മായ രാഹുല്‍ പാലാ ചെയര്‍പേഴ്‌സണ്‍; എല്‍ഡിഎഫ് പിന്തുണയോടെ വിജയം

16 വോട്ടുകളാണ് സ്വതന്ത്ര കൗണ്‍സിലറായ മായയ്ക്ക് ലഭിച്ചത്

കോട്ടയം: പാലാ നഗരസഭാ ചെയര്‍പേഴ്‌സണായി മായാ രാഹുലിനെ തെരഞ്ഞെടുത്തു. എല്‍ഡിഎഫ് പിന്തുണയോടെയാണ് മായ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് എത്തുന്നത്. 16 വോട്ടുകളാണ് സ്വതന്ത്ര കൗണ്‍സിലറായ മായയ്ക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി റിയ ചീരാന്‍ങ്കുഴിക്ക് 10 വോട്ടുകളാണ് ലഭിച്ചത്. വിമത കൗണ്‍സിലറായ ലിസിക്കുട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിയാ ചീരാന്‍ങ്കുഴിക്കാണ് വോട്ട് രേഖപ്പെടുത്തിയത്.

കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ചയാളാണ് മായ രാഹുല്‍. 12 എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെയും 3 കോണ്‍ഗ്രസ് വിമതരുടെയും സ്വന്തം വോട്ടും നേടിയാണ് മായ ചെയര്‍പേഴ്‌സണ്‍ ആയിരിക്കുന്നത്. നന്മയുടെ വിജയമെന്നാണ് വിജയത്തിന് പിന്നാലെ മായ പ്രതികരിച്ചത്. മായ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

പാലായില്‍ അവിശ്വാസം പാസായതിന് പിന്നാലെ ചെയര്‍പേഴ്സണായിരുന്ന ദിയ ബിനു പുളിക്കകണ്ടത്തിന്റെ സ്ഥാനം തെറിച്ചിരുന്നു. ഇതാണ് പുതിയ ചെയര്‍പേഴ്‌സണായുള്ള തെരഞ്ഞെടുപ്പിന് വഴിവെച്ചത്. യുഡിഎഫ് ഭരണത്തിലുണ്ടായിരുന്ന പാലായില്‍ ഇടതുപക്ഷമാണ് അവിശ്വാസം കൊണ്ടുവന്നത്. അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്.

വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും മായാ രാഹുലും എല്‍ഡിഎഫ് അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു. പാലാ നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും കേവലഭൂരിപക്ഷം ഇല്ലാതെ വന്നതോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളായി മത്സരിച്ച ബിനു പുളിക്കകണ്ടവും മകള്‍ ദിയാ ബിനു പുളിക്കകണ്ടവും ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കകണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ ടേമില്‍ ചേയര്‍പേഴ്സണ്‍ സ്ഥാനം ദിയയ്ക്ക് നല്‍കുകയായിരുന്നു. എന്നാല്‍ ആറ് മാസം മാത്രമായിരുന്നു ഈ ഭരണത്തിന് ആയുസ്.

Content Highlights: Maya Rahul has been elected chairperson of Pala with the support of the LDF, marking a significant political development in the local body.

To advertise here,contact us