'ED പരിശോധനയിൽ ഒന്നും കിട്ടിയിട്ടില്ല, ലേക്കര്‍ ഇന്ത്യ സ്ഥാപനത്തിന്റെ വിവരങ്ങള്‍ നോമിനേഷനില്‍ ഉണ്ടായിരുന്നു'

വിഷയത്തെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് തീരുമാനമെന്നും റിയാസ് പറഞ്ഞു

കോഴിക്കോട്: സിഎംആര്‍എല്‍ എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ ഒന്നും ലഭിച്ചില്ലെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എ മുഹമ്മദ് റിയാസ്. പ്രചരിച്ചതെല്ലാം അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വീണയുമായി ബന്ധപ്പെട്ട നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായി നടന്ന പലതിനോടും പ്രതികരിച്ചിരുന്നില്ലെന്നും, എന്നാല്‍ തന്റെ സുഹൃത്തുക്കളെ അടക്കം വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വീണ സ്വതന്ത്ര വ്യക്തിയാണ്. അവര്‍ക്ക് ബിസിനസ് നടത്തുന്നതിന് പ്രശ്‌നങ്ങള്‍ ഇല്ല. എന്നാല്‍ ഇന്നലെ റെയ്ഡ് നടന്നത് തന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട ഇടങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലമായി ബിസിനസ് നടത്തുന്നവരാണ് തന്റെ സുഹൃത്തുക്കള്‍ എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം താന്‍ പാര്‍ലമെന്ററി രംഗത്ത് വരുന്നതിന് മുമ്പ് ബന്ധമുള്ളവരാണ് അവര്‍ എന്നും വ്യക്തമാക്കി. തന്നിലേക്ക് അന്വേഷണം നീളുന്നതില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലേക്കര്‍ ഇന്ത്യ എന്നൊരു സ്ഥാപനം ഉണ്ടെന്നും തന്റെ നോമിനേഷനില്‍ അതിന്റെ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അതെന്ന് പറഞ്ഞ അദ്ദേഹം വീണ ബിസിനസില്‍ രാഷ്ട്രീയ ബന്ധം ഉപയോഗിച്ചോ എന്നത് മാത്രമാണ് ചോദ്യം എന്നും ചൂണ്ടിക്കാട്ടി. അതിനെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടക്കട്ടെ എന്നും റിയാസ് വിശദീകരിച്ചു. ഓരോ വാര്‍ത്തകള്‍ക്കും മറുപടി പറയാന്‍ താനില്ലെന്നും വിഷയത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഇഡി റെയ്ഡ് നടത്തിയ സ്ഥാപനങ്ങളുടെ ഉടമകള്‍ നിഖിലും മറ്റുള്ളവരും കുടുംബ സുഹൃത്തുക്കളും അടുത്ത സുഹൃത്തുക്കളുമാണെന്ന് റിയാസ് പറഞ്ഞു. അവരുമായി ജീവിതകാലം മുഴുവന്‍ ബന്ധം തുടരും. തന്റെ രാഷ്ട്രീയം ഇതേ നിലയില്‍ തുടരും. വിഷയത്തെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് തീരുമാനമെന്നും റിയാസ് പറഞ്ഞു. ഇഡിയുടെ ഫോക്കസ് പിണറായിയില്‍ നിന്നും തന്നിലേക്ക് വരുന്നതില്‍ ഭയമില്ല. ചില മാധ്യമ സ്ഥാപനങ്ങള്‍ ലേക്കര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനാവശ്യ ഇടപെടല്‍ നടത്തി എന്നും റിയാസ് വിമര്‍ശിച്ചു. ഇഡി അന്വേഷിച്ച കേസുകളും അതില്‍ തെളിഞ്ഞ കേസുകള്‍ എത്രയാണ് എന്ന വിവരങ്ങളൊക്കെ നമ്മുടെ മുന്നിലുണ്ട്. ബിജെപി എങ്ങനെയൊക്കെയാണ് ഇഡിയെ ഉപയോഗിക്കുന്നത് എന്നത് വ്യക്തമാണ്. എന്നാല്‍ കോണ്‍ഗ്രസിനെയും ലീഗിനെയും പോലെ ഇഡി എന്ന് കേള്‍ക്കുമ്പോള്‍ ഓടി ഒളിക്കുന്നവരല്ല തങ്ങള്‍ എന്നും റിയാസ് കൂട്ടിച്ചേർത്തു.

വിഷയത്തെ രാഷ്ട്രീയമായി നേരിടാന്‍ തന്നെയാണ് സിപിഐഎമ്മിന്റെയും തീരുമാനം. സിപിഐഎമ്മിനെ വേട്ടയാടാനാണ് പാര്‍ട്ടി നേതാക്കളുമായി ബന്ധമുള്ളവരുടെ സ്ഥാപനങ്ങളില്‍ ഇഡി റയ്ഡ് നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. വലിയ നിലയിലുള്ള കൊള്ള ബിജെപി നടത്തുമ്പോള്‍ ഒരു നടപടിയും സ്വീകരിക്കാതെ ആണ് ഇഡി സിപിഐഎമ്മിനെ വേട്ടയാടാന്‍ ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിക്ക് ബന്ധമുള്ള ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്‍ ഷെല്‍ കമ്പനിയെന്ന് സൂചന പുറത്ത് വന്നിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന കമ്പനിക്ക് ഓഫീസില്ലെന്നായിരുന്നു വിവരം. 2023 ല്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ മേല്‍വിലാസത്തിലും ദുരൂഹതയുണ്ട്. ഇത് മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കമ്പനിയെന്നാണ് രേഖകളിലുള്ളത്. കമ്പനിയുടെ മറ്റൊരു പാര്‍ട്ട്ണറായ അനീസ് കൊടമ്പിയാത്ത് അറക്കലിനെ വിശദമായി ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്റെ അക്കൗണ്ടിലെ 15.57 ലക്ഷം രൂപ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ മരവിപ്പിച്ചിരുന്നു.

Content Highlights: CPI(M) state secretariat member PA Muhammad Riyas said the Enforcement Directorate’s searches linked to the CMRL-Exalogic financial dealings case did not yield anything. He described reports suggesting otherwise as baseless and alleged that attempts were being made to target people associated with him.

To advertise here,contact us