നിതിന്‍ രാജ് കേസ്:റാമിന്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ DYSPക്ക് സര്‍ക്കാര്‍ സംരക്ഷണം? അച്ചടക്ക നടപടി എടുത്തില്ല

ഹൈക്കോടതി വിമര്‍ശനങ്ങള്‍ക്കും ആഭ്യന്തരമന്ത്രി ഇതുപരെ മറുപടി പറഞ്ഞിട്ടില്ല

കൊച്ചി: നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതി ഡോ. എം കെ റാമിന്റെ അറസ്റ്റില്‍ വീഴ്ച വരുത്തി പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള പഴുതൊരുക്കി എന്ന കോടതി നിരീക്ഷണത്തില്‍ ഡിവൈഎസ്പി സുധീര്‍ കല്ലന് സര്‍ക്കാര്‍ സംരക്ഷണം എന്ന് ആരോപണം. ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും അച്ചടക്ക നടപടി എടുക്കാന്‍ ആഭ്യന്തരവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. ഹൈക്കോടതി വിമര്‍ശനങ്ങള്‍ക്കും ആഭ്യന്തരമന്ത്രി ഇതുപരെ മറുപടി പറഞ്ഞിട്ടില്ല. പരിശോധിക്കാമെന്ന ഒറ്റ മറുപടിയില്‍ വിഷയത്തെ രമേശ് ചെന്നിത്തല ഒതുക്കുകയായിരുന്നു. അതേസമയം വിഷയത്തില്‍ സുധീര്‍ കല്ലനെതിരെ വകുപ്പുതല അന്വേഷണം അരംഭിച്ചു. ഓപ്പറേഷന്‍ വിഭാഗം സൂപ്രണ്ട് കിരണ്‍ പി ബി ആണ് പരാതി അന്വേഷിക്കുന്നത്. വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടി മതിയെന്നാണ് തീരുമാനം.

ഡോ. എം കെ റാമിന്റെ അറസ്റ്റില്‍ പൊലീസ് വീഴ്ചയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ ഹൈക്കോടതി കഴിഞ്ഞ ദിവസം കുടഞ്ഞിരുന്നു. അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. 'അച്ചടക്ക നടപടിയെന്തെന്ന് കോടതിയെ പഠിപ്പിക്കരുത്. അച്ചടക്ക നടപടിയുടെ ചട്ടങ്ങള്‍ നന്നായി എനിക്കറിയാം. ഈ പണി തുടങ്ങിയിട്ട് കുറച്ചായി' എന്നായിരുന്ന ജസ്റ്റിസ് ബദറുദ്ദീന്റെ കടുത്ത ഭാഷയിലുള്ള വിമര്‍ശനം. ഡിവൈഎസ്പിയുടേത് ഗുരുതര വീഴ്ച എന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. ഡിവൈഎസ്പി ഗുരുതര വീഴ്ച വരുത്തിയിട്ട് അന്വേഷണം മാത്രം മതിയോ എന്ന് ചോദിച്ച കോടതി ഇത്തരം ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ആദ്യം സസ്പെന്‍ഡ് ചെയ്യണമെന്നും നിരീക്ഷിച്ചിരുന്നു. ആഭ്യന്തരവകുപ്പ് സമ്പൂര്‍ണ്ണ പരാജയം എന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തിരുന്നു.

നിധിന്‍ രാജ് കേസില്‍ ഡോ. എം കെ റാമിന്റെ അറസ്റ്റില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്കെതിരെ നേരത്തെയും ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണമെന്ന് ഒരു ഘട്ടത്തില്‍ കോടതി ആവശ്യപ്പെട്ടിരുന്നു. അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥന് അറിയാം. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്നും കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായി. പ്രതിയെ രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പണത്തിന് മീതെ പരുന്തും പറക്കില്ലല്ലോ എന്നായിരുന്നു ആ ഘട്ടത്തില്‍ ജസ്റ്റിസ് എ ബദറുദീന്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ചിന്റെ പരാമര്‍ശം.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്നും നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തണം. ഇല്ലെങ്കില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുമെന്നും കോടതി പറഞ്ഞു. ഭരണകൂടത്തിന്റെ സമ്പൂര്‍ണ്ണ പരാജയമാണ് ഡോ. എം കെ റാമിന്റെ കാര്യത്തില്‍ സംഭവിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് ഇതെന്നും പ്രതിയുടെ ഭക്ഷണവും പണവും പൊലീസ് ഉദ്യോഗസ്ഥര്‍ വാങ്ങിയെന്നും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് ഡിവൈഎസ്പി ഒരുക്കി. കഴിവില്ലാത്ത ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പിയെന്നും കോടതിയുടെ വിമര്‍ശനമുണ്ടായി.

Content Highlights: A departmental inquiry has been initiated against DYSP Sudheer Kallan over alleged lapses in the arrest of Dr MK Ram in the Nithin Raj case. The development comes after the High Court reportedly criticised the handling of the arrest, while the government has decided to consider further action after receiving the departmental inquiry report.

To advertise here,contact us