'വഖഫ് ഹർജികൾ സുപ്രീംകോടതി തള്ളിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധം'; വിമർശിച്ച് പി രാജീവ്

സതീശന്‍ ബിജെപിയുടെ വക്താവായി സംസാരിക്കുകയാണെന്നും പി രാജീവ്

തിരുവനന്തപുരം: വഖഫ് നിയമം ചോദ്യം ചെയ്ത ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി സിപിഐഎം നേതാവ് പി രാജീവ്. മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും പി രാജീവ് ചൂണ്ടിക്കാട്ടി. വഖഫ് ഹര്‍ജികള്‍ കോടതി തള്ളിയെന്ന പ്രസ്താവന കള്ളമാണെന്നും സതീശന്‍ ബിജെപിയുടെ വക്താവായി സംസാരിക്കുകയാണെന്നും പി രാജീവ് പറഞ്ഞു. ഇപ്പോള്‍ അദ്ദേഹം വീണിടത്ത് കിടന്ന് ഉരുളുകയാണ്. ടാറ്റയുടെ വിഷയത്തിലും മുഖ്യമന്ത്രി വസ്തുതാ വിരുദ്ധമായി സംസാരിച്ചു. ടാറ്റയുമായുള്ള കരാര്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്ളതാണെന്നും പി രാജീവ് പറഞ്ഞു.

'മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം വസ്തുതാ വിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണ്. മുഖ്യമന്ത്രി നുണ പറയുന്നു. മുഖ്യമന്ത്രിയാണെന്ന ഓര്‍മ സതീശന് വേണം. വിഷയത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞത് പൊതുനിലപാടാണ്, അത് വര്‍ഗീയതയായി ചിത്രീകരിച്ചു', പി രാജീവ് പറഞ്ഞു.

മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ വഖഫ് ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയെന്ന പ്രസ്താവന നടത്തുന്നത്. വഖഫ് ഹര്‍ജികള്‍ ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയത്. വഖഫ് ഹര്‍ജികളില്‍ സുപ്രീംകോടതി ഇതുവരെയും അന്തിമ തീരുമാനമെടുത്തിട്ടില്ല. മറിച്ച് ഇടക്കാല ഉത്തരവ് മാത്രമാണ് പുറപ്പെടുവിച്ചത്.

Content Highlights: P Rajeev criticised the Chief Minister, alleging that the statement claiming the Supreme Court dismissed the Waqf petitions is factually incorrect.

To advertise here,contact us