കഥകളിലൂടെയാണ് മിസ എന്ന നാടകം സഞ്ചരിക്കുന്നത്. ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കാനുള്ള അധികാരത്തിന്റെ രാഷ്ട്രീയം ഇന്നും അവസാനിക്കുന്നില്ല എന്ന സന്ദേശമാണ് സ്‌നേഹലതയുടെ ജീവിതം വരച്ച് കാട്ടുന്ന 'മിസ' മുന്നോട്ട് വെയ്ക്കുന്നത്. അതിലെ ഒരു രംഗത്തെ മാത്രം മുറിച്ചെടുത്ത് സദാചാരത്തിന്റെ കണ്ണടയിലൂടെ നോക്കുന്നവര്‍, മറയ്ക്കാനും മറക്കാനും ശ്രമിക്കുന്നത് അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ ഒരു ജനത അനുഭവിച്ച തീഷ്ണമായ പീഡനങ്ങളെയാണ്. കോഴിക്കോട് ചിലങ്ക ഫ്‌ലോട്ടിംഗ് തിയേറ്റര്‍ നിരവധി വേദികളില്‍ അവതരിപ്പിച്ച നാടകം ആ സന്ദര്‍ഭത്തില്‍ ഒന്നും എവിടെയും ചര്‍ച്ചയായി കണ്ടില്ല. കലാവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം.

Content Highlights- DYFI state secretary V K Sanoj responded to criticism of the Misa play staged during the organisation’s state conference

To advertise here,contact us