ആസൂത്രണ ബോർഡ് നിയമനവിവാദം: 'മൂല്യനിര്‍ണയത്തിൽ ഗുരുതര ക്രമക്കേട്'; ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്‌ സമർപ്പിച്ചു

മറ്റന്നാള്‍ ചേരുന്ന പിഎസ്‌സി യോഗം വിഷയം ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലേക്ക് നടത്തിയ പിഎസ്‌സി പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ പിഴവ് സംഭവിച്ചതായി കണ്ടെത്തല്‍. ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 10 ചോദ്യങ്ങളുടെ മൂല്യനിര്‍ണയം നടത്താതെ ഫലം പ്രഖ്യാപിച്ചതില്‍ ഗുരുതര ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തല്‍. മറ്റന്നാള്‍ ചേരുന്ന പിഎസ്‌സി യോഗം വിഷയം ചര്‍ച്ച ചെയ്യും. ആസൂത്രണ ബോഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് തസ്തികയ്ക്കുള്ള പൊതുപരീക്ഷയില്‍ 10 ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ വിട്ടിരുന്നു. ഇതില്‍ രണ്ട് തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് രണ്ട് പേര്‍ക്ക് നിയമനവും നൽകിയിരുന്നു. ഇതിന് പിന്നാലെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ ഒരു ഉദ്യോഗാര്‍ത്ഥിയുടെ പരാതി എത്തിയതോടെ പിഎസ്‌സി പിഴവ് സമ്മതിക്കുകയായിരുന്നു.

പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണം ഊർജ്ജിതമാക്കുകയാണ് എസ്ഐടി. പരീക്ഷാ ക്രമക്കേടുകളുടെ പേരില്‍ പിഎസ്‌സി സംശയമുനയിലായതോടെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആസൂത്രണ ബോര്‍ഡ് ചീഫ്, കെഎഎസ് പരീക്ഷകളിലായിരുന്നു ആദ്യം ക്രമക്കേട് ആരോപണം ഉയര്‍ന്നത്.

വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ഐജി അജിത ബീഗത്തിനാണ് അന്വേഷണ ചുമതല നല്‍കിയത്. എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി ജി അജയ് നാഖ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

അജിത ബീഗത്തിന്റെ നേതൃത്വത്തിൽ പിഎസ്‌സി ആസ്ഥാനത്ത് എസ്ഐടി പരിശോധന നടത്തിയിരുന്നു. കമ്പ്യൂട്ടറുകളാണ് പ്രധാനമായും പരിശോധിച്ചത്.

Content Highlights: An error has reportedly been identified in the evaluation process of the PSC examination conducted for recruitment to the Planning Board

To advertise here,contact us