ഡിആര്‍ഡിഒ രേഖകള്‍ ഡാര്‍ക്ക് വെബില്‍ പ്രത്യക്ഷപ്പെട്ട സംഭവം; വിവരങ്ങള്‍ ശേഖരിച്ച് രഹസ്യാന്വേഷണ വിഭാഗം

തിരുവന്തപുരത്തെ ഒരു സ്വകാര്യ സൈബര്‍ വിദഗ്ധ സംഘമാണ് ഇത് ആദ്യം കണ്ടെത്തുന്നത്

തിരുവനന്തപുരം: രാജ്യത്തിന്റെ പ്രതിരോധ രേഖകള്‍ ചോര്‍ന്നതില്‍ വിവരങ്ങള്‍ ശേഖരിച്ച് രഹസ്യാന്വേഷണ വിഭാഗം. രേഖകളുടെ വിശ്വാസ്യതയാണ് പരിശോധിക്കുന്നത്. കൂടുതല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തും എന്നാണ് വിവരം. ഡിആര്‍ഡിഒ രഹസ്യ രേഖകളാണ് ഡാര്‍ക്ക് വെബ്ബില്‍ പ്രത്യക്ഷപ്പെട്ടത്. ഈ രേഖകള്‍ 8,000 ഡോളറിനാണ് വില്‍പ്പനയ്ക്ക് വെച്ചത്. തിരുവന്തപുരത്തെ ഒരു സ്വകാര്യ സൈബര്‍ വിദഗ്ധ സംഘമാണ് ഇത് ആദ്യം കണ്ടെത്തുന്നത്.

ഇന്നലെയാണ് രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ന്നതായി സംശയം ഉയര്‍ന്നത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) രേഖകള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക് വെച്ചതായായിരുന്നു വിവരം. 31 ജിബി രേഖകളാണ് വില്‍പ്പനയ്ക്ക് വെച്ചിരുന്നത്. ഡിആര്‍ഡിഒ രേഖകളില്‍ മിസൈല്‍ രൂപരേഖകളുമുണ്ട്. ഡിആര്‍ഡിഒ രേഖകളുടെ മാതൃക റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആലിബൈ സൈബര്‍ ഫോറന്‍സിക് എന്ന സ്ഥാപനം ആണ് തങ്ങളുടെ ഡാര്‍ക്ക് വെബ് മോണിറ്ററിങ്ങിനിടയില്‍ ഈ രേഖ കണ്ടെത്തിയത്. പ്രതിരോധ മേഖലയിലെ രഹസ്യ രേഖകള്‍ അടക്കം വില്‍പനയ്ക്ക് വെച്ചതായുള്ള ഗുരുതര കണ്ടെത്തലാണ് കമ്പനി നടത്തിയിട്ടുള്ളത്.

പത്ത് ദിവസം മുമ്പാണ് രേഖകള്‍ വില്‍പ്പനയ്ക്ക് വെച്ചതെന്നാണ് വിവരം. മിസൈല്‍ സംവിധാനങ്ങളുടെ രേഖകളും വില്‍പ്പനയ്ക്കുണ്ട്. സാമ്പിള്‍ രേഖകളില്‍ ശാസ്ത്രജ്ഞരുടെ ഒപ്പുകളുണ്ടെന്നും വിവരമുണ്ട്. അതേസമയം, രേഖകളുടെ ആധികാരികത സംബന്ധിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ അടിയന്തര ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധന വേണമെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.

Content Highlights: Indian intelligence agencies have begun verifying the authenticity of documents allegedly linked to the DRDO after they surfaced on the dark web. The suspected security breach is expected to be investigated further by multiple central agencies as authorities assess the scope and credibility of the leaked material.

To advertise here,contact us