'പെൻഷൻ വാങ്ങിയത് എൻ്റെ അമ്മ പി കെ ശ്രീമതി'; മുൻ MLA പി കെ കൃഷ്ണൻ്റെ മകൻ അജിത്ത്

അമ്മയുടെ മരണത്തിന് ശേഷം പെന്‍ഷന്‍ വാങ്ങുന്നത് നിര്‍ത്തിയെന്നും അജിത്ത് വ്യക്തമാക്കി

തിരുവനന്തപുരം: മുന്‍ എംഎല്‍എയുടെ ഭാര്യയെന്ന പേരിൽ മുതിര്‍ന്ന സിപിഐഎം നേതാവ് പി കെ ശ്രീമതി പെന്‍ഷന്‍ വാങ്ങുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് മുന്‍ എംഎൽഎ പി കെ കൃഷ്ണൻ്റെ മകൻ അജിത്ത്. പെന്‍ഷന്‍ വാങ്ങിയിരുന്നത് തന്റെ അമ്മ പി കെ ശ്രീമതിയാണെന്നാണ് അജിത് വ്യക്തമാക്കിയത്. തന്റെ അമ്മയുടെ പേരിലുള്ള പെന്‍ഷന്‍ പി കെ ശ്രീമതി ടീച്ചര്‍ വാങ്ങിയിട്ടില്ലെന്നും പേരിലുള്ള സാമ്യം ദുരുപയോഗം ചെയ്ത് വ്യാജ പ്രചാരണം നടത്തുകയാണെന്നും മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി ആര്‍ കൃഷ്ണന്റെ മകന്‍ അജിത്ത് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

പെന്‍ഷന്‍ വാങ്ങിയിരുന്നത് തന്റെ അമ്മ പി കെ ശ്രീമതിയാണെന്നും അമ്മയുടെ മരണത്തിന് ശേഷം പെന്‍ഷന്‍ വാങ്ങുന്നത് നിര്‍ത്തിയെന്നും അജിത്ത് വ്യക്തമാക്കി. പി കെ ശ്രീമതി ടീച്ചര്‍ക്ക് ഈ പെന്‍ഷന്‍ വാങ്ങേണ്ട ആവശ്യമില്ല. ടീച്ചര്‍ക്കെതിരെയുള്ള രാഷ്ട്രീയ വിരോധമാകാം ഇത്തരം പ്രചാരണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ടീച്ചറെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും അജിത്ത് പറഞ്ഞു.

തന്റെ അമ്മ മരിക്കുന്നത് വരെ പിതാവിന്റെ പേരിലുള്ള പെൻഷൻ വാങ്ങിയിരുന്നു. അമ്മയുടെ മരണ ശേഷം മരണസർട്ടിഫിക്കറ്റ് അടക്കം ബന്ധപ്പെട്ട് വകുപ്പിന് സമർപ്പിക്കുകയും പെൻഷൻ ലഭിക്കുന്ന നടപടികൾ അവസാനിപ്പിക്കുകയും ചെയ്തുവെന്നും അജിത്ത് വ്യക്തമാക്കി.

അതേസമയം തനിക്കെതിരെ അസംബന്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും നിയമപരമായി നേരിടാനുള്ള നടപടികള്‍ ആരംഭിച്ചെന്നും പി കെ ശ്രീമതി ടീച്ചര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. ജനം ടിവി, ഭാരത് ലൈവ്, കര്‍മ്മ എന്നീ ചാനലുകളാണ് ഇത്തരം വാര്‍ത്ത നല്‍കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. അമ്പത് വര്‍ഷമായി പൊതുരംഗത്ത് താനുണ്ട്. ഒരു വാക്ക് തന്നോട് ചോദിക്കാതെയാണ് ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയത്. വസ്തുത എന്താണെന്ന് ആരും ചോദിച്ചില്ല. തന്റെ ഭര്‍ത്താവിന്റെ പെന്‍ഷന്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും, അത് അധ്യാപകനെന്ന നിലയ്ക്കുള്ള പെന്‍ഷനാണെന്നും അവര്‍ പറഞ്ഞു. ഇന്നുവരെ ഒരു പൈസയുടെ അഴിമതി ആരോപണം ഉന്നയിക്കാന്‍ ഇടകൊടുക്കാത്ത ആളാണ് താന്‍. പൊതുപ്രവര്‍ത്തകയായ തന്നെ അപമാനിക്കുകയായിരുന്നു അവര്‍ ഇതുവഴി ലക്ഷ്യമിട്ടതെന്നും പി കെ ശ്രീമതി പറഞ്ഞിരുന്നു.

തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്നുള്ള മുന്‍ എംഎല്‍എയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി ആര്‍ കൃഷ്ണന്റെ ഭാര്യയുടെ പേരും പി കെ ശ്രീമതിയെന്നായിരുന്നു. ഇവര്‍ 2020 ഫെബ്രുവരി 23ന് മരണപ്പെട്ടിരുന്നു.

Content Highlights: The son of a former MLA stated that the pension was received by his mother, P K Sreemathi. He alleged that the similarity in names is being misused and issued the clarification in response to the controversy surrounding the pension.

To advertise here,contact us