വാരാന്തപ്പതിപ്പ് പുറത്തിറങ്ങാതിരുന്നത് 'കള്ളൻ വിജയൻ' ഫീച്ചർ കാരണമെന്ന് സ്വരാജ്; ഉചിതമായ ഇടപെടലെന്ന് CPIM

'ഒന്നാം പേരില്‍ വിഎസ് അച്യുതാനന്ദന്റെ ലേഖനവും അവസാനപേജില്‍ കള്ളന്‍ വിജയന്‍ എന്ന തലക്കെട്ടില്‍ ലേഖനവും വരുന്നത് അനാവശ്യചര്‍ച്ചകള്‍ക്ക് ഇടയാക്കും'

തിരുവനന്തപുരം: ദേശാഭിമാനിയിലെ 'കള്ളന്‍ വിജയന്‍' ഫീച്ചര്‍ വിവാദത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ മലക്കം മറിഞ്ഞ് റെസിഡന്റ് എഡിറ്റര്‍ എം സ്വരാജ്. 'കള്ളന്‍ വിജയന്‍' ഫീച്ചര്‍ കാരണമാണ് ദേശാഭിമാനി വാരാന്തപ്പതിപ്പ് ഞായറാഴ്ച പുറത്തിറങ്ങാതിരുന്നതെന്ന് എം സ്വരാജ് യോഗത്തില്‍ വ്യക്തമാക്കി.

ഒന്നാം പേജില്‍ വിഎസ് അച്യുതാനന്ദന്റെ ലേഖനവും അവസാനപേജില്‍ കള്ളന്‍ വിജയന്‍ എന്ന തലക്കെട്ടില്‍ ലേഖനവും വരുന്നത് അനാവശ്യചര്‍ച്ചകള്‍ക്ക് ഇടയാക്കും. ലേഖനം പിന്‍വലിക്കാന്‍ തയ്യാറാകാതെ വന്നതോടെ ചുമതലയില്‍ നിന്നും ആര്‍ അജയനെ മാറ്റിയെന്നും സ്വരാജ് യോഗത്തില്‍ അറിയിച്ചു. തുടര്‍ന്ന് ഉചിതമായ ഇടപെടലാണ് മാനേജ്‌മെന്റ് നടത്തിയതെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് വിലയിരുത്തി.

കള്ളന്‍ വിജയന്‍' ലേഖന വിവാദത്തില്‍ നടപടിയെടുത്തിട്ടില്ലെന്നായിരുന്നു സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കെ ആര്‍ അജയനെതിരെ നടപടി സ്വീകരിച്ചുവെന്ന് നിങ്ങളോട് ആരാണ് പറഞ്ഞതെന്നും അക്കാര്യം ദേശാഭിമാനിയോ അജയനോ ആണ് പറയേണ്ടതെന്നുമായിരുന്നു പ്രതികരണം. വിഎസിന്റെ ചരമദിനത്തിന് മുമ്പായി ഇറങ്ങുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ വി എസ് അനുസ്മരണം തന്നെയായിരിക്കണം മുഖ്യവിഷയം എന്ന് തീരുമാനിച്ചിരുന്നു. ആദ്യത്തേയും അവസാനത്തേയും പേജില്‍ വി എസ് തന്നെയായിരിക്കണം എന്ന് എഡിറ്റോറിയല്‍ തീരുമാനിച്ചു. വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാന്‍ ഒരുദിവസം വൈകിയത് സാങ്കേതിക തടസ്സം മൂലമാണെന്നും എം സ്വരാജ് ആവര്‍ത്തിച്ചിരുന്നു.

Content Highlights: M. Swaraj reportedly changed his stand during the CPIM State Secretariat meeting on the controversy surrounding Deshabhimani's 'Kallan Vijayan' feature.

To advertise here,contact us