തിരുവനന്തപുരം: വാര്‍ധക്യത്തെ സ്വീകരിക്കാന്‍ മുതിര്‍ന്ന പൗരന്മാരെ പ്രാപ്തരാക്കുക എന്ന മഹത്തായ ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന 'യങ് സീനിയേഴ്സ് ഫൗണ്ടേഷന്' പ്രതിനിധികള്‍ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. ഫൗണ്ടേഷന് പ്രതിനിധി ഡോ ഫിയാസ് ഹസ്സന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി സന്ദര്‍ശിച്ചത്. സംസ്ഥാന മന്ത്രിസഭയില്‍ വയോജനങ്ങള്‍ക്ക് മാത്രമായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ സന്ദര്‍ശനം.
സര്‍ക്കാരിന്റെ പുതിയ നീക്കത്തെ സ്വാഗതം ചെയ്യുകയും ഈ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന എല്ലാ പദ്ധതികള്‍ക്കും തങ്ങളുടെ പൂര്‍ണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. പ്രതിനിധികള്‍ക്ക് ഊഷ്മളമായ സ്വീകരണമാണ് മുഖ്യമന്ത്രി നല്‍കിയത്. യങ് സീനിയേഴ്സ് ഫൗണ്ടേഷന് സംസ്ഥാനത്ത് വയോജന സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ നടത്തുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. വയോജന ക്ഷേമത്തിനായി ഇത്തരം ജനകീയ കൂട്ടായ്മകള്‍ മുന്നോട്ടുവരുന്നത് സ്വാഗതാര്‍ഹമാണെന്നും സര്‍ക്കാരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. കേരളത്തിലെ ഓരോ വയോജനത്തിന്റെയും ക്ഷേമവും സന്തോഷവും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് എപ്പോഴും തങ്ങള്‍ മുന്നിലുണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം യംങ് സീനിയേഴ്സ് ഫൗണ്ടേഷന് പ്രതിനിധികളായ ഡോ ഫിയാസും ഡോ മുഫ്ലിഹും വ്യക്തമാക്കി.
ഒറ്റപ്പെടലിന്റെയും രോഗങ്ങളുടെയും വേദന അനുഭവിക്കുന്ന ആയിരക്കണക്കിന് മുതിര്‍ന്ന പൗരന്മാര്ക്ക് 'പ്രായമേറും കാലത്ത് പ്രിയമേറും ജീവിതം' എന്ന സന്ദേശത്തിലൂടെ ആശ്വാസമേകാന്‍ യങ് സീനിയേഴ്സിന് സാധിച്ചിട്ടുണ്ട്. പ്രവാസികളായ മക്കളുടെ നാട്ടിലുള്ള മാതാപിതാക്കള്‍ക്ക് വീടുകളിലെത്തി ചികിത്സയും പരിചരണവും ഉറപ്പാക്കുന്ന 'ഹോം കെയര്‍' സേവനങ്ങള്‍, തലമുറകള്‍ തമ്മിലുള്ള വിടവ് നികത്താന്‍ രൂപീകരിച്ച 'യങ് സീനിയേഴ്സ് ബ്രിഗേഡ്', ജറോസയന്സിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരിലെത്തിക്കുന്ന ക്യാമ്പയിനുകള്‍ തുടങ്ങിയവയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍.
Content Highlights: Representatives of 'Young Seniors' met with Chief Minister V D Satheesan