വടകര ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്; അറസ്റ്റിലായത് ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ബോയ്

കേസില്‍ ഇതുവരെ മൂന്ന് അധ്യാപികമാര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത്

കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ് ആണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ ഡെലിവറി ബോയ് ആണ് ജിജില്‍. ഇയാളുടെ അക്കൗണ്ടിലൂടെ ഒരു കോടിയോളം രൂപയുടെ ഇടപാട് നടന്നുവെന്നാണ് കണ്ടെത്തല്‍. ലഹരി വാങ്ങാന്‍ എത്തുന്നവര്‍ക്ക് ജിജിലിന്റെ ഗൂഗിള്‍ പേ സ്‌കാനര്‍ ആണ് നല്‍കിയത്. കേസില്‍ ഇതുവരെ മൂന്ന് അധ്യാപികമാര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത്. പേരാമ്പ്ര സ്വദേശിയായ അധ്യാപിക നീഷ്മയും ഇന്ന് കേസിൽ അറസ്റ്റിലായിരുന്നു. പേരാമ്പ്ര ബിആര്‍എസിലെ അധ്യാപികയാണ് നീഷ്മ. അറസ്റ്റിന് പിന്നാലെ നീഷ്മയെയും പിരിച്ചുവിട്ടിരുന്നു. നീഷ്മ ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടിന് സഹായിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

വടകരയിലെ ലഹരി ഇടപാട് കേസില്‍ പ്രതികളായ കീര്‍ത്തനയെയും കാവ്യയെയും നേരത്തേ പിരിച്ചുവിട്ടിരുന്നു. ബിആര്‍സിക്ക് കീഴിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആയിരുന്നു കാവ്യ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപികയായിരുന്നു കീര്‍ത്തന. ഇവര്‍ വളരെ ആസൂത്രിതമായാണ് ലഹരി ഇടപാട് നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ലഹരി ആവശ്യമുള്ളവര്‍ പണം അയക്കുന്നത് ഇവരുടെ അക്കൗണ്ടിലേക്കായിരുന്നു. ലഹരി ഒളിപ്പിച്ച് വെച്ച ലൊക്കേഷന്‍ പണം നല്‍കിയവര്‍ക്ക് ഇവര്‍ കൈമാറും. അവിടെ വെച്ച് മറ്റൊരു സംഘമാണ് ലഹരി കൈമാറിയിരുന്നത്.

വലിയ അളവില്‍ പണം എത്തിയാല്‍ സംശയം തോന്നാതിരിക്കാന്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റും. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് അക്കൗണ്ടുകളിലേക്ക് എത്തിയത്. കാവ്യ ആഡംബര കാര്‍ വാങ്ങിയത് ലഹരി പണം ഉപയോഗിച്ചാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ലഹരി ആവശ്യപ്പെട്ട് പണം നല്‍കിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇരയാക്കപ്പെട്ടോ എന്നും പൊലീസ് അന്വേഷിക്കും. കേസില്‍ കൂടുതല്‍ അധ്യാപകര്‍ നിരീക്ഷണത്തിലാണ്

Content Highlights: Police arrest an online delivery boy hailing from Iritty in connection with the Vadakara teachers drug case; further investigations underway.

To advertise here,contact us