തിരുവനന്തപുരം: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് കുഞ്ഞിന്റെ കുടുംബം. കേസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും എന്നാൽ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിന് പുറമേ ആരതി അന്തര്‍ജനം, ആശാ നിര്‍മ്മൽ എന്നീ ഡോക്ടര്‍മാരെയും കേസില്‍ പ്രതി ചേര്‍ക്കണമെന്നും കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. സര്‍ക്കാരിലും പൊലീസിലും പൂര്‍ണ വിശ്വാസമുണ്ടെന്നും കുടുംബം പറഞ്ഞു. കേസില്‍ പ്രത്യേക അന്വേഷണസംഘം വേണമെന്നും ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. ഇനി ഒരു കുട്ടിക്കും ഇത്തരത്തില്‍ അവസ്ഥ ഉണ്ടാകരുതെന്നും കുടുംബം പറഞ്ഞു.
നേരത്തേ കുഞ്ഞിൻ്റെ മരണത്തിൽ പിതാവ് സൂരജ് റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചിരുന്നു. കുഞ്ഞിനെ കൊന്നുകളഞ്ഞിട്ടും ആശുപത്രി ന്യായീകരിക്കുകയാണെന്നാണ് പിതാവ് പറഞ്ഞത്. അനസ്തേഷ്യ അധികമായെന്ന് ഡോക്ടര്‍ പറഞ്ഞതാണ്. ഇപ്പോള്‍ താന്‍ ഒപ്പിട്ട് നല്‍കിയെന്നാണ് ആശുപത്രി പറയുന്നത്. അനസ്തേഷ്യ അധികം നല്കി തന്റെ മോനേ കൊല്ലാനാണോ ഒപ്പിട്ട് നല്‍കിയതെന്ന് പിതാവ് ചോദിച്ചു. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജൂലൈ അഞ്ചാം തീയതി വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ വീണായിരുന്നു ഒന്നര വയസുകാരന് ദേവാന്‍ഷ് ശൗര്യക്ക് പരിക്കേറ്റത്. തുടര്‍ന്ന് കുഞ്ഞിനെ മാതമംഗലത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്കിയ ശേഷമാണ് കുഞ്ഞിനെ പയ്യന്നൂരിലെ ബേബി മമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന് ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. തുടര്‍ന്ന് അനസ്തേഷ്യ നല്കി. ഇതിന് പിന്നാലെ കുഞ്ഞ് ബോധരഹിതനായി. ഇതോടെ കുഞ്ഞിനെ കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ജൂലൈ പത്താംതീയതിയായിരുന്നു കുഞ്ഞ് മരിച്ചത്.
Content Highlights: The father of the toddler who died in Payyanur has urged the Home Minister to expedite the investigation into the incident. He sought a thorough probe to ensure that all aspects of the case are examined.