തൃശ്ശൂർ: നടന് ടൊവിനോ തോമസിന്റെ വീടിനുമുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം. സിജെപി സമരത്തെ അനുകൂലിച്ചുള്ള ടൊവിനോയുടെ പ്രതികരണത്തിന് പിന്നാലെയാണ് നടന്റെ ഇരിങ്ങാലിക്കുടയിലെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വായ് മൂടിക്കെട്ടി പ്രതിഷേധം നടത്തിയത്.
ജന്തർ മന്തറില്‍ സിജെപി പ്രതിഷേധത്തിന് നേരെ നടന്ന ആക്രണത്തിന് പിന്നാലെയാണ് പിന്തുണയുമായി ടൊവിനോ രംഗത്തെത്തിയത്. രാജ്യത്തിന്റെ ഭാവി തന്നെയാണ് ഇവിടെ ചവിട്ടിത്താഴ്ത്തപ്പെടുന്നതെന്നായിരുന്നു ടൊവിനോയുടെ പ്രതികരണം. 'ശരിയും തെറ്റും ആപേക്ഷികമായിരിക്കാം. പക്ഷെ സമാധാനപരമായ ഒരു സമരത്തെ നേരിടേണ്ട രീതി എന്തായാലും ഇതല്ല. ഒരു രാജ്യത്തിന്റെ ഭാവി തലമുറ സംസാരിക്കുമ്പോള്‍ അതിനെ അടിച്ചമര്‍ത്തുന്ന പക്ഷം രാജ്യത്തിന്റെ ഭാവി തന്നെയാണ് ചവിട്ടി താഴ്ത്തപ്പെടുന്നത്. ജനാധിപത്യത്തിലുളള വിശ്വാസമാണ് ചോര്‍ന്നുപോകുന്നത്. ഈ വിദ്യാര്‍ത്ഥികള്‍ എന്ത് തെറ്റാണ് ചെയ്തത്? അവര്‍ പൊതുമുതല്‍ നശിപ്പിച്ചോ? അക്രമത്തിലേക്ക് തിരിഞ്ഞോ? ഇങ്ങനെ ആക്രമിക്കാന്‍ അവര്‍ എന്ത് തെറ്റാണ് ചെയ്തത്? നമ്മുടെ രാജ്യത്തിന്റെ ഏത് ഭാഗത്തും ഒരു കാര്യത്തിന് വേണ്ടി സമാധാനപൂര്‍വം പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും ഞാന്‍ പൂര്‍ണഹൃദയത്തോടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. വിയോജിപ്പിനുളള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ല. അത് യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ അടിത്തറ തന്നെയാണ്. ഇനി, എന്റെ ദേശീയതയെ ചോദ്യംചെയ്യാന്‍ വരുന്നവരോടാണ്, നിങ്ങളേക്കാള്‍ നന്നായി എനിക്ക് എന്നെ അറിയാം. മനുഷ്യത്വമാണ് എന്റെ രാഷ്ട്രീയം. സമാധാനത്തിലാണ് എന്റെ വിശ്വാസം. ജയ് ഹിന്ദ്', എന്നായിരുന്നു ടൊവിനോ തോമസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
അതേസമയം രാജ്യതലസ്ഥാനത്ത് യുവാക്കളുടെ പ്രതിഷേധം ശക്തമാകുകയാണ്. നിരവധി പേരാണ് പിന്തുണയുമായി തലസ്ഥാനത്തെത്തുന്നത്. സമരം ചെയ്ത വിദ്യാര്‍ത്ഥികളെ തെരുവില്‍ മര്‍ദ്ദിച്ചതിനെതിരെയും രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ളവരെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് കെഎസ്യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മുഴുവന്‍ ക്യംപസുകളിലും പ്രധാനമന്ത്രിയുടെ കോലം കത്തിച്ചും ക്ലാസുകള്‍ ബഹിഷ്കരിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച് എഐഎസ്എഫും നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Content Highlight: Yuva Morcha protests in front of Tovino Thomas's house