തിരുവനന്തപുരം: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിക്കും പിണറായി വിജയനും കുരുക്കായി ശശിധരന് കര്‍ത്തയുടെ മൊഴി. പിണറായുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയുടെ സ്ഥാപനത്തിന് കരാര്‍ നല്‍കിയതെന്നാണ് ശശിധരന് കര്‍ത്ത മൊഴി നല്‍കിയിരിക്കുന്നത്. 2024 ഏപ്രിലില്‍ വീട്ടില്‍ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കര്‍ത്ത ഇത്തരത്തില്‍ മൊഴി നല്‍കിയത്. വീണ സിഎംആര്‍എല്‍ന് സേവനം നല്‍കിയിട്ടില്ലെന്നും ഇ ഡി അഡ്ജുഡികേറ്റിങ് അതോറിറ്റിക്ക് മുന്‍പാകെ നല്കിയ റിപ്പോര്‍ട്ടിലുണ്ട്. സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായും ഇ ഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2024 ഏപ്രിലിലാണ് സിഎംആര്‍എല്‍ എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസില്‍ ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിന് പിന്നാലെ നടത്തിയ വേഗത്തിലുള്ള നടപടിയുടെ ഭാഗമായാണ് അതേവര്‍ഷം ഏപ്രിലില്‍ ശശിധരന് കര്‍ത്തയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. പല തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാന്‍ തയ്യാറാകാത്തതിനാലായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ കൂടി പരിഗണിച്ച് ഇ ഡി വീട്ടിലെത്തിയത്. ഇവിടെ വെച്ചാണ് സിഎംആര്‍എലിന് വീണയുടെ കമ്പനി യാതൊരു സേവനവും നല്‍കിയിട്ടില്ലെന്ന് എംഡി തന്നെ മൊഴി നല്‍കിയത്. പിന്നാലെ അന്വേഷണം മുന്‍ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് കൂടി നീങ്ങുന്നെന്നാണ് വിവരം. 2016-2021 കാലയളവിലെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എതെങ്കിലും തരത്തിലുള്ള വഴിവിട്ട സഹായം സിഎംആര്‍എല്ലിന് ലഭിച്ചിട്ടുണ്ടോ എന്നതിലാണ് അന്വേഷണം നടക്കുന്നത്.
കേസില്‍ റെയിഡിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കള്‍ മരവിപ്പിച്ചിരുന്നു. ഇതിന്റെ കണ്ടുകെട്ടല്‍ നടപടികള്‍ക്ക് മുന്നോടിയായി ഇഡി നല്കിയ റിപ്പോര്‍ട്ടില്‍ സ്വത്തു വിരങ്ങളുടെ വിശദാംശങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. വീണ ടി യുടെ 16.5 ലക്ഷം രൂപയാണ് മരവിപ്പിച്ചിരിക്കുന്നത്. സ്വന്തം പേരിലും കമ്പനികളുടെ പേരിലും നിക്ഷേപിച്ച പണം മരവിപ്പിച്ചതായാണ് വിവരം. വീണയുടെ മറ്റൊരു കമ്പനിയായ ലേക്കര്‍ ഇന്ത്യയുടെ 15.5 ലക്ഷവും മരവിപ്പിച്ചു. വീണയുടെ ലോക്കറും മരവിപ്പിച്ചവയുടെ കൂട്ടത്തിലുണ്ട്. വീണയുടെ അക്കൗണ്ടില്‍ 1.37 ലക്ഷം രൂപയായിരുന്നു ഉണ്ടായിരുന്നത്. എക്സാലോജിക്കിന്റെ അക്കൗണ്ടില്‍ 27,585 രൂപയും ഉണ്ടായിരുന്നു. കൂടാതെ ശശിധരന് കര്‍ത്തയുടേയും കുടുംബാങ്ങളുടേയും 26 കോടി രൂപയും മരവിപ്പിച്ചു. 12 പ്രതികളുടെയും കൂടി 29 കോടി രൂപയുമാണ് മരവിപ്പിച്ചിരിക്കുന്നത്. അഡ്ജുഡിക്കേറ്റിങ് അതോറിറ്റി പ്രതികളോട് വിശദീകരണം തേടിയതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.
കേസ് വേഗത്തില്‍ കൊണ്ട് പോകാന്‍ ഇഡി ശ്രമം നടത്തിയിരുന്നെങ്കിലും ഹൈക്കോടതി ഇതിന് സ്റ്റേ നല്കുന്ന സാഹചര്യമുണ്ടായിരുന്നു. പിന്നാലെ രണ്ട് വര്‍ഷത്തിന് ശേഷമാണ് നിയമക്കുരുക്ക് മാറി വിശദമായ റെയിഡിലേക്ക് ഇഡി പോകുകയും ചെയ്തിരുന്നത്. തുടര്‍ന്നാണ് 12 പ്രതികളുടെ പണം മരവിപ്പിച്ചത്. സേവനം നല്‍കാതെ 2.78 കോടി രൂപ പ്രതിഭലമായി വീണ ടിക്ക് സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ചു എന്നതായിരുന്നു കേസ്.
Content Highlights: The Enforcement Directorate's investigation into the CMRL-Exalogic financial transactions case has gained momentum following Sasidharan Kartha's statement. According to the ED's report, Veena Vijayan's company did not provide services to CMRL despite receiving payments, while investigators are also examining whether the company received any undue benefits during the first Pinarayi Vijayan government's tenure.