കണ്ണൂര്‍: പി കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമാമെന്ന് മുതിര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജന്. സ്വന്തം ഭര്‍ത്താവിന്റെ പേരുമാറ്റി ഒരു സ്ത്രീയെ അപമാനിക്കുന്ന വിധത്തിലാണ് ജനം ടിവി അടക്കമുള്ളവരുടെ വാര്‍ത്താ നിര്‍മിതി. തിരുത്തിയാലും പൊറുക്കാന്‍ കഴിയാത്ത പ്രവര്‍ത്തിയാണിതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഒരു സ്ത്രീയുടെ സത്രീത്വത്തെ, അന്തസിനെ അപമാനിക്കുന്ന വാര്‍ത്ത കൊടുത്തവര്‍ക്കെതിരെ ഐടി നിയമപ്രകാരം പൊലീസിന് കേസെടുക്കാന്‍ കഴിയും. സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാരാണ് യുഡിഎഫ് സര്‍ക്കാര്‍ എങ്കില്‍ അടിയന്തരമായി കേസെടുക്കണമെന്നും എം വി ജയരാജന് ആവശ്യപ്പെട്ടു. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണെന്നും പ്രത്യേകിച്ച് ഒരു സ്ത്രീയെ അപമാനിക്കും വിധത്തിലാണ് ആ വാര്‍ത്തയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഏതൊരു സ്ത്രീക്കും അന്തസുണ്ട്. അതിനെയാണ് ജനം ടിവിയും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളും ചില പത്രങ്ങളും അപമാനിച്ചത്. പി ആര് കൃഷ്ണന് രണ്ടാം കേരള നിയമസഭയില്‍ എംഎല്‍എ ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്രീമതി പെന്ഷന് വാങ്ങി. എന്നാല്‍ അത് മുന്‍ മന്ത്രി പി കെ ശ്രീമതിയാണെന്ന വ്യാജ വാര്‍ത്ത നല്‍കിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഒരു വ്യക്തിയെ കുറിച്ച് വാര്‍ത്ത നല്കണമെങ്കില്, അവരോട് നിജസ്ഥിതി അറിയാനുള്ള മര്യാദ കാട്ടണം. ആ മര്യാദ കാട്ടിയിരുന്നെങ്കില്‍ ഇ ദാമോദരന്‍ മാസ്റ്ററുടെ ഭാര്യയായ പി കെ ശ്രീമതി ടീച്ചര്‍ പി ആര് കൃഷ്ണന്റെ ഭാര്യയാകുമായിരുന്നില്ലെ'ന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് തന്നെക്കാള്‍ മികച്ച നേതാവാണെന്നും അദ്ദേഹം പാര്‍ട്ടി ജില്ലാ സെക്രട്ടറിയായപ്പോള്‍ നാട്ടിലെ ചില മാധ്യമങ്ങള്‍ വ്യക്തിപരമായി അദ്ദേഹത്തെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ നല്‍കിയെന്നും എം വി ജയരാജന് പ്രതികരിച്ചു. 'പണമില്ലാത്ത കുടുംബത്തിലെ അംഗമായ രാഗേഷ് പഠിക്കാന്‍ വേണ്ടി അധ്വാനിച്ച് പണമുണ്ടാക്കിയാണ് പഠിക്കാന്‍ പോയത്. മികച്ച പാര്‍ലമെന്റേറിയനായി. ശ്രദ്ധിക്കപ്പെട്ട നിരവധി സ്വകാര്യ ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും പ്രമേയങ്ങള്‍ കൊണ്ടുവരികയും ചെയ്തു. ഏറ്റവും മികച്ച ഒരു വ്യക്തിക്കെതിരെ പല വാര്‍ത്തകളും വന്നുവെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. തിരുത്തേണ്ടത് കമ്മ്യൂണിസ്റ്റുകാര്‍ തിരുത്തുക തന്നെ ചെയ്യുമെന്നും' അദ്ദേഹം പറഞ്ഞു.
പയ്യന്നൂരിലെ അക്രമ സംഭവത്തിലും എം വി ജയരാജന് പ്രതികരിച്ചു. 'പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണനും ടി പുരുഷോത്തമന് അടക്കമുള്ളവര്‍ക്ക് യുഡിഎഫ് പൊലീസ് നടപടി തൃപ്തിയല്ലെന്ന് തോന്നുകയും അതിനെതിരെ സമരം നടത്തുകയും ചെയ്യേണ്ടി വരുന്നു. ഏറെ വിവാദമായ സംഭവമായിരുന്നു പത്ത് പതിനഞ്ച് വര്‍ഷം പഴക്കമുള്ള ഒരു ഇരുചക്ര വാഹനം കത്തിച്ച സംഭവം. അവിടുത്തെ എല്‍ഡിഎഫ് സംഭവത്തില്‍ ഉത്തരവാദികളെ കണ്ടെത്തണമെന്ന് നിവേദനം നല്‍കിയിട്ടുണ്ട്. ഇതിന് ആഭ്യന്തരമന്ത്രിയാണ് മറുപടി പറയേണ്ടത്. പൊലീസിന്റെ നടപടി തൃപ്തികരമല്ലെന്ന് യുഡിഎഫ് എംഎല്‍എയ്ക്ക് പറയേണ്ടി വന്നു. ആഭ്യന്തര മന്ത്രിക്ക് പിന്തുണ നല്കിയ പയ്യന്നൂര്‍ എംഎല്‍എക്ക് പൊലീസ് സ്റ്റേഷന്റെ മുന്നില്‍ പ്രതിഷേധിക്കേണ്ടി വന്നത് ദുര്യോഗ'മാണെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍ കണ്ടങ്കാളിയിലെ തന്റെ ചെമ്മീന്‍ ഷെഡ് കത്തിച്ചത് മുന്‍ എംഎല്‍എ ടി ഐ മധുസൂദനനാണെന്നാണ് ടി പുരുഷോത്തമന്റെ ആരോപണം. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ മുന്നില്‍ ടി പുരുഷോത്തമന് നടത്തിയ കുത്തിയിരിപ്പ് സമരത്തിന് വി കുഞ്ഞികൃഷ്ണന് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു.
Content Highlights: M V Jayarajan criticized the alleged fake news circulated against P K Sreemathi Teacher, describing it as baseless and strongly condemning those responsible.