REPORTER LIVATHON: ഫണ്ടെവിടെ സര്‍ക്കാരേ? തദ്ദേശസ്ഥാപനങ്ങളില്‍ ഭരണസ്തംഭനം

സര്‍ക്കാര്‍ ഫണ്ട് മുടങ്ങിയതോടെ തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ, ക്ഷേമ പദ്ധതികളും പ്രതിസന്ധിയിലായി

തിരുവനന്തപുരം: സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് നല്‍കാത്തതിനാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണസ്തംഭനം. 2025ലെ അവസാന ഗഡുവും 2026ലെ ഗഡുക്കളുമാണ് മുടങ്ങിയത്. തദ്ദേശ സ്ഥാപനങ്ങള്‍ നിയമിച്ച താത്ക്കാലിക ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് നാല് മാസമായി. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളും കിടപ്പുരോഗികളെ പരിചരിക്കുന്ന ആശ്വാസകിരണം പദ്ധതിയും പ്രതിസന്ധിയിലാണ്. ഭിന്നശേഷി സ്‌കോളര്‍ഷിപ്പും നല്‍കാനായിട്ടില്ല.

'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിട്ടുകിട്ടിയിട്ടുള്ള ഒട്ടനവധി ഹോസ്പിറ്റലുകള്‍, സ്‌കൂളുകള്‍, തനത് പദ്ധതികള്‍ എല്ലാം മുടങ്ങി. പ്രാദേശിക സര്‍ക്കാരുകള്‍ നിഷ്‌ക്രിയമായി. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ സ്റ്റൈപന്റ് മുടങ്ങി. ഡയാലിസിസ് പോലും മുടങ്ങിപ്പോകുന്ന സാഹചര്യമുണ്ടായി. തനത് ഫണ്ട് ഉപയോഗിക്കേണ്ട സാഹചര്യമാണ്. മെഡിസിന്‍ വിതരണം മുടങ്ങി', തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി പ്രശാന്തിനി റിപ്പോര്‍ട്ടറോട് പറഞ്ഞു.

സര്‍ക്കാര്‍ ഫണ്ട് മുടങ്ങിയതോടെ തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ, ക്ഷേമ പദ്ധതികളും പ്രതിസന്ധിയിലായി. പദ്ധതി ക്രമീകരിക്കേണ്ട സോഫ്റ്റ് വെയര്‍ സര്‍ക്കാര്‍ പൂര്‍ണമായും തുറന്ന് നല്‍കിയിട്ടില്ല. ഈ മാസം 31 നകം പദ്ധതികള്‍ സമര്‍പ്പിക്കണമെന്നായിരുന്നു തദ്ദേശ വകുപ്പിന്റെ ഉത്തരവ്. പദ്ധതി സമര്‍പ്പിച്ചാലേ ജില്ലാതല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കൂ. ഇതിനോടകം തന്നെ സാമ്പത്തിക വര്‍ഷത്തിലെ നാലുമാസം നഷ്ടമായെന്നും ആക്ഷേപമുണ്ട്.

അതേസമയം തദ്ദേശീയ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷത്തെ അവസാനത്തെ ഗഡു നല്‍കാതിരുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നത് കൊണ്ടാണെന്ന് മുന്‍ തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടിയെങ്കിലും ലഭിച്ചില്ല. യുഡിഎഫ് സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടിന്റെ ആദ്യ ഗഡു പോലും ഇതുവരെ നല്‍കിയിട്ടില്ലെന്നും എംബി രാജേഷ് കൂട്ടിച്ചേർത്തു.

Content Highlights: Local self-government institutions are facing administrative difficulties as government plan funds have reportedly not been released

To advertise here,contact us